
ഗീതാദര്‍ശനം - 198
Posted on: 08 Apr 2009
ധ്യാനയോഗം
സര്‍വഭൂതസ്ഥിതം യോ മാം
ഭജത്യേകത്വമാസ്ഥിതഃ
സര്‍വഥാ വര്‍ത്തമാനോശപി
സ യോഗീ മയി വര്‍ത്തതേ
ആരാണോ സര്‍വചരാചരങ്ങളിലുമിരിക്കുന്ന എന്നെ (താനുമായി) ഏകസ്വരൂപത്തില്‍ സ്ഥിതി ചെയ്യുന്നതായി (നിശ്ചയിച്ച്) ഭജിക്കുന്നത് അങ്ങനെയുള്ള യോഗി എവ്വിധം കഴിയുന്നവനായാലും (എപ്പോഴും) എന്നില്‍ വസിക്കുന്നു.
എവിടെ ഇരുന്നാലും ഏത് ജോലി എങ്ങനെ ചെയ്തുകൊണ്ടിരുന്നാലും നിത്യാനന്ദാവസ്ഥയില്‍ കഴിയാം. വേണ്ടാതീനം കാണിച്ചാലോ എന്ന സംശയം വേണ്ട. സ്വരൂപസ്പര്ശം അനുഭവിച്ച ആള്‍ക്ക് അത് സാധ്യമേ അല്ല. കാരണം, അയാളുടെ അന്തഃകരണം പരമാത്മാവുതന്നെ ആയിരിക്കും. എല്ലാ ചരാചരങ്ങളിലും പരമാത്മാവിനെ കാണുന്നതിനാല്‍ സര്‍വഭൂതഹിതത്തിനായി അനവരതം യത്‌നനിക്കാനാണ് പ്രേരണയാവുക.
പക്ഷേ, പരമാത്മജ്ഞാനം അനുഭവമായി മാറിയ ആള്‍ക്കേ ഈ പ്രസ്താവം ബാധകമാവൂ. ഈശ്വരനെ അറിഞ്ഞ് ഭജിക്കുന്നവര്‍ക്കു മാത്രം. ഭജിക്കണമെങ്കില്‍ അര്‍പ്പണം തികയണം. ഭാവപരമായ ഏകാഗ്രത ഇല്ലാതെ ഇതു നടക്കില്ല. അതായത്, പ്രേമപരിപൂരിതമാകണം മനസ്സ്. ആ പ്രേമം വിശ്വവ്യാപിയാകുമ്പോള്‍ മഹാപ്രപഞ്ചം മുഴുക്കെ തന്റെ ശരീരവും ചരാചരങ്ങളെല്ലാം 'സ്വന്തം' അവയവങ്ങളുമായി മാറുന്നു.
(തുടരും)





