githadharsanam

ഗീതാദര്‍ശനം - 197

Posted on: 07 Apr 2009

സി. രാധാകൃഷ്ണന്‍



യോ മാം പശ്യതി സര്‍വത്ര
സര്‍വം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി
സ ച മേ ന പ്രണശ്യതി

ആരാണോ സര്‍വചരാചരങ്ങളിലും എന്നെ ദര്‍ശിക്കുന്നത്, സര്‍വചരാചരങ്ങളെയും എന്നിലും ദര്‍ശിക്കുന്നത്, അവന് ഞാന്‍ (ഒരിക്കലും) ഇല്ലാതാകുന്നില്ല. അവന്‍ എനിക്കും (ഒരിക്കലും) ഇല്ലാതാകുന്നില്ല.
ഈശാവാസ്യമിദം സര്‍വം എന്നും തിരിച്ചും അറിവായാല്‍ എത്തേണ്ടിടത്തെത്തി, അതായത്, ഈശ്വരന്‍തന്നെ ആയിത്തീര്‍ന്നു. അനശ്വരത ആര്‍ജിച്ചു കഴിഞ്ഞു. സ്വരൂപാവബോധത്തില്‍നിന്ന് സ്വയം നാടുകടത്തിയ അഹംബുദ്ധി അവിടെ തിരികെ എത്തിയാല്‍ ഇത്രയുമായി. ഇതില്‍ അതിശയകരമായോ മന്ത്രതന്ത്രപരമായോ ഒന്നുമില്ല. ഇഴഞ്ഞുനീന്തുന്ന കുട്ടി എഴുന്നേറ്റുനില്ക്കാനും നടക്കാനുമുള്ള കഴിവ് നേടുന്നത്ര സ്വാഭാവികവും സരളവുമാണ് കാര്യം.
ഇത്രയുമെത്തുമ്പോള്‍ ഒരു ചോദ്യം: പിന്നെ ജീവിതം എങ്ങനെ ഇരിക്കും?
(തുടരും)



MathrubhumiMatrimonial