ചിത്രശലഭങ്ങള്‍ ഹൈവേ മുറിച്ചുകടക്കുന്നു; ദയവായി വേഗം കുറയ്ക്കൂ

Posted on: 06 Apr 2009

-സ്വന്തം ലേഖകന്‍



സ്‌കൂള്‍കുട്ടികള്‍ റോഡിന് കുറുകെ ചാടാന്‍ സാധ്യതയുണ്ട് ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ് ബോര്‍ഡ് നമുക്ക് സുപരിചിതമാണ്. വനമേഖലകളില്‍ ഹോണ്‍ മുഴക്കരുത് എന്ന മുന്നറിയിപ്പും സാധാരണമാണ്. പക്ഷേ, 'ചിത്രശലഭങ്ങള്‍ ഹൈവെ മുറിച്ചുകടക്കുന്നു, വാഹനത്തിന്റെ വേഗം കുറയ്ക്കൂ' എന്നൊരു മുന്നറിയിപ്പായാലോ!

ഏതെങ്കിലും പരിസ്ഥിതിഭ്രാന്തന്‍മാരുടെ ഏര്‍പ്പാടായിരിക്കും അതെന്ന് കരുതി തള്ളാന്‍ വരട്ടെ. മധ്യതയ്‌വാനിലെ ലിനേയ് ടൗണ്‍ഷിപ്പില്‍ നാഷണല്‍ എക്‌സ്​പ്രസ്സ്‌വേ ബ്യൂറോയാണ് ഹൈവെയില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ച് ചിത്രശലഭങ്ങളുടെ രക്ഷ ഉറപ്പാക്കിയത്. ബോര്‍ഡുകള്‍ സ്ഥാപിക്കുക മാത്രമല്ല, ആ ടൗണ്‍ഷിപ്പിലെ ഹൈവെയുടെ ഒരു ഭാഗത്തുകൂടി വാഹനങ്ങള്‍ രണ്ടാഴ്ചക്കാലം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തിലേ ഓടിക്കാവൂ എന്നും അധികൃതര്‍ ഉത്തരവിട്ടു.

വടക്കന്‍ തയ്‌വാനിലേക്ക് ദേശാടനം നടത്തുന്ന ആയിരക്കണക്കിന് 'മില്‍ക്ക്‌വീഡ് ചിത്രശലഭങ്ങളി'ല്‍ വലിയൊരു ഭാഗത്തിന്റെ സഞ്ചാരപഥത്തിലാണ് ഹൈവെ സ്ഥിതിചെയ്യുന്നത് എന്നകാര്യം കണക്കിലെടുത്താണ് ഇത്തരമൊരു നിയന്ത്രണം. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ ആറ് വരെ, രാവിലെ ഒന്‍പത് മുതല്‍ പകല്‍ 12 വരെയുള്ള സമയത്താണ് ഏറ്റവുമധികം ചിത്രശലഭങ്ങള്‍ ഇതുവഴി പറക്കുക. അതുകൊണ്ടാണ് ചിത്രശലഭങ്ങളുടെ രക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതല്‍ നടപടി കൈക്കൊണ്ടത്.

വാഹനങ്ങളുടെ വേഗം കുറച്ചാല്‍ ശലഭങ്ങള്‍ രക്ഷപ്പെടുമെന്ന് മാത്രമല്ല, എത്ര മനോഹരമാണ് അവയെന്ന് വാഹനത്തിലുള്ളവര്‍ക്ക് കണ്ട് ആസ്വദിക്കാനും കഴിയുമെന്ന് എക്‌സ്​പ്രസ്സ്‌വേ ബ്യൂറോയുടെ മധ്യമേഖലാ മേധാവി ഹുസ്യു ചെങ്-ചാങ് പറയുന്നു. വാഹനങ്ങളുടെ വേഗം കുറയ്ക്കുക മാത്രമല്ല, ഹൈവെയുടെ വശത്ത് വലകള്‍ കെട്ടി ചിത്രശലഭങ്ങളെ കുറെക്കൂടി ഉയരത്തില്‍ പറക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചീറിപ്പായുന്ന വാഹനങ്ങളില്‍ ചെന്നിടിച്ച് ശലഭങ്ങള്‍ ചത്തുവീഴുന്നത് ഒഴിവാക്കാന്‍ ഇതും സഹായിക്കുന്നു.

ഈ പ്രദേശത്തുകൂടിയുള്ള ശലഭങ്ങളുടെ ദേശാടനം സുരക്ഷിതമാക്കാന്‍ ഏതാനും വര്‍ഷങ്ങളായി അധികൃതരും പരിസ്ഥിതി പ്രവര്‍ത്തകരും ഒട്ടേറെ നടപടികള്‍ എടുത്തിട്ടുണ്ട്. 2007 ഏപ്രില്‍ 4, 5, 6 തിയതികളില്‍ ഹൈവെയുടെ കുറച്ച് ദൂരം അടച്ചിടുക പോലും ചെയ്തു. ഇത്തവണ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ വിപുലമാക്കി. നാഷണല്‍ ഫ്രീവേ നമ്പര്‍-മൂന്നിന്റെ ഒരു ഭാഗത്ത് 660 മീറ്റര്‍ നീളത്തിലും നാലുമീറ്റര്‍ പൊക്കത്തിലുമാണ് വല കെട്ടിയിട്ടുള്ളത്. മാത്രമല്ല, ആ സ്ഥലത്ത് മരങ്ങള്‍ വളര്‍ത്തി, ചിത്രശലഭങ്ങളെ മുകളിലൂടെ പറത്താനും ശ്രമം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഇതിനകം 853 മരങ്ങള്‍ നട്ടുകഴിഞ്ഞു.

തെക്കന്‍ തയ്‌വാനിലെ 'പര്‍പ്പിള്‍ ബട്ടര്‍ഫ്‌ളൈ വാലി'യെന്നറിയപ്പെടുന്ന പ്രദേശത്താണ് ശൈത്യകാലത്ത് മില്‍ക്ക്‌വീഡ് ചിത്രശലഭങ്ങള്‍ തമ്പടിക്കുന്നത്. നവംബര്‍ തുടക്കത്തില്‍ ലക്ഷക്കണക്കിന ശലഭങ്ങള്‍ അവിടെ ഉണ്ടാകുമെന്നാണ് കണക്ക്. മാര്‍ച്ച് അവസാനവും ഏപ്രിലിലുമായി ഇവ വടക്കന്‍ഭാഗത്തേക്ക് ദേശാടനം നടത്തുന്നു.(മെക്‌സിക്കോയിലെ മൊണാര്‍ക്ക് ശലഭങ്ങളുടെ വാര്‍ഷിക ദേശാടനമാണ് ഇതിന് സമാനമായുള്ള മറ്റൊരു പ്രതിഭാസം).

300 കിലോമീറ്റര്‍ വരുന്ന അവയുടെ സഞ്ചാരപഥത്തില്‍ ലിനേയ് ടൗണ്‍ഷിപ്പിലെ 600 മീറ്റര്‍ ഹൈവെഭാഗവും ഉള്‍പ്പെടുന്നു. ഫ്‌ളൈഓവര്‍ മാതിരി ഉയര്‍ന്നു നില്‍ക്കുന്ന ആ ഭാഗത്തുകൂടി 2005 ഏപ്രില്‍ മൂന്നിന് മിനിറ്റില്‍ ശരാശരി 11,500 ശലഭങ്ങള്‍ കടന്നുപോയതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. ഹൈവെ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ശലഭങ്ങള്‍ വാഹനങ്ങളില്‍ തട്ടിയും മറ്റും നശിക്കാറുണ്ട്.

2003-ല്‍ ഹൈവെ നിര്‍മിച്ചവര്‍ ഇത്തരമൊരു പ്രശ്‌നത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല. പരിസ്ഥിതി വിദഗ്ധര്‍ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോഴാണ്, രക്ഷാനടപടികള്‍ ആരംഭിച്ചത്. തയ്‌വാന്‍ മേഖലയിലെ ഭക്ഷ്യശൃംഗലയില്‍ സുപ്രധാന സ്ഥാനമാണ് പര്‍പ്പിള്‍നിറമുള്ള മില്‍ക്ക്‌വീഡ് ശലഭങ്ങള്‍ക്കുള്ളതെന്ന് ഐ-ഷോവു സര്‍വകലാശാലയിലെ പ്രൊഫ. സ്വീഹു ചെങ് വര്‍ഷങ്ങള്‍ക്കുമുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. ചെറിയ ജീവികളാണെങ്കിലും ജീവലോകത്ത് അവ വലിയ പങ്കാണ് വഹിക്കുന്നതെന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ നടപടികള്‍ക്ക് പിന്‍ബലമേകിയത്.



MathrubhumiMatrimonial