ഉരള്‍ക്കുഴിയും വറ്റി; ശബരിമലയില്‍ കടുത്ത ചൂട്‌

Posted on: 05 Apr 2009

-സ്വന്തം ലേഖകന്‍



ശബരിമല: വേനല്‍മഴ അകന്നതോടെ ഓരോദിവസവും താപനില ഏറുകയാണ് ശബരിമലയില്‍. അയ്യപ്പന്‍മാര്‍ തീര്‍ത്ഥസ്‌നാനത്തിന് ഉപയോഗിച്ചിരുന്ന ഉരള്‍ക്കുഴിയും കുമ്പളാംതോടും വറ്റിവരണ്ടു.

മാര്‍ച്ച് 29ന് ശേഷം ശബരിമലയില്‍ മഴ പെയ്തിട്ടില്ല. അന്ന് 12 മി.മീറ്റര്‍ മഴ ലഭിച്ചെങ്കിലും ചൂടിന് കുറവുണ്ടായിരുന്നില്ല. പിന്നീടുള്ള ഓരോ ദിവസവും താപനില കുതിച്ചുയരുകയായിരുന്നു. 30ന് 32 ഡിഗ്രി സെല്‍ഷ്യസും, 31ന് 34 ഡിഗ്രിസെല്‍ഷ്യസ്, ഏപ്രില്‍ ഒന്നിന് 36, രണ്ടിന് 35, മൂന്നിന് 34, നാലിന് 36 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ താപനില ഏറി. കുറഞ്ഞ താപനില ശരാശരി 24 ഡിഗ്രിയാണ്.

കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് സന്നിധാനത്തും പരിസരത്തും നല്ല മഴ ലഭിച്ചിരുന്നു. താപനിലയിലും കുറവായിരുന്നു. 2008 ഏപ്രില്‍ നാലിന് 17 മില്ലിമീറ്റര്‍ മഴപെയ്തു. മൂന്നിന് 5 മില്ലിമീറ്ററും ഒന്നിന് 39 മില്ലിമീറ്ററും മഴകിട്ടി. 2007-ലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സാമാന്യം നന്നായി മഴപെയ്തിരുന്നു. കാനനമധ്യേ കെട്ടിടങ്ങളും മലിനീകരണവും ഏറുന്നതോടെ പരിസ്ഥിതി തകിടംമറിയുകയാണ്.

സന്നിധാനത്ത് പാണ്ടിത്താവളത്തില്‍നിന്ന് 350 മീറ്റര്‍ അകലെയുള്ള കുമ്പളാംതോട് ജനവരി അവസാനത്തോടെ പൂര്‍ണമായും വറ്റി. കാനനച്ചോല വരണ്ടതോടെ ഉരള്‍ക്കുഴിയെന്ന പ്രസിദ്ധമായ നീരൊഴുക്കില്‍ കുളിക്കാനെത്തുന്ന ഭക്തര്‍ക്ക് നിരാശരായി മടങ്ങേണ്ടി വരുന്നു. പത്തുമീറ്ററിലേറെ ഉയരമുള്ള പാറയില്‍നിന്നാണ് ഉരള്‍ക്കുഴിയിലേക്ക് വെള്ളം വീണിരുന്നത്. മൂന്നടിയോളം ആഴമുള്ള കുഴിയും ഇവിടെയുണ്ട്.

നീരൊഴുക്ക് നിലച്ചതോടെ ഉരള്‍ക്കുഴിയും പരിസരവും മലീമസമായി. ഉപേക്ഷിക്കപ്പെട്ട ഭക്ഷണാവശിഷ്ടവും പഴയ വസ്ത്രങ്ങളും പ്ലാസ്റ്റിക്കും മൂലം ഇവിടം ഈച്ചകളുടെ കേന്ദ്രമായിരിക്കുകയാണ്. പാറക്കെട്ടുകളില്‍ ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നു. വനത്തിനുള്ളില്‍നിന്ന് ഉത്ഭവിക്കുന്ന കുമ്പളാംതോട് മുമ്പ് ജലസമൃദ്ധമായിരുന്നു.

സന്നിധാനത്ത് കൃഷ്ണശില പാകിയ തിരുമുറ്റത്ത് പകല്‍ സമയം നില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. കാല്‍ ചുട്ടുപൊള്ളുന്നതിനാല്‍ പ്രദക്ഷിണവഴിയില്‍ കയറ്റുപായ വിരിച്ചാണ് താന്ത്രിക ചടങ്ങുകള്‍ നടത്തുന്നത്.

മലിനീകരണം നേരിട്ടറിയാന്‍ സി.സി.എഫിന്റെ സന്ദര്‍ശനം

ശബരിമല: കാനനപാതകളില്‍ മലിനീകരണം രൂക്ഷമാണെന്നും ഭക്തര്‍ ഉപക്ഷേിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിന്ന് മൃഗങ്ങള്‍ ചാകുന്നുണ്ടെന്നും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍സ്‌ലൈഫ്) കെ.പി.ഔസേപ്പ് പറഞ്ഞു.

ശബരിമല പാതയിലെ മലിനീകരണത്തിന്റെ തോത് നേരിട്ടറിയാന്‍ സന്നിധാനത്ത് എത്തിയതായിരുന്നു സി.സി.എഫ്. ഉപ്പുപാറ-പുല്‍മേട് വഴി സന്നിധാനത്ത് എത്തിയശേഷം അപ്പാച്ചിമേട്, പമ്പവഴി മടങ്ങി.

ആനപോലെ വലിയ മൃഗങ്ങള്‍ ചാകുന്നതുമാത്രമാണ് പുറത്തറിയുന്നത്. ചെറിയ മൃഗങ്ങള്‍ ചാകുന്നത് പലപ്പോഴും കണ്ടെത്താനാകുന്നില്ല. കഴിഞ്ഞവര്‍ഷം പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ അഴുതക്കളത്തില്‍ എരണ്ടകെട്ടുകാരണം ഒരാന ചരിഞ്ഞു. ഇത്തരത്തില്‍ ഇതുവരെ എട്ടാനകള്‍ ചരിഞ്ഞിട്ടുണ്ട്.

ദേവസ്വത്തിനു വിട്ടുകൊടുത്ത ഭൂമിയിലെ മാലിന്യങ്ങള്‍ നീക്കാതിട്ടിരിക്കുന്നതില്‍ സി.സി.എഫ്. അസന്തുഷ്ടി പ്രകടിപ്പിച്ചു. വനം വകുപ്പിന്റെ അധീനതയിലുള്ള ഭാഗത്തും വനത്തിനുള്ളിലേക്കും ഭക്തര്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നീക്കുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ വനം വകുപ്പിന്റെ എക്കോ ഡവലപ്‌മെന്റ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍.സുരേഷും വനം ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.





MathrubhumiMatrimonial