
ഗീതാദര്‍ശനം - 195
Posted on: 04 Apr 2009
സി. രാധാകൃഷ്ണന്‍
ധ്യാനയോഗം
യുഞ്ജന്നേവം സദാത്മാനം
യോഗീ വിഗതകല്മഷഃ
സുഖേന ബ്രഹ്മസംസ്പര്‍ശം
അത്യന്തം സുഖമശ്‌നുതേ
ഇങ്ങനെ നിരന്തരം (തന്റെ ആത്മസ്വരൂപത്തോട്) തന്നെത്തന്നെ യോജിപ്പിക്കാന്‍ പ്രയത്‌നനിച്ച് പാപമുക്തനായ യോഗി ബ്രഹ്മസംസ്പര്‍ശം എന്ന ആത്യന്തികസുഖത്തെ അനായാസം പ്രാപിക്കുന്നു.
മുന്‍ ശ്ലോകത്തില്‍ പറഞ്ഞ സത്യംതന്നെ ഇവിടെ സാധകന്റെ അനുഭവമെന്ന നിലയില്‍ അവതരിപ്പിക്കുന്നു. ബ്രഹ്മസംസ്പര്‍ശം എന്നതും സ്പര്‍ശം തന്നെയാണ്. തന്നിലെ ഉണ്മയില്‍നിന്ന് അന്യമായതിനെ സ്പര്‍ശിച്ചാണ് ലൗകികസുഖങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ ഈ സ്പര്ശവിഷയം തന്നിലെ ഉണ്മ തന്നെ എന്ന അന്തരമേ ഉള്ളൂ. ക്ലേശിച്ചാണ് ലൗകികസുഖങ്ങള്‍ നേടുന്നത്. പക്ഷേ, ഈ സംസ്പര്ശസുഖം ലഭിക്കുന്നത് അനായാസമാണ്. ഒരു കലാകാരനോ ശാസ്ത്രജ്ഞനോ ഒരു പുതിയ ദര്‍ശനം കിട്ടുന്നപോലെ ഒരു വെളിപാടുതന്നെ ഇതും. ഒരു ചീള് വെളിച്ചവും സ്ഥിരമായ വെളിച്ചവും തമ്മിലുള്ള അന്തരമുണ്ടെന്നേ ഉള്ളൂ. ഈ അനുഭവം ശാശ്വതഭാവമായിത്തീരുന്നു.
(തുടരും)





