ഭൗമ മണിക്കൂര്‍: കേരളം ലാഭിച്ചത് 200 മെഗാവാട്ട് വൈദ്യുതി

Posted on: 29 Mar 2009


പാലക്കാട്: ആഗോളതാപനം ചെറുക്കുന്നതിന്റെ ഭാഗമായി വൈദ്യുതി സ്വയംഅണച്ച് ജനങ്ങള്‍ പങ്കാളികളായപ്പോള്‍ 'ഭൂമിക്കായി ഒരു മണിക്കൂര്‍' പരിപാടിയിലൂടെ കേരളത്തില്‍ ലാഭിച്ചത് 200 മെഗാവാട്ടോളം വൈദ്യുതി.

ശനിയാഴ്ചരാത്രി 8.30 മുതല്‍ 9.30 വരെയുള്ള സമയമാണ് ലോകത്തൊട്ടാകെയുള്ള ജനങ്ങള്‍ വൈദ്യുതിലാഭിക്കാന്‍ വിനിയോഗിച്ചത്. കേരള ഗ്രിഡ്ഡില്‍ ഈസമയം മാത്രം വൈദ്യുതി ഉപയോഗത്തില്‍ 200 മെഗാവാട്ടിനടുത്ത് കുറവുവന്നതായി കളമശ്ശേരിയിലെ കെ.എസ്.ഇ.ബി.യുടെ ലോഡ് ഡെസ്​പാച്ച് സെന്റര്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച ഇതേസമയത്ത് ഉപയോഗിച്ചതിനേക്കാള്‍ 518 മെഗാവാട്ടാണ് വൈദ്യുതി കുറഞ്ഞിരിക്കുന്നത്. ലോഡ്‌ഷെഡ്ഡിങ്ങിന്റെ 300 മെഗാവാട്ട് കുറച്ചാല്‍ 218 മെഗാവാട്ട് വരെ ലാഭിക്കാന്‍ സാധിച്ചതായാണ് അധികൃതരുടെ നിഗമനം. കൃത്യമായ കണക്ക് അടുത്തദിവസം മാത്രമേ ലഭിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

ആഗോളതാപനത്തില്‍നിന്ന് ഭൂമിയെ സംരക്ഷിക്കാനുള്ള യജ്ഞത്തില്‍ പരിസ്ഥിതി സംഘടനകളും റസിഡന്‍ഷ്യല്‍ കോളനികളും സാധാരണ ജനങ്ങളും സജീവമായി പങ്കെടുത്തു.



MathrubhumiMatrimonial