githadharsanam

ഗീതാദര്‍ശനം - 191

Posted on: 01 Apr 2009

സി. രാധാകൃഷ്ണന്‍



സങ്കല്പപ്രഭവാന്‍ കാമാന്‍
ത്യക്ത്വാ സര്‍വാനശേഷതഃ
മനസൈവേന്ദ്രിയഗ്രാമം
വിനിയമ്യ സമന്തതഃ

സങ്കല്പത്തില്‍ നിന്നുണ്ടാകുന്ന എല്ലാ ആര്‍ത്തികളെയും നിശ്ശേഷം കളഞ്ഞിട്ട് മനസ്സുകൊണ്ടുതന്നെ ഇന്ദ്രിയങ്ങളെയെല്ലാം സകല വിഷയങ്ങളില്‍ നിന്നും ഒതുക്കി നിര്‍ത്തിയിട്ട് (യോഗം പരിശീലിക്കണം).
യോഗ പരിശീലനത്തിനുള്ള ഉപാധികള്‍ മനസ്സും ബുദ്ധിയുമാണ്. (മനോനില ശരിയാകാനുതകുന്ന സ്ഥിതിയില്‍ ശരീരത്തെ നിലനിര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ പരിശീലനത്തില്‍ ശരീരത്തിന് പ്രാധാന്യമില്ല). ഈ ശ്ലോകത്തില്‍ മനസ്സുകൊണ്ട് എന്ത് ചെയ്യണമെന്ന് പറയുന്നു. വേണ്ടത് രണ്ടേ രണ്ടുകാര്യം: കിനാവുകളില്‍ നിന്നുയിര്‍ക്കുന്ന ആര്‍ത്തികളെല്ലാം ഉപേക്ഷിക്കണം, വിഷയങ്ങളില്‍ വ്യാപരിക്കുന്ന ഇന്ദ്രിയഗ്രാമത്തെ നിയന്ത്രിക്കണം.
അകത്തുനിന്നും പുറത്തുനിന്നുമുള്ള ഉപാധികളുടെ സ്വരൂപമായാണ് മനസ്സ് നിലനില്‍ക്കുന്നത്. മുന്നനുഭവങ്ങളുടെ വിത്തുകള്‍ മുളച്ച് സങ്കല്പങ്ങളുണ്ടായി ആര്‍ത്തികളായി വളരുന്നു. ഇത് സ്വയംഭൂവായ ഉപാധി. ഇന്ദ്രിയസുഖങ്ങള്‍ വാസ്തവത്തില്‍ തുച്ഛങ്ങളാണെങ്കിലും അവയെപ്പറ്റിയുള്ള കൊതിപ്പിക്കുന്ന സങ്കല്പങ്ങളാണ് പലപ്പോഴും സാധകനെ വഴിതെറ്റിക്കുന്നത്. ഇന്ദ്രിയങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ബാഹ്യവിഷയസംഗം മൂലം കൊണ്ടുവരുന്ന ഉപാധികള്‍ വേറെ. ഇത് രണ്ടിന്റെയും സങ്കലനമാണ് സാധാരണയായി മനസ്സ് (ഇന്ദ്രിയാനുഭവം ഉളവാകാന്‍ ഇന്ദ്രിയം ഉണ്ടായിക്കൊള്ളണമെന്നുതന്നെ ഇല്ല. കാലില്ലാത്ത ആള്‍ക്കും ആ കാലില്‍ ആരോ തടവുന്ന സുഖമോ മുള്ളു തറച്ച വേദനയോ ചൊറിച്ചിലോ ഒക്കെ അനുഭവിക്കാന്‍ കഴിയും. ഈ മായാനുഭൂതി പോലും ഉപാധികളുടെ കൂട്ടത്തില്‍പ്പെടുന്നു.) എന്നാല്‍ മനസ്സിന്റെ തനിമ എവ്വിധമാണ്? അത് പരമാത്മചൈതന്യത്തിന്റെ നാളമാണ്. ആ നാളത്തിന്റെ അസ്സല്‍ ഭാവമാണ് വീണ്ടെടുക്കപ്പെടേണ്ടത്. അല്പാല്പമായി ശീലിച്ചാല്‍ ഇത് ആര്‍ക്കും സാധിക്കും. സാധിക്കുന്തോറും ശാന്തിയും കൂടുതല്‍ സാധിക്കാനുള്ള ഉന്മേഷവും ഉളവാകുകയും ചെയ്യും. ഒരു ചെലവും കൂടാതെ ആര്‍ക്കും പരീക്ഷിക്കാവുന്നതേ ഉള്ളൂ.
(തുടരും)



MathrubhumiMatrimonial