
ഗീതാദര്‍ശനം - 189
Posted on: 30 Mar 2009
ധ്യാനയോഗം
യഥാ ദീപോ നിവാതസ്ഥഃ
നേങ്‌തേ സോപമാ സ്മൃതാ
യോഗിനോ യതചിത്തസ്യ
യുഞ്ജതോ യോഗമാത്മനഃ
കാറ്റില്ലാത്തിടത്ത് സ്ഥിതി ചെയ്യുന്ന ദീപം (നാളം) എവ്വിധം അചഞ്ചലമായിരിക്കുന്നുവോ ആ ഉപമയാണ്ആത്മധ്യാനം അഭ്യസിക്കുന്ന മനോനിയന്ത്രണമുള്ള യോഗിയെ സംബന്ധിച്ച് (യോഗജ്ഞന്മാരാല്‍) ഓര്‍മിപ്പിക്കപ്പെടുന്നത്.
രാസമാറ്റത്തിന് വിധേയമാകുന്ന വ്യത്യസ്ത തന്മാത്രകളുടെ നൈരന്തര്യമാണ് ദീപനാളം എന്നപോലെ നിരന്തരം രൂപാന്തരപ്പെടുന്ന ചിന്തകളുടെ പ്രവാഹത്തിന്റെ അനുസ്യൂതിയാണ് മനസ്സ്. എണ്ണയില്‍ കലര്‍പ്പുണ്ടായാല്‍ നാളം പൊട്ടിച്ചീറ്റും. പുറത്തുനിന്ന് കാറ്റടിച്ചാല്‍ ആടിയുലയും. അകത്തുനിന്നും പുറത്തുനിന്നും വരുന്ന കാര്യങ്ങളാല്‍ മനസ്സും ആടിയുലയുന്നു. കാറ്റുവരാതിരിക്കയേ നാളം ചാഞ്ചാടാതിരിക്കാന്‍ വഴിയുള്ളൂ. അപ്പോഴേ അത് ശരിയായി പ്രകാശിക്കുകയുമുള്ളൂ. അറിവ് എന്ന പ്രകാശം വളരുന്തോറും ആര്‍ത്തികളുടെ കാറ്റടങ്ങും. ആ കാറ്റടങ്ങുന്തോറും പ്രകാശത്തിന് മാറ്റുകൂടും. ഈ വളര്‍ച്ച മുഴുവനാകുമ്പോള്‍ നാളം തീരെ ഇളകാതാകും. അറിവ് തികയുകയും വിളക്ക് പൂര്‍ണമായ വെളിച്ചമാവുകയും ചെയ്യും.
വ്യാസമഹാകവിയുടെ മനോഹരമായ ഈ ഉപമ നിരുപമംതന്നെ.
(തുടരും)





