
ഗീതാദര്‍ശനം - 188
Posted on: 28 Mar 2009
സി. രാധാകൃഷ്ണന്‍
ധ്യാനയോഗം
യദാ വിനിയതം ചിത്തം
ആത്മന്യേവാവതിഷ്ഠതേ
നിസ്പൃഹഃ സര്‍വകാമേഭ്യ
യുക്ത ഇത്യുച്യതേ തദാ
നിയന്ത്രിതമായ മനസ്സ് എപ്പോള്‍ ആത്മാവില്‍ത്തന്നെ സ്ഥിരമായി നില്‍ക്കുന്നുവോ അപ്പോള്‍ എല്ലാ ഇന്ദ്രിയവിഷയങ്ങളിലും ആര്‍ത്തി അറ്റ സാധകനെ യുക്തന്‍ എന്നു പറയുന്നു.
ഇനിയുള്ള അഞ്ച് ശ്ലോകങ്ങളും യോഗസാധനയുടെ ഫലശ്രുതി നല്‍കുന്നു. പരീക്ഷ ജയിച്ച ആളെ എങ്ങനെ തിരിച്ചറിയാമെന്ന് ആദ്യമേ പറയുന്നു. മുന്നനുഭവങ്ങളില്‍ നിന്ന് ഊറിക്കൂടുന്ന സുഖാസുഖസ്മരണകളില്‍ അലയാതെ അല അടങ്ങിയ മനസ്സുണ്ടാകും. ആ മനസ്സ് ആത്മാവബോധത്തില്‍ ഉറച്ചു നില്‍ക്കും. വാസനകളില്‍ നിന്ന് മുളയ്ക്കുന്ന സങ്കല്പക്കളകളെ ആര്‍ത്തികളായി വളരാന്‍ വിടാതെ, അവ മുളയ്ക്കുന്ന മുറയ്ക്ക്, നിശ്ശേഷം നീക്കാന്‍ ശീലിച്ചിരിക്കും. ഇങ്ങനെ സര്‍വതന്ത്രസ്വതന്ത്രനായിട്ട് ആത്മസ്വരൂപത്തോട് സദാ ചേര്‍ന്നുനില്‍ക്കും. ഇത്രയും സാധിച്ചാല്‍ യോഗബിരുദധാരിയായി.
(മലയാളത്തിലുള്ള അര്‍ഥമല്ല കാമത്തിന് ഇവിടെ. എല്ലാ ആര്‍ത്തികളും അതില്‍ ഉള്‍പ്പെടുന്നു. തീറ്റപ്പണ്ടങ്ങള്‍ക്കുള്ള ആര്‍ത്തി മുതല്‍ സ്വര്‍ഗത്തില്‍ പോകാനുള്ള ആര്‍ത്തിവരെ കാമമാണ്.)
താത്പര്യങ്ങളും ആര്‍ത്തികളും തമ്മിലുള്ള അന്തരം ശ്രദ്ധേയമാണ്. താത്പര്യങ്ങളെയല്ല അവയ്ക്ക് പിന്‍പെ വരുന്ന ആര്‍ത്തികളെയാണ് വര്‍ജിക്കേണ്ടത്. സ്വധര്‍മാനുഷ്ഠാനത്തിനുള്ള ത്വരയും ആഗ്രഹമാണല്ലോ. താത്പര്യങ്ങളെ മൊത്തമായി ഉപേക്ഷിച്ചാല്‍ അകര്‍മണ്യത അഥവാ നിഷ്‌ക്രിയത്വം സംഭവിക്കും. പ്രകൃതിസഹജമായ ആഗ്രഹങ്ങളല്ല, ആളുന്ന ആര്‍ത്തിയും കര്‍മഫലത്തിലുള്ള അധികാരഭാവവുമാണ് കുഴപ്പമുണ്ടാക്കുന്നത്. 'സ്വധര്‍മത്തിന് വിരുദ്ധമല്ലാത്ത കാമവും ഞാന്‍ (പരമാത്മസ്വരൂപം) തന്നെ' എന്ന് വഴിയെ പ്രസ്താവിക്കുന്നുണ്ട്. മാനസികാവസ്ഥയാണ് പരമപ്രധാനം.
(തുടരും)





