githadharsanam

ഗീതാദര്‍ശനം - 187

Posted on: 27 Mar 2009

സി. രാധാകൃഷ്ണന്‍



ധ്യാനയോഗം


യുക്താഹാരവിഹാരസ്യ
യുക്തചേഷ്ടസ്യ കര്‍മസു
യുക്തസ്വപ്നാവബോധസ്യ
യോഗോ ഭവതി ദുഃഖഹാ

അനുയോജ്യമായ ആഹാരം മിതമായി കഴിക്കയും ഉചിതങ്ങളായ വിനോദങ്ങളില്‍ മിതമായി ഏര്‍പ്പെടുകയും കര്‍മങ്ങളില്‍ ഉചിതമായ അളവില്‍ മാത്രം ശക്തി ചെലവഴിക്കയും മിതമായി മാത്രം ഉറങ്ങുകയും ഉണര്‍ന്നിരിക്കയും ചെയ്യുന്നവന് യോഗാഭ്യാസം ദുഃഖനാശകമായി ഭവിക്കുന്നു.
വിഹാരമെന്നതിന് വിനോദം, വ്യായാമം, കലാസ്വാദനം എന്നെല്ലാമാണ് സാധാരണമായഅര്‍ഥം. മനസ്സിനുള്ള ആഹാരം കൂടിയാണ് വിഹാരം. പ്രസാദാത്മകത പുലര്‍ത്താന്‍ അത് ആവശ്യമാണ്. കുട്ടികളുടെ കൂടെ കുട്ടിയായി കളിക്കാനും യോഗിക്കു കഴിയും. കഴിയണം.
പ്രവൃത്തികള്‍ എങ്ങനെ യുക്തങ്ങളാക്കാമെന്ന് നേരത്തെ പറഞ്ഞുകഴിഞ്ഞു.
സ്വപ്നം, അവബോധം എന്നീ വാക്കുകള്‍ക്ക് ഇവിടെ കുറച്ചധികം അര്‍ഥവ്യാപ്തി ഉണ്ട്. കാണുന്നത് യാഥാര്‍ഥ്യമാണെന്ന് തെറ്റായി ധരിക്കുന്ന അവസ്ഥയാണ് സ്വപ്നാവസ്ഥ. ഒന്നും അറിയാത്ത അവസ്ഥയാണ് സുഷുപ്തി (സ്വപ്നം പോലുമില്ലാത്ത ഉറക്കം). ഐഹിക ജീവിതത്തെ ഉദാഹരിക്കാന്‍ ഈ രണ്ടു അവസ്ഥകളെയും ഉപനിഷത്തുകളില്‍ ഉപയോഗിക്കുന്നു. ഒന്ന്, തെറ്റായ ബോധം, മറ്റേത് അബോധം. അവബോധം എന്നാല്‍ ശരിയായ ഉണ്മയെക്കുറിച്ചുള്ള ബോധം. ബോധമില്ലാതെ ഉറങ്ങുന്നതും സ്വപ്നം കാണുന്നതും ശരിയായ അവബോധം നേടുന്നതും എല്ലാം ഒരുപോലെ ആവശ്യമാണെന്നത്രെ ഗീതാമതം. ജീവിതത്തെ മുഴുവലിപ്പത്തില്‍ സ്വീകരിക്കുക എന്നുതന്നെ ഇതില്‍ അന്തര്‍ലീനമായ ചിരി. ഇനി മേലില്‍ ഞാന്‍ ഒരിക്കലും മരമുട്ടിപോലെ ബോധമറ്റ് ഉറങ്ങില്ലെന്നോ ഒരു സ്വപ്നവും കാണില്ലെന്നോ ഒരു യോഗിക്കും നിശ്ചയിക്കാന്‍ പറ്റില്ല.
യോഗം ദുഃഖനാശകമാണ്. ആത്മസ്വരൂപജ്ഞാനം സാധിപ്പിച്ചുതരുന്നതിലൂടെ ദുഃഖവുമായുള്ള എല്ലാ വേഴ്ചകളെയും യോഗം ഹനിക്കുന്നു. ഈ ലോകത്തില്‍ എല്ലാവരും അന്വേഷിക്കുന്നത് ദുഃഖനിവാരണമാണ്. ഇതാ ഒറ്റമൂലി എന്ന് വ്യാസര്‍ പുഞ്ചിരിക്കുന്നു.

(തുടരും)



MathrubhumiMatrimonial