
ഗീതാദര്‍ശനം - 186
Posted on: 27 Mar 2009
സി. രാധാകൃഷ്ണന്‍
ധ്യാനയോഗം
നാത്യശ്‌നതസ്തു യോഗോ/സ്തി
ന ചൈകാന്തമനശ്‌നതഃ
ന ചാതിസ്വപ്നശീലസ്യ
ജാഗ്രതോ നൈവ ചാര്‍ജുന
അല്ലയോ അര്‍ജുനാ, ഏറെ ഉണ്ണുന്നവന് യോഗം കൈവരിക്കാനാവില്ല. അതുപോലെ, പട്ടിണി കിടക്കുന്നവനും അധികം ഉറങ്ങുന്നവനും ഒട്ടും ഉറങ്ങാത്തവനും യോഗം സാധിക്കില്ല.
സാധകന്‍ എന്ത് കഴിക്കണം, എത്ര ഉറങ്ങണം? (മനസ്സിനിണങ്ങിയ ഗുരുവിനോട് ശിഷ്യന് ചോദിക്കാനുള്ള എല്ലാ സംശയങ്ങളും ഉന്നയിക്കപ്പെടുന്നു. മനുഷ്യന്റെ പരമാനന്ദത്തിന് വിലങ്ങായ ഉള്‍വൈരികളോട് പോരിനുള്ള തേരാണ് പാര്‍ഥസാരഥി തെളിക്കുന്നത്. ആ പോരില്‍ ജയിക്കാന്‍ സഹായിക്കുന്ന എല്ലാ ഘടകങ്ങളെയും വിശദമാക്കുന്നു -പോരാളി എത്ര ഭക്ഷിക്കണം, എത്ര ഉറങ്ങണം എന്നു തുടങ്ങിയ പ്രാഥമികകാര്യങ്ങള്‍ വരെ.)
ഇവിടെ ഉണ്ണുക എന്ന പ്രയോഗം വ്യാപകമായ പ്രാതിനിധ്യസ്വഭാവം ഉള്ളതാണ്. എല്ലാ ഇന്ദ്രിയാനുഭൂതികളെയുമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. തീറ്റയെ മാത്രമല്ല. ഒരനുഭൂതിയുടെ കാര്യത്തിലും ആര്‍ത്തിയോടെയോ നിഷേധപരമായോ ഉള്ള കടുംപിടിത്തം ആശാസ്യമല്ല. അതുപോലെ ഉറങ്ങുക എന്നതുകൊണ്ട് ശരീരത്തിനാവശ്യമായ വിശ്രമം നല്കുക എന്നും കര്‍മങ്ങളില്‍ നിന്ന് മാറിനില്ക്കുക എന്നും ഒരേസമയം അര്‍ഥമുണ്ട്. ശരിയായ അളവില്‍, രീതിയില്‍, രണ്ടും ആകാമെന്നേ പറയുന്നുള്ളൂ. ('നിന്നു കുളിക്കരുത്, ഇരുന്നുണ്ണരുത്, കിടന്നുറങ്ങരുത്' എന്ന് ഒരു നാട്ടുചൊല്ലുണ്ടല്ലോ. അത്രയേ ഉള്ളൂ ചുരുക്കത്തില്‍ കാര്യം.)
(ശ്രദ്ധിക്കുക: ആഹാരവസ്തു എന്തായിരിക്കണമെന്നു പറയുന്നില്ല. എത്രനേരം എപ്പോഴെല്ലാം കഴിക്കണമെന്നും പറയുന്നില്ല. ശരീരത്തെ വിഷമിപ്പിക്കുന്ന വ്രതങ്ങളും ആചാരങ്ങളും നിര്‍ബന്ധബുദ്ധിയും ഉപേക്ഷിക്കുക എന്നര്‍ഥം.)
നിരവധി ബലങ്ങളുടെയും ധാതുക്കളുടെയും സമഞ്ജസമായ ചേരുവയാണ് ശരീരം. ഇവയുടെ ഏകോപനമാണ് അതിന്റെ സുസ്ഥിതിക്ക് നിദാനം. കൊള്ളുന്നതിന്റെയോ കൊടുക്കുന്നതിന്റെയോ തോത് പിഴച്ചാല്‍ താളം തെറ്റും. താളം തെറ്റിയാല്‍ അപശ്രുതിയായി. അതോടെ വാദ്യോപകരണം 'കച്ചേരി'ക്കു പുറത്തായി. ചേരലിന്റെ (യോഗത്തിന്റെ) നേരേ വിപരീതഗതി.
(തുടരും)





