githadharsanam

ഗീതാദര്‍ശനം - 185

Posted on: 26 Mar 2009


ധ്യാനയോഗം


യുഞ്ജന്നേവം സദാത്മാനം
യോഗീ നിയതമാനസഃ
ശാന്തിം നിര്‍വാണപരമാം
മത്‌സംസ്ഥാമധിഗച്ഛതി

മനസ്സടക്കം ശീലിച്ച യോഗി എപ്പോഴും ഇങ്ങനെ (പരംപൊരുളിനോട്) ചേര്‍ത്തുനിര്‍ത്തി എന്നില്‍ സ്ഥിതി ചെയ്യുന്ന നിരതിശയസുഖം യാതൊന്നോ ആ ശാന്തിയെ പ്രാപിക്കുന്നു.
സദാ എന്ന പദംകൊണ്ട് സ്വധര്‍മത്തില്‍നിന്ന് 'രാപകല്‍ധ്യാന'ത്തിലേക്കുള്ള ഒഴിച്ചുപോക്കല്ല അര്‍ഥമാക്കുന്നത്. ഓരോ ധ്യാനാനുഭവത്തിലും ലഭിക്കുന്ന 'പുരോഗതി' സ്ഥിരസ്വത്തായി സദാ സൂക്ഷിക്കണമെന്നാണ്. ധ്യാനം കൊണ്ട് രണ്ടടി മുന്നോട്ടും ജീവിതംകൊണ്ട് നാലടി പുറകോട്ടുമാകരുത് ഗതി. 'ധ്യാനംകൊണ്ട് ആത്മാവെ ആത്മാവില്‍ കണ്ടുകണ്ട് ആനന്ദചിത്ത'നായാലും സര്‍വഭൂതങ്ങളുടെയും ഹിതത്തിനായി പ്രയത്‌നനിച്ചുകൊണ്ടേ വാഴണം.
അകത്തേക്കാണ് ധ്യാനത്തിലൂടെ യാത്ര. 'അത് നീയാകുന്നു' എന്ന് ഗുരൂപദേശം. തുടര്‍ന്ന് 'ഞാന്‍ ബ്രഹ്മമാകുന്നു', 'എന്നിലെ ആത്മാവാകുന്നു ബ്രഹ്മം' എന്നിങ്ങനെ അനുഭവിച്ചറിഞ്ഞ് അവസാനം 'ഈ അറിവുതന്നെയാകുന്നു അതെ'ന്ന പരിസമാപ്തിയിലെത്തുന്നു. അവിടെ എത്തുവോളം ഇതൊക്കെ അറിവുകളും വേറെവേറെയാണ്. എത്തിച്ചേരാനുള്ളത് 'മറ്റൊ'ന്നിലേക്കാണ്. ആത്യന്തികഘട്ടത്തില്‍, അതെനിക്ക് അന്യമല്ല എന്ന തിരിച്ചറിവിലൂടെ 'അറിയുന്ന ഞാനും' ഇല്ലാതാകുന്നു. ആ അവസ്ഥയെ ഒരു ഭാഷകൊണ്ടും വിവരിക്കാനാവില്ല. അതിനാലാണ്, അതിലേക്കു നയിക്കുന്ന പരമശാന്തിയിലോളം ചെന്ന് ഗീത വഴികാട്ടല്‍ അവസാനിപ്പിക്കുന്നത്.
ആവശ്യമായ എല്ലാ മുന്‍കരുതലുകളെപ്പറ്റിയും പറയാതെ ഒരു തിയറിയും പൂര്‍ണമാകുന്നില്ലല്ലോ. അടുത്ത ഏതാനും പദ്യങ്ങളില്‍ ധ്യാനയോഗ വഴിയിലെ പിഴകളും കുഴികളും ചൂണ്ടിക്കാട്ടി മുന്നറിയിപ്പുകള്‍ നല്കുന്നു.

(തുടരും)



MathrubhumiMatrimonial