
ഗീതാദര്‍ശനം - 184
Posted on: 25 Mar 2009
സി. രാധാകൃഷ്ണന്‍
സമം കായശിരോഗ്രീവം
ധാരയന്നചലം സ്ഥിരഃ
സംപ്രേക്ഷ്യ നാസികാഗ്രം സ്വം
ദിശശ്ചാനവലോകയന്‍
പ്രശാന്താത്മാ വിഗതഭീഃ
ബ്രഹ്മചാരിവ്രതേ സ്ഥിതഃ
മനഃ സംയമ്യ മച്ചിത്തോ
യുക്ത ആസീത മത്പരഃ
ഉടലും കഴുത്തും ശിരസ്സും നേരെ നിര്‍ത്തി ഇളകാതെ ഇരുന്ന്, നാലുപാടുമുള്ള ഒന്നും കാണാതെ നോട്ടം മൂക്കിന്‍തുമ്പത്ത് (എന്നപോലേ) ഉറപ്പിച്ച്, ഭയങ്ങളകന്ന് പ്രശാന്തമായ മനസ്സോടെ ബ്രഹ്മചാരിവ്രതത്തില്‍ സ്ഥിതി ചെയ്ത് മനസ്സിനെ ഒതുക്കി എന്നില്‍ത്തന്നെ ഉറപ്പിച്ച് എന്നില്‍ത്തന്നെ പരമമായ താത്പര്യത്തോടെ യോഗയുക്തനായി ഇരിക്കണം.
ശരീരം ഇളകിയാല്‍ മനസ്സുമിളകും. ഉടല്‍, കഴുത്ത്, ശിരസ്സ് എന്നീ അവയവങ്ങള്‍ നെട്ടനെ നിര്‍ത്തിയാലും ഇവയ്ക്ക് (മൊത്തമായി) ഇളക്കം വരാം. അതിനാല്‍ 'അചലം' എന്നു പറഞ്ഞിരിക്കുന്നു. ഇരിപ്പ് സുഖമുള്ളതല്ലെങ്കില്‍ കുറച്ചിട കഴിയുമ്പോള്‍ ഒന്ന് ഇളകിയിരിക്കണമെന്ന് തോന്നും. വളഞ്ഞുതൂങ്ങിയാണ് ഇരിപ്പെങ്കില്‍ ചോരയോട്ടവും ശ്വാസഗതിയും അലങ്കോലപ്പെട്ട് അസ്വസ്ഥതകള്‍ ഉളവാകാം. തളരുമ്പോഴാണ് ശരീരവും മനസ്സും വളഞ്ഞുപോകുന്നത്. തളരാന്‍ പാടില്ല.
ബ്രഹ്മചര്യത്തിന് വളരെ വിശാലമായ അര്‍ഥമാണ് ഗീത നല്കുന്നത്. കുളിച്ചേ കാപ്പി കുടിക്കൂ, സ്ത്രീകളെ കാണില്ല എന്നു തുടങ്ങിയ ചര്യകളൊന്നുമല്ല അതിന്റെ കാതല്‍. യജ്ഞഭാവനയില്‍ നിലനില്ക്കുന്ന ആരും ഏതവസ്ഥയിലും എന്തുതന്നെ ചെയ്യുമ്പോഴുംബ്രഹ്മചാരിയാണ്. ധ്യാനിക്കുമ്പോഴും ഈ നിഷ്ഠയില്‍ ആയിരിക്കണം.
അനുസ്മരണമാണ് ചിത്തത്തിന്റെ ലക്ഷണം. എന്നുവെച്ചാല്‍ മനസ്സ് എപ്പോഴും മേയുന്നത് ഓര്‍മ എന്ന കെട്ടുകുറ്റിയെ ചുറ്റിപ്പറ്റിയാണ്. പരമാത്മാവിനെ ആ കെട്ടുകുറ്റിയായി സ്ഥാപിക്കുന്നതിനെയാണ് 'മത്ചിത്തഃ' എന്നു പറഞ്ഞിരിക്കുന്നത്. ആ തരത്തിലുള്ള നിരന്തരമായ അനുസ്മരണംകൊണ്ട് ആത്മസ്വരൂപത്തിലും ആ സ്വരൂപം ഉളവാക്കുന്ന ആനന്ദത്തിലും മനസ്സ് മുഴുകിയ സ്ഥിതിയാണ് 'മത്പരഃ' എന്നത്. ഈ പരിശ്രമത്തിന്റെ പരിസമാപ്തിയെപ്പറ്റി പറയുകയാണ് ഇനി.
(തുടരും)





