githadharsanam

ഗീതാദര്‍ശനം - 183

Posted on: 24 Mar 2009

സി. രാധാകൃഷ്ണന്‍



ധ്യാനയോഗം


തത്രൈകാഗ്രം മനഃ കൃത്വാ
യതചിത്തേന്ദ്രിയക്രിയഃ
ഉപവിശ്യാസനേ യുഞ്ജ്യാത്
യോഗമാത്മവിശുദ്ധയേ

ആ ഇരിപ്പിലിരുന്ന് മനസ്സിനെ ഏകാഗ്രമാക്കിയിട്ട് ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും വ്യാപാരങ്ങളെ അടക്കി തന്റെ ആത്മാവിന്റെ ശുദ്ധീകരണത്തിനായി പരമാത്മാവിനോടുള്ള യോജിപ്പ് ശീലിക്കേണ്ടതാണ്.
ഇരിപ്പ് ശരിപ്പെട്ടാല്‍ പിന്നെ മനസ്സിനെയും ബുദ്ധിയെയും എങ്ങനെ ഉപയോഗിക്കണം? ചിത്തത്തെ ഏകാഗ്രമാക്കാനാണ് നിര്‍ദേശം. അത് എങ്ങനെ സാധിക്കാം എന്ന ചോദ്യം ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. കരുണാമയരായ ഗുരുനാഥര്‍ എപ്പോഴും ശിഷ്യരുടെ വിഷമങ്ങള്‍ സ്വയം അറിയുന്നു. എന്തു നേടണം എന്നതിനൊപ്പം എങ്ങനെ അത് നേടാം എന്നുകൂടി പറയുകയും ചെയ്യുന്നു.
ഏകാഗ്രമായ ആത്മാവിനെ പരമാത്മാവിനോട് ചേര്‍ത്തു നിര്‍ത്താന്‍ ശീലിക്കലാണ് യോഗം. ഇത് ശീലിച്ചാല്‍ എന്താണ് കിട്ടാനുള്ളത്? ആത്മവിശുദ്ധി തന്നെ. അതു കിട്ടിയാലോ? അതില്‍ പരമാത്മാവ് പ്രതിഫലിക്കും. അങ്ങനെ നിത്യാനന്ദസ്വരൂപമായ പരമാത്മാവിനെ കണ്ടുകിട്ടും. ക്രമേണ അതില്‍ ലയിക്കാന്‍ സാധിക്കും. അകത്തുള്ള കണ്ണാടി നന്നായി തുടയ്ക്കുന്നതിനു തുല്യമാണ് യോഗവിദ്യ എന്നര്‍ഥം.
(തുടരും)



MathrubhumiMatrimonial