
ഭൂമിക്കായി ഒരു മണിക്കൂര്‍; മാര്‍ച്ച് 28 ന്
Posted on: 23 Mar 2009
ഭൂമിയെ തണുപ്പിക്കണം, ചൂട് കുറയ്ക്കണം. അല്ലെങ്കില്‍ ഭീതിജനകമായ ഭാവിയാണ് നമ്മെ വേട്ടയാടുക. അതിനായി ഭൂമുഖത്തെ വിളക്കുകള്‍ ഒരുമണിക്കൂര്‍ കണ്ണടയ്ക്കും; മാര്‍ച്ച് 28-ന്. പാരീസും ന്യൂയോര്‍ക്കും റോമും ദുബായും കേപ് ടൗണും സിഡ്‌നിയുമടക്കം ലോകത്തെ വന്‍നഗരങ്ങള്‍ ഇരുളിലാഴും. ഭാവിക്ക് പ്രകാശമുണ്ടാകാനായി അല്‍പ്പനേരം ഇരുട്ട്. പ്രാദേശിക സമയം വൈകുന്നേരം 8.30 നാണ് വിളക്കുകള്‍ അണയുക. എല്ലാ ഊര്‍ജോപയോഗവും ഒരു മണിക്കൂര്‍ നിര്‍ത്തിവെയ്ക്കുന്നതിലൂടെ ഭൂമിക്ക് വേണ്ടിയുള്ള വോട്ടെടുപ്പാണ് നടക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.'ഭൗമ മണിക്കൂര്‍ 2009' എന്ന് പേരിട്ടിട്ടുള്ള ഈ ആഗോള കാമ്പയിനില്‍ ചേരാന്‍ 81 രാഷ്ട്രങ്ങളിലെ 1858 നഗരങ്ങളും പട്ടണങ്ങളും തയ്യാറായിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള മനുഷ്യകുലത്തിന്റെ ഇച്ഛാശക്തി ഉയര്‍ത്തക്കാട്ടാനുള്ള ശ്രമമാണിത്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍(ഡബ്ല്യു. ഡബ്ല്യു. ഡബ്ല്യു.) പരീക്ഷണമെന്ന നിലയ്ക്ക് 2007-ല്‍ ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ ആരംഭിച്ച 'ഭൗമ മണിക്കൂര്‍' കാമ്പയിന്റെ മൂന്നാം വാര്‍ഷികമാണിത്.
ലൈറ്റുകള്‍ അണയ്ക്കുകയെന്നത് തുടക്കം മാത്രമാണ് -ഡബ്യു.ഡബ്ല്യു.ഡബ്ല്യു. മേധാവി കാര്‍ട്ടര്‍ റോബര്‍ട്ട് പറയുന്നു. 'വര്‍ഷം മുഴുവന്‍ ഊര്‍ജോപയോഗം കുറയ്ക്കാനാണ് ഞങ്ങള്‍ ഓരോരുത്തരോടും ആവശ്യപ്പെടുന്നത്'. ഭൂമിക്കുവേണ്ടിയുള്ള ഈ വോട്ടെടുപ്പില്‍ വീട്ടിലെ, അല്ലെങ്കില്‍ ഓഫീസിലെ, തെരുവിലെ വിളക്കുകള്‍ ഒരു മണിക്കൂര്‍ അണച്ചിട്ടുകൊണ്ട് പങ്കുചേരാം.
ഈ ആഗോളസംരംഭത്തിന് നിങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാം. ഭൗമ മണിക്കൂര്‍ 2009 ന്റെ സൈറ്റ് സന്ദര്‍ശിച്ച് പേര് രജിസ്റ്റര്‍ ചെയ്യാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആലോചിക്കാന്‍ ലോകനേതാക്കള്‍ ഈ വര്‍ഷമവസാനം കോപ്പന്‍ഹേഗനില്‍ ഒത്തുചേരുകയാണ്. രജിസ്റ്റര്‍ ചെയ്യുന്നതോടെ, ആഗോളതാപനത്തിനെതിരെ ശരിയായ നയപരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ ലോകനേതാക്കളോട് അഭ്യര്‍ഥിക്കുന്ന ആഗോള മെമ്മോറാണ്ടത്തില്‍ നിങ്ങളുടെ പേരും ചേര്‍ക്കപ്പെടും.




