പൂരനഗരി നിരീക്ഷിക്കാന്‍ 56 ക്യാമറകള്‍

Posted on: 21 Apr 2013


തൃശ്ശൂര്‍: 24 മണിക്കൂറും പൂരനഗരി നിരീക്ഷിക്കാന്‍ ക്യാമറകള്‍ സജ്ജമായി. പൂരവും പൂര നഗരിയും ജനങ്ങളുമെല്ലാം ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും. പോലീസിനുപുറമേ പൂരം കമ്മിറ്റിയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പോലീസ് 16ഉം പൂരം കമ്മിറ്റി 40 ഉം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

പാറമേക്കാവ് ജങ്ഷന്‍, ഹൈറോഡ് ജങ്ഷന്‍, എം.ഒ. റോഡ് ജങ്ഷന്‍, പോസ്റ്റ് ഓഫീസ് ജങ്ഷന്‍, വെളിയന്നൂര്‍ ജങ്ഷന്‍, മാതൃഭൂമി ജങ്ഷന്‍, ശക്തന്‍ ബസ് സ്റ്റാന്‍ഡ്, ഇക്കണ്ട വാര്യര്‍ റോഡ് എന്നിവടങ്ങളിലാണ് പോലീസിന്റെ ക്യാമറകളുള്ളത്.
കറങ്ങുന്നതും നിശ്ചലവുമായതടക്കം ഒരു യൂണിറ്റില്‍ രണ്ട് ക്യാമറകളാണ് ഉണ്ടാവുക. കറങ്ങുന്ന ക്യാമറയ്ക്ക് എല്ലാ ഭാഗത്തിന്റെയും ദൃശ്യങ്ങള്‍ ലഭിക്കും. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പൂരം ആഘോഷത്തിന് കോട്ടം തട്ടാതിരിക്കുന്നതിനുമാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ക്യാമറകളില്‍ തൃശ്ശൂര്‍ നഗരത്തിന്റെ മുഴുവന്‍ഭാഗവും കിട്ടും. കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ച ടെലിവിഷന്‍ വഴി 24 മണിക്കൂറും ദൃശ്യങ്ങള്‍ നിരീക്ഷിക്കും. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും പഴയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനും സൗകര്യമുണ്ട്. ക്യാമറകള്‍ക്കൊപ്പമുള്ള സ്പീക്കര്‍ വഴി യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും പോലീസ് നല്‍കും.

നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെയും ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും. ആധുനിക സജ്ജീകരണങ്ങളോടെയുള്ള നാല് പോലീസ് വാഹനങ്ങള്‍ പൂരദിവസം പ്രദേശത്ത് കറങ്ങുന്നുണ്ടാവും.
പോലീസിന്റെ നിരീക്ഷണ ക്യാമറകള്‍ പൂരത്തിനുശേഷവും അവിടെ നിലനിര്‍ത്തും. നഗരത്തിലെ കുറ്റകൃത്യങ്ങളും ഗതാഗതനിയമലംഘനവും തടയുന്നതിന്റെ ഭാഗമായാണിത്. ശനിയാഴ്ച വൈകീട്ട് മുതല്‍ എല്ലാ ക്യാമറകളും പ്രവര്‍ത്തിച്ചുതുടങ്ങി.



MathrubhumiMatrimonial