
മാനത്ത് നിറക്കൂട്ട്
Posted on: 20 Apr 2013
കെ.കെ. ശ്രീരാജ്

ശബ്ദത്തിന്റെയും കാഴ്ചയുടെയും സൗന്ദര്യം ഒരുമിക്കുകയാണ് വെടിക്കെട്ടില്‍. വെടിക്കെട്ടിലെ പുതുമകള്‍ ഒരിക്കല്‍കൂടി മാനത്ത് വര്‍ണ്ണങ്ങള്‍ വിതറി. നിമിഷനേരത്തേക്കാണെങ്കിലും വര്‍ഷക്കാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതാണ് സാമ്പിള്‍ ഉള്‍പ്പെടെയുള്ള വെടിക്കെട്ട്.
മാസങ്ങളുടെ ശ്രമഫലമായാണ് ഇവര്‍ ഇതിനെ ഒരുക്കിയെടുക്കുന്നത്. മഴ മാറിക്കഴിഞ്ഞാല്‍ തുടങ്ങുകയായി ഓരോ പൂരത്തിനും വേണ്ടിയുള്ള വെടിക്കെട്ടൊരുക്കങ്ങള്‍. ഗുണ്ട്, ഡൈന, കുഴിമിന്നല്‍ തുടങ്ങി ഓലപ്പടക്കം വരെയുള്ളവ സാമ്പിളില്‍ പൊട്ടിയമര്‍ന്നു. ഇതില്‍ ചേര്‍ക്കുന്ന കളര്‍ ഗുളികകളാണ് വെടിക്കെട്ടിനു വര്‍ണ്ണങ്ങള്‍ തരുന്നത്.
സാമ്പിള്‍ പൂരം പണ്ട് കോലോത്തും പൂരമായിരുന്നു. ശക്തന്റെ കാലത്ത് ഇതിന് രണ്ടുദ്ദേശ്യമാണുണ്ടായിരുന്നത്. ഒന്ന് രാജകുടുംബാംഗങ്ങള്‍ക്ക് കാണാന്‍ വേണ്ടിയുള്ള പൂരം. പുറമെ, പൂരത്തിനുള്ള ഒരുക്കങ്ങള്‍ രണ്ടുദിവസം മുമ്പേ വിലയിരുത്തുകയെന്നതും. പൂരത്തില്‍പങ്കെടുക്കുന്ന ദേശങ്ങളെല്ലാം മുമ്പ് രാജകൊട്ടാരത്തിലേക്കും പറയെടുപ്പിനായി എഴുന്നള്ളിയിരുന്നു. പിന്നീട് രാജഭരണം അവസാനിച്ചപ്പോള്‍ ഇതും നിലച്ചു.
കോലോത്തും പൂരം സാമ്പിള്‍ വെടിക്കെട്ടായി രൂപാന്തരം പ്രാപിച്ചു. മുമ്പ് കോലോത്തും പൂരത്തിന് അശോകേശ്വരം തേവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഇത്രയെല്ലാമുണ്ട് സാമ്പിളിന്റെ പിറകിലെ ചരിത്രം.
കോലോത്തും പൂരം സാമ്പിളായപ്പോഴും അതിന്റെ പ്രാധാന്യം കൂടുകയല്ലാതെ കുറഞ്ഞില്ല. വെടിക്കെട്ടിന്റെ വര്‍ണ്ണസൗന്ദര്യവും ശബ്ദസൗന്ദര്യവും ആളുകളെ അത്രത്തോളം ആകര്‍ഷിക്കുന്നു. ഓരോ വര്‍ഷവും പുതുമകള്‍ കൊണ്ടുവരാനുള്ള ശ്രമമാണ് വെടിക്കെട്ടിനെ ലൈവാക്കി നിര്‍ത്തുന്നത്.
ഇതിന്റെ പിന്നില്‍ മാസങ്ങളുടെ ശ്രമങ്ങളാണുള്ളത്. കോറ നിര്‍മ്മാണം മുതല്‍ വെടിയുപ്പു നിറയ്ക്കല്‍, വര്‍ണ്ണങ്ങള്‍ ചേര്‍ക്കല്‍... അങ്ങനെ എന്തെല്ലാം പ്രവൃത്തികള്‍. ഇതിനെല്ലാം ശേഷമാണ് ഇവ മാനത്തു പൊട്ടിവിടരുന്നത്.
നാല്‍പ്പതു പേര്‍ വീതമടങ്ങുന്ന സംഘം മൂന്നുമാസം ജോലിചെയ്താണ് മാനത്തെ പൂരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. മറ്റു സ്ഥലങ്ങളില്‍ ഒരുക്കുന്ന വെടിക്കോപ്പുകള്‍ പിന്നീട് തേക്കിന്‍കാട്ടില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.സാമ്പിളോ, പൂരം വെടിക്കെട്ടുതന്നെയോ കണ്ടുമടങ്ങുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അധികമാരും ഓര്‍ക്കാറില്ല. വെടിക്കെട്ടിന്റെ വര്‍ണ്ണപ്രഭയില്‍ എല്ലാം മറന്നുപോകുമെന്നതാണ് വാസ്തവം.
