
പൂരം വരും വഴി
Posted on: 20 Apr 2013
കെ.ആര്‍. ബാബു

കത്തുന്ന വെയിലിനെ പേടിച്ച് പൂരം കാണാതിരിക്കാന്‍ പറ്റ്വോ? എത്രനാള്‍ കൂടിയ കാത്തിരിപ്പാണ്. വെയിലും പൊടിക്കാറ്റും രാത്രിയും ആളുകളുടെ തിങ്ങിക്കൂടലുമൊന്നും ഇനി തൃശ്ശൂരിലെത്തുന്നവര്‍ക്ക് വിഷയമല്ല. ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് ആളുകള്‍ ഒഴുകിയെത്തുമ്പോള്‍ ആര്‍ക്കാണ് മാറിനില്‍ക്കാനാകുക. ഇനി തൃശ്ശൂരിന്റെ മനസ്സും ശരീരവുമെല്ലാം പൂരത്തിലേക്കാണ്. വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അതിഥികളെ സ്വീകരിച്ച്, നല്ല ആതിഥേയരായി, ഇടതടവില്ലാതെ പെയ്തിറങ്ങുന്ന പൂരത്തിന്റെ 36 മണിക്കൂറുകള്‍. വാദ്യരംഗത്തെ കുലപതികള്‍ ഒരുക്കുന്ന വാദ്യമേളങ്ങള്‍, താളങ്ങള്‍ക്കൊപ്പം ഉയര്‍ന്ന് താഴുന്ന ആവേശത്തിന്റെ കരങ്ങള്‍, ചമയങ്ങളോടെയെത്തുന്ന ഗജപ്രമാണിമാര്‍, വര്‍ണ്ണക്കുടകള്‍, കരിമരുന്നിന്റെ മായാജാലങ്ങള്‍, പൂരത്തെ നെഞ്ചോട് ചേര്‍ത്തവരും എല്ലാം കാണാന്‍ പാഞ്ഞ് നടക്കുന്നവരും... എവിടേക്ക് തിരിഞ്ഞാലും മനസിന് കുളിര്‍മയേകുന്ന പൂരക്കാഴ്ചകള്‍. ഒരു വര്‍ഷത്തില്‍ കാണാന്‍ കഴിയുന്നതല്ല 36 മണിക്കൂറിന്റെ കാഴ്ചകള്‍.
പൂരമത്സരത്തിലെ പ്രമുഖരായ പാറമേക്കാവും തിരുവമ്പാടിയും, മത്സരത്തിന് ആവേശം ചേര്‍ക്കാന്‍ എത്തുന്ന കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നൈതലക്കാവ് ദേശക്കാരും പൂരനാളില്‍ പുലര്‍കാലം മുതലേ ചടങ്ങുകള്‍ക്ക് തുടക്കമിടുകയായി. പൂരനാളില്‍ ഓരോ മണിക്കൂറിലും വ്യത്യസ്തമായ കാഴ്ചകള്‍ക്കാണ് നഗരവും പ്രദക്ഷിണവഴികളും സാക്ഷ്യംവഹിക്കുന്നത്.

ഘടകപൂരങ്ങള്‍ക്ക് തുടക്കം
പാറമേക്കാവില്‍ ആറിന് ക്ഷേത്രക്കുളത്തില്‍ ആറാട്ട്. തുടര്‍ന്ന് നടയ്ക്കല്‍ പറ. തിരുവമ്പാടിയില്‍ പറ നിറയ്ക്കല്‍. 7.30 ന് ക്ഷേത്രത്തിന് പുറത്തേക്ക് പൂരം പുറപ്പാട്. മൂന്ന് ആനകളും നടപ്പാണ്ടിയുമായി ഷൊര്‍ണൂര്‍ റോഡില്‍ കൂടി തെക്കോട്ട്. തെക്കേ ഗോപുരനടയില്‍ 7.30 ന് കണിമംഗലം ശാസ്താവ് ഏഴ് ആനകളുടെ അകമ്പടിയില്‍ പാണ്ടിമേളത്തോടെ വടക്കുന്നാഥനെ വണങ്ങാനെത്തും. 7.45 ന് പനമുക്കുംപിള്ളി ശാസ്താവ് മൂന്ന് ആനകളോടെ എഴുന്നള്ളിയെത്തും.
തിരുവമ്പാടി പൂരം പുറപ്പാട്
തിരുവമ്പാടിയുടെ പൂരം പുറപ്പാട് ഒമ്പതിന് നായ്ക്കനാലില്‍ എത്തും. പടിഞ്ഞാറെ റൗണ്ടിലൂടെ പഴയനടക്കാവിലേക്കിറങ്ങി നടുവില്‍ മഠത്തിലേക്ക്. നിലവിളക്കുകളും പറകളും വെച്ച് ഭക്തജനങ്ങള്‍ റോഡിന് ഇരുവശവും നിന്ന് ഭഗവാനെ വണങ്ങും. ചെമ്പൂക്കാവ് കാര്‍ത്യായനി ദേവി കിഴക്കേ ഗോപുരത്തില്‍ എട്ടിന് എത്തും. മൂന്ന് ആനകളാണുണ്ടാവുക. 8.30 ന് കാരമുക്ക് ഭഗവതി പടിഞ്ഞാറെ ഗോപുരത്തിലെത്തും. ഒമ്പതിന് ലാലൂര്‍ കാര്‍ത്യായനി ദേവി പടിഞ്ഞാറു നിന്ന് കയറി പടിഞ്ഞാറെ ഗോപുരത്തിലൂടെ കടന്ന് വടക്കുന്നാഥന്റെ സവിധത്തിലെത്തും. ഒമ്പത് ആനകള്‍ വീതമാണ് രണ്ട് വിഭാഗത്തിന്റെ എഴുന്നള്ളിപ്പിലുമുണ്ടാകുക. 9.30 ന് ചൂരക്കോട്ടുകാവ് ഭഗവതി പടിഞ്ഞാറെ ഗോപുരത്തിലൂടെ വടക്കുന്നാഥനിലേക്ക് പ്രവേശിക്കും. 14 ആനകളുടെ അകമ്പടിയോടെയാണ് എഴുന്നള്ളിപ്പ്.

മഠത്തില്‍ വരവ്
പാറമേക്കാവില്‍ 11.30 ന് ചൂരക്കോട് ഭഗവതിയെ ഇറക്കി എഴുന്നള്ളിക്കും. 12 ന് ചെറിയപാണി. തിരുവമ്പാടി വിഭാഗം 10.15 ന് നടുവില്‍ മഠത്തില്‍ എത്തും. നടുവില്‍ മഠത്തിലെ ഉപചാരങ്ങള്‍ക്ക് ശേഷം 11.30ന് മഠത്തില്‍ വരവ് ആരംഭിക്കും. മൂന്ന് ആനകളും പഞ്ചവാദ്യവും അകമ്പടിയേകും. പത്തിന് അയ്യന്തോള്‍ കാര്‍ത്യായനി ദേവി പടിഞ്ഞാറെ ഗോപുരത്തിലെത്തും. 13 ആനകളാണ് അകമ്പടി. 11 ന് നൈതലക്കാവ് ഭഗവതിയും ഒമ്പത് ആനകളുടെ അകമ്പടിയില്‍ പടിഞ്ഞാറെ ഗോപുരനടയിലൂടെ പ്രവേശിച്ച് വടക്കുന്നാഥനെ വണങ്ങും.
പാറമേക്കാവ് പുറത്തേക്ക്
പാറമേക്കാവ് ഭഗവതി ചെറിയപാണിക്ക് ശേഷം 12.20 ന് പുറത്തേക്ക് എഴുന്നള്ളും. പാറമേക്കാവ് ശ്രീപത്മനാഭന്‍ ഭഗവതിയുടെ തിടമ്പേറ്റും. 15 ആനകളോടെയാണ് എഴുന്നള്ളിപ്പ്. തുടര്‍ന്ന് ചെമ്പടമേളം, കുടമാറ്റം. ചെമ്പട കലാശിച്ച് പാണ്ടിമേളം ആരംഭിക്കും. തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് 1.15 ന് സ്വരാജ് റൗണ്ടിലെത്തും. ആനകളുടെ എണ്ണം ഏഴാകും. ഘോഷയാത്ര പടിഞ്ഞാറെ റൗണ്ടിലൂടെ നീങ്ങും. നടുവിലാല്‍ പന്തലില്‍ എത്തുമ്പോള്‍ ആകാശത്ത് കടലാസ്, വര്‍ണ്ണപ്പൊടി, കുട അമിട്ടുകള്‍ എന്നിവ വിരിയും. നൈതലക്കാവ് ഭഗവതി ഒരു മണിയോടെ വടക്കുന്നാഥനെ വണങ്ങി മടങ്ങുന്നതോടെ ഘടകപൂരങ്ങളുടെ പകല്‍പ്പൂരം അവസാനിക്കും.

ഇലഞ്ഞിത്തറ മേളം
പാറമേക്കാവ് വിഭാഗത്തിന്റെ പൂരത്തിലെ പ്രധാന ചടങ്ങായ ഇലഞ്ഞിത്തറമേളം രണ്ടിന് വടക്കുന്നാഥ ക്ഷേത്രസന്നിധിയില്‍ ആരംഭിക്കും. പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ മുന്നൂറോളം കലാകാരന്മാര്‍ പങ്കെടുക്കും. തിരുവമ്പാടിയുടെ മഠത്തില്‍വരവ് 2.30 ന് നായ്ക്കനാലില്‍ എത്തും. ഇവിടെയെത്തുമ്പോള്‍ പഞ്ചവാദ്യം സമാപിക്കും. പിന്നീട് ഘോഷയാത്ര പാണ്ടിമേളത്തോടെ തേക്കിന്‍കാട് മൈതാനിയിലേക്ക് കയറും. ആനകളുടെ എണ്ണം 15 ആകും.
കുടമാറ്റത്തിന്റെ ദൃശ്യഭംഗി
പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം 4.30 ന് സമാപിക്കും. തുടര്‍ന്ന് വടക്കുനാഥനെ പ്രദക്ഷിണം ചെയ്യുമ്പോള്‍ തൃപുടമേളം. ഇത് തെക്കേഗോപുരത്തില്‍ അവസാനിക്കും. പിന്നീട് പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ തെക്കോട്ടിറക്കം. 15 ആനകളും ഒരേ സമയമാണ് തെക്കോട്ടിറക്കത്തില്‍ പങ്കെടുക്കുന്നത്. വലിയ പ്രദക്ഷിണവഴിയില്‍ സമാപനം. തൃപുട മേളത്തോടെ കൊച്ചിരാജാവിന്റെ പ്രതിമവരെ പോയി തൃപുട കലാശിച്ച് കുഴല്‍പ്പറ്റ്, കൊമ്പ്പറ്റ് എന്നിവയ്ക്കു ശേഷം പഞ്ചാരിമേളത്തിന്റെ അകമ്പടിയില്‍ പ്രദക്ഷിണ വഴിയില്‍ എത്തും. 5.15 ന് തിരുവമ്പാടി ഭഗവതിയുമായി കൂടിക്കാഴ്ച. 5.30 ന് പഞ്ചാരി മൂന്നാം കാലത്തില്‍ കുടമാറ്റം.
തിരുവമ്പാടിയുടെ ഘോഷയാത്ര 4.45 ന് ശ്രീമൂല സ്ഥാനത്തെത്തും. പാണ്ടിമേളം ഇവിടെ സമാപിക്കും. 15 ആനകളും പടിഞ്ഞാറെ ഗോപുരത്തിലൂടെ വടക്കുന്നാഥനിലേക്ക്. തിടമ്പേറ്റിയ ആന വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്യുമ്പോള്‍ മറ്റുള്ള ആനകള്‍ തെക്കേ ഗോപുരത്തിലേക്ക് നീങ്ങും. 5.15 ന് 15 ആനകളും തെക്കേ ഗോപുരത്തിലൂടെ പുറത്തേക്കിറങ്ങി സ്വരാജ് റൗണ്ടില്‍ നില്‍ക്കുന്ന പാറമേക്കാവ് ഗജനിരയ്ക്ക് അഭിമുഖമായി നില്‍ക്കും. 5.30 ന് കുടമാറ്റം ആരംഭിക്കും.
പകല്‍പ്പൂരത്തിന് തിരശ്ശീല
പാറമേക്കാവിന്റെ കുടമാറ്റം 6.30 ന് സമാപിക്കും. തെക്കേ പ്രദക്ഷിണവഴിയിലൂടെ നാദസ്വരത്തോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ഏഴിന് ദീപാരാധന. തിരുവമ്പാടിയുടെ കുടമാറ്റം 6.30 ന് സമാപിക്കും. കുടമാറ്റം കഴിഞ്ഞ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് മടങ്ങുന്നതോടെ തിരുവമ്പാടിയുടെ ഗജനിര തെക്കോട്ടിറങ്ങും. റൗണ്ടിലെത്തിയാല്‍ ഏഴ് ആനകള്‍ എം.ഒ. റോഡിലേക്ക് നീങ്ങും. രാജാവിന്റെ പ്രതിമ വരെ പോയി തിരിച്ചു വന്ന് 15 ആനകളുടെ നിര വടക്കോട്ട് അഭിമുഖമായി നില്‍ക്കും. 14 ആനകള്‍ ഇവിടെ നിന്ന് തിരിച്ചുപോകും. തിടമ്പേറ്റിയ ആന തേക്കിന്‍കാട്ടിലൂടെ നാഗസ്വരത്തിന്റെ അകമ്പടിയില്‍ പഴയനടക്കാവിലേക്ക് നീങ്ങും. പഴയനടക്കാവിന്റെ കിഴക്കേ അറ്റത്ത് കാണിപൂജ. തുടര്‍ന്ന് വേദവിദ്യാര്‍ഥികളുടെ വേദോച്ചാരണത്തോടെ മഠത്തിലേക്ക് നീങ്ങും. 7.30 ന് തിടമ്പ് മഠത്തില്‍ ഇറക്കും. രാത്രി 7.30 മുതല്‍ 8.15 വരെ മൈതാനത്ത് അമിട്ടുകള്‍.
രാത്രിപൂരം
പകല്‍പ്പൂരത്തിന്റേത് പോലെ ഘടകപൂരങ്ങള്‍ രാത്രിയിലും വടക്കുന്നാഥനെ തൊഴാനെത്തും. രാത്രി തെക്കോട്ടിറക്കമില്ല. കണിമംഗലം ശാസ്താവ് രാവിലെ മണികണ്ഠനാലില്‍ നിന്ന് തെക്കേ റൗണ്ട് വഴി തെക്കേ ഗോപുരത്തില്‍ കയറുമ്പോള്‍ രാത്രി മണികണ്ഠനാലില്‍ നിന്ന് പടിഞ്ഞാറെ റൗണ്ടിലൂടെ നീങ്ങി പടിഞ്ഞാറെ നടയിലൂടെ പടിഞ്ഞാറെ ഗോപുരത്തിലെത്തും. തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവ് 11.30 മുതല്‍ 2.30 വരെയുണ്ടാകും. നായ്ക്കനാലില്‍ പഞ്ചവാദ്യം കലാശിക്കും. തിടമ്പേറ്റിയ ആനയില്‍ നിന്ന് തിടമ്പ് മറ്റൊരാനയിലേക്ക് മാറ്റും. മറ്റുള്ള ആനകളെ വിശ്രമത്താവളങ്ങളിലേക്ക് മാറ്റും. പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് രാത്രി 10.30 ന് ഏഴ് ആനകളുടെ അകമ്പടിയോടെ ആരംഭിക്കും. പഞ്ചവാദ്യത്തിന് ചോറ്റാനിക്കര വിജയന്‍ പ്രമാണം വഹിക്കും. കിഴക്കേ പ്രദക്ഷിണവഴിയിലൂടെ നീങ്ങി മണികണ്ഠനാല്‍ പന്തലില്‍ പുലര്‍ച്ചെ 2.30 ന് അവസാനിക്കും. മൂന്നിന് ഭഗവതി മണികണ്ഠനാല്‍ പന്തലില്‍ എഴുന്നള്ളിനില്‍ക്കുമ്പോള്‍ പ്രധാന വെടിക്കെട്ട് തുടങ്ങും. പുലര്‍ച്ചെ 5.30 വരെ തുടരും. തിരുവമ്പാടി വിഭാഗം ആദ്യം തിരികൊളുത്തും. തുടര്‍ന്ന് പാറമേക്കാവും.
തിങ്കളാഴ്ച പകല്‍പ്പൂരം
രാവിലെ 7.30 ന് മണികണ്ഠനാല്‍ പന്തലില്‍ നിന്ന് 15 ആനകളോടെ പാറമേക്കാവ് ഭഗവതി എഴുന്നള്ളും. പാണ്ടിമേളത്തിന് പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ മുന്നൂറോളം കലാകാരന്മാര്‍ പങ്കെടുക്കും. 11.30 ന് മേളം സമാപിക്കും. തുടര്‍ന്ന് പകല്‍ വെടിക്കെട്ട്. നിലപാട് തറയില്‍ ദേവി നില്‍ക്കും. ആചാരവെടി, പഞ്ചാരിമേളം. ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി ഭഗവതിയുമായി ഉപചാരം ചൊല്ലല്‍. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിലൂടെ പ്രവേശിച്ച് വടക്കുന്നാഥനെ വണങ്ങി ആര്‍പ്പുവിളിയോടെ ദേശക്കാര്‍ ഭഗവതിയെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും. പിന്നീട് പൂരക്കഞ്ഞി വിതരണം. 10.30 മുതല്‍ 2.30 വരെ വെളിയന്നൂര്‍ ദേശത്ത് പറയെടുപ്പ്. വൈകീട്ട് 5.30 ന് നടുവില്‍ മഠത്തില്‍ ആറാട്ട്. തിരിച്ചെത്തുമ്പോള്‍ മൂന്ന് ആനകളുടെ അകമ്പടിയോടെ സ്വീകരിക്കും. തുടര്‍ന്ന് ആനയെക്കൊണ്ട് കൊടിമരം ഇളക്കിയശേഷം കൊടിയിറക്കല്‍.
തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് 8.30 ന് നായ്ക്കനാലില്‍ നിന്ന് 15 ആനകളോടെ ആരംഭിക്കും. പാണ്ടിമേളം അകമ്പടിയേകും. ഉച്ചക്ക് 12 ന് ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളം സമാപിക്കും. 12.30 മുതല്‍ ഒന്ന് വരെ സമാപന വെടിക്കെട്ടും ദേവിമാരുടെ വിടചൊല്ലലും. ഒരു മണിക്ക് ദേവി തിരിച്ച് ക്ഷേത്രത്തിലേക്ക്. വൈകീട്ട് എട്ട് മുതല്‍ ഒമ്പത് വരെ ക്ഷേത്രത്തില്‍ ഉത്രം വിളക്ക്, കൊടി ഇറക്കല്‍.
