
പെരുവനത്തിന്റെ പൂരപ്പെരുമ
Posted on: 20 Apr 2013
ബിജു ആന്റണി

പൂരക്കാലമായാല്‍ പെരുവനത്ത് തട്ടകം തപസ്സിലാകും. തൃശ്ശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങളുടെ തകൃതി ഈ നാട്ടിലും കാണാം. ഒരു തികഞ്ഞ പൂരത്തിന് വേണ്ട സകലതും പെരുവനം തട്ടകത്തിലുണ്ട്. ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്ന തൃശ്ശൂര്‍ ദേശത്തിന്റെ പൂരം മുടങ്ങിയപ്പോള്‍ ശക്തന്‍ തുടങ്ങിവെച്ച ഇന്നത്തെ പൂരത്തിന് നാട് ഒറ്റമനസ്സോടെ ഒരുങ്ങുന്നു. തൃശ്ശൂര്‍ പൂരത്തിലെ പെരുവനത്തിന്റെ ഒരുക്കങ്ങളിലൂടെ:
മേളം
തൃശ്ശൂര്‍ പൂരത്തില്‍ പെരുവനം ഗ്രാമത്തിന്റെ മേളനിര പെരുമനിറഞ്ഞതാണ്. ഈ നാട്ടിലെ 50ലധികം മേളകലാകാരന്മാര്‍ പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങള്‍ക്കായി അണിനിരക്കുന്നു.
തിരുവമ്പാടിയുടെ പ്രമാണിയായിരുന്ന പട്ടരാത്ത് ശങ്കരമാരാര്‍ ചില കാരണങ്ങളാല്‍ വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ ആ സ്ഥാനം വഹിച്ചത് പെരുവനം നാരായണ മാരാരായിരുന്നു. 'പഞ്ചാരിയുടെ ഗന്ധര്‍വ്വന്‍' എന്ന വിശേഷണമുള്ള നാരായണമാരാര്‍ പ്രമാണിയായി നാല് വര്‍ഷം തിരുവമ്പാടിക്കൊപ്പം.
പെരുവനം കുട്ടന്‍മാരാരുടെ അച്ഛന്‍ പെരുവനം അപ്പുമാരാര്‍ ഒരു ദശകത്തിലധികം തിരുവമ്പാടിക്കൊപ്പം. 1977ല്‍ പല്ലശ്ശന പത്മനാഭന്‍ മാരാര്‍ പ്രമാണക്കാരനായ പാണ്ടിക്കൊപ്പം പെരുവനം കുട്ടന്‍മാരാര്‍ ഇലഞ്ഞിയുടെ ചോട്ടിലെത്തുന്നു. അന്ന് മകന്‍ പാറമേക്കാവിനൊപ്പവും അച്ഛന്‍ തിരുവമ്പാടിക്കൊപ്പവും.
33 വര്‍ഷം ഇലഞ്ഞിത്തറമേളത്തിന്റെ ലഹരി പകര്‍ന്ന് നല്‍കിയത് ചക്കംകുളം അപ്പുമാരാര്‍. 1999 മുതല്‍ മേളപ്രമാണം പെരുവനം കുട്ടന്‍മാരാര്‍ക്ക്. 21 വര്‍ഷം പ്രമാണം വഹിച്ച പരിയാരത്ത് കുഞ്ഞന്‍മാരാര്‍ക്കാണ് ഇലഞ്ഞിച്ചോട്ടില്‍ പ്രമാണത്തില്‍ റെക്കോഡ്. കുറുംകുഴല്‍ പ്രമാണിയായി മേളലോകത്തിന്റെ ആവേശമായിരുന്ന കൊമ്പത്ത് കുട്ടന്‍പണിക്കര്‍ ഈ നാടിന്റെ പുത്രനായിരുന്നു. മൂന്ന് ദശാബ്ദത്തോളമാണ് പണിക്കര്‍ കുറുംകുഴലില്‍ ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണിയായത്. കുമരപുരം അപ്പുമാരാര്‍, പണ്ടാരത്തില്‍ കുട്ടന്‍മാരാര്‍, തൃപ്പേക്കുളം ഗോവിന്ദന്‍നായര്‍, കുമ്മത്ത് രാമന്‍നായര്‍, ആത്ര ഗോവിന്ദന്‍നായര്‍, ഞെരിയങ്ങോട്ട് നാരായണന്‍നായര്‍, മണിയാംപറമ്പില്‍ കുഞ്ചുനായര്‍, തൃപ്പേക്കുളം അച്യുതമാരാര്‍, പെരുവനം നാരായണന്‍ നമ്പീശന്‍, കുമ്മത്ത് അപ്പുനായര്‍ തുടങ്ങി വിദഗ്ധര്‍ തൃശ്ശൂര്‍ പൂരത്തില്‍ വിസ്മയം കാണിച്ച പെരുവനം തട്ടകക്കാര്‍.
പെരുവനം കുട്ടന്‍മാരാര്‍, പെരുവനം സതീശന്‍മാരാര്‍, പഴുവില്‍ രഘുനാഥ്, ചെറുശ്ശേരി കുട്ടന്‍മാരാര്‍, മണിയാംപറമ്പില്‍ മണി, പെരുവനം പ്രകാശന്‍, പെരുവനം ശങ്കരനാരായണന്‍, പെരുവനം ഗോപാലകൃഷ്ണന്‍, പണ്ടാരത്തില്‍ ശ്രീകുമാര്‍, ചെറുശ്ശേരി ദാസന്‍, കുമ്മത്ത് നന്ദനന്‍, പെരുവനം മുരളി, പെരുവനം വേണുഗോപാലന്‍, പൈപ്പോത്ത് രാജന്‍, കൊമ്പത്ത് അനില്‍കുമാര്‍, കൊമ്പത്ത് ചന്ദ്രന്‍, ഇഞ്ചമുടി ഹരിഹരന്‍, പൈപ്പോത്ത് ഉണ്ണികൃഷ്ണന്‍, ഊരകം ശശികുമാര്‍, ചേര്‍പ്പ് ഉദയന്‍, തൃക്കൂര്‍ അനിലന്‍ തുടങ്ങി 50ലധികം പേര്‍ ഇന്ന് പെരുവനപ്പെരുമയുടെ അഭിമാനങ്ങള്‍.
ചമയം
കേരളത്തിലെ ആകെയുള്ള രണ്ട് ആന ബ്യൂട്ടീഷ്യന്‍മാരില്‍ ഒരാള്‍ ചേര്‍പ്പ് സ്വദേശി ശശിയാണ്. ഇദ്ദേഹമാണ് പാറമേക്കാവ് വിഭാഗത്തിന് വേണ്ടി വര്‍ഷങ്ങളായി കുടയുടെ ഫ്രെയിം നിര്‍മ്മിക്കുന്നത്. പെരുമ്പിള്ളിശ്ശേരി പടിഞ്ഞാറേടത്തുപുരയ്ക്കല്‍ ശശിയോടൊപ്പം മകന്‍ സ്മിതേഷും ആന ബ്യൂട്ടീഷ്യന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ആനയുടെ കൊമ്പ് മനോഹരമാക്കുന്നതില്‍ വിദഗ്ധരാണ് ഇവര്‍. ശശി ചങ്ങല, തോട്ടി, വലിയകോല്‍ എന്നിവ നിര്‍മ്മിക്കുന്നതിലും വിദഗ്ധനാണ്.
സഹോദരന്‍ സുധാകരനാണ് തിരുവമ്പാടിക്കുവേണ്ടി കുടകളുടെ ഫ്രെയിംവര്‍ക്കുകള്‍ ചെയ്യുന്നത്.
ജോസ് ബ്രദേഴ്‌സ്
ആനച്ചമയങ്ങള്‍ സ്വര്‍ണ്ണത്തിലും വെള്ളിയിലും പ്ലേറ്റിങ് ജോലി നിര്‍വ്വഹിക്കുന്നതില്‍ വലിയ പാരമ്പര്യമുള്ളവരാണ് ജോസ് ബ്രദേഴ്‌സ്. ചേര്‍പ്പ് സ്വദേശികളായ മൂന്ന് സഹോദരങ്ങളാണ് വര്‍ഷങ്ങളായി തിരുവമ്പാടിക്ക് വേണ്ടി പ്ലേറ്റിങ് ജോലികള്‍ ചെയ്യുന്നത്. ജോസ്, ജോണ്‍സണ്‍, ഡേവീസ് എന്നിവരാണ് ഈ സഹോദരങ്ങള്‍. ചക്കാലമുറ്റത്ത് പൂത്തോക്കാരന്‍ ആന്റണിയുടെ മക്കളാണിവര്‍.
ആന
പെരുമ്പിള്ളിശ്ശേരി ബാസ്റ്റ്യന്‍ ടിമ്പേഴ്‌സിലെ വിനയസുന്ദര്‍, വിനയചന്ദ്രന്‍ എന്നീ ആനകള്‍ തൃശ്ശൂര്‍ പൂരത്തിന്റെ ആവേശങ്ങളാണ്.
