
രാമഭദ്രന് പൂരം കൂടണം; കരുത്തായി ക്ഷീരബലയും നവരക്കിഴിയും
Posted on: 19 Apr 2013

തുമ്പിക്കൈ തളര്‍ന്നതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നു രാമഭദ്രന്‍. തുമ്പിക്കൈ ഇളക്കാന്‍ പോലുമായിരുന്നില്ല. വലിയ പട്ടകള്‍ വായിലേക്കു കൊണ്ടുപോകാനും ബുദ്ധിമുട്ടുണ്ടായിരുന്നു. മാത്രമല്ല തുമ്പിക്കൈ നിലത്തൂന്നി സ്ഥലം പരിശോധിച്ചശേഷം നടക്കുന്ന ആനക്ക് നടത്തത്തിന്റെ ദിശതെറ്റുന്ന അവസ്ഥയുമുണ്ടായിരുന്നു. ആയുര്‍വേദ ചികിത്സയിലൂടെ ഇതിനെല്ലാം ശമനം വന്നു.
മൂന്നുവര്‍ഷം മുമ്പെ തുടങ്ങിയതാണ് ഈ തളര്‍ച്ചയെങ്കിലും കഴിഞ്ഞ പൂരത്തിനു ശേഷമാണ് വര്‍ദ്ധിച്ചത്. അലോപ്പതിയും ഹോമിയോപ്പതിയുമായി മരുന്നുകള്‍ നിരവധി പരീക്ഷിച്ചു. ഒടുവില്‍ ആയുര്‍വേദത്തിലാണ് രോഗം കീഴടങ്ങിത്തുടങ്ങിയത്.
രാവിലെ ക്ഷീരബലയും നവരക്കിഴിപിഴിച്ചിലുമാണ് ഇപ്പോഴത്തെ ചികിത്സ. ഒന്നരമണിക്കുര്‍ സമയം വേണം ഇതിനെല്ലാം. ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും പൂരത്തിനു വീണ്ടും എഴുന്നള്ളാമെന്ന സന്തോഷത്തിലാണ് രാമഭദ്രന്‍. മറ്റം വാക സ്വദേശി ആനന്ദന്‍ ഗുരുക്കളാണ് ഇപ്പോള്‍ രാമഭദ്രനെ ചികിത്സിക്കുന്നത്.
മനുഷ്യര്‍ക്കുപയോഗിക്കുന്ന മരുന്നുകള്‍തന്നെ കൂടുതല്‍ ശക്തമാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നു ഗുരുക്കള്‍ പറയുന്നു. ക്ഷീരബല 7 ആവര്‍ത്തിയാണ് രാമഭദ്രനുവേണ്ടി തയ്യാറാക്കിയത്. നവരക്കിഴിയില്‍ കൂടുതല്‍ മരുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. തുമ്പിയില്‍ നവരക്കിഴി വെയ്ക്കുന്നതിനുപുറമെ അതില്‍നിന്നുള്ള പശ പുരട്ടുകയും ചെയ്യും. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ തട്ടിക്കളയുകയാണ് ചെയ്യുന്നത്.
ആയുര്‍വേദ ചികിത്സ തുടങ്ങിയിട്ട് എട്ടുദിവസം പിന്നിടുമ്പോള്‍ ആനയ്ക്ക് തുമ്പിക്കൈ കൊണ്ടു വെള്ളമെടുക്കാനും മറ്റും സാധിച്ചുതുടങ്ങിയതായി ആനന്ദന്‍ ഗുരുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. 52 വയസ്സുള്ള രാമഭദ്രന്‍ 10വര്‍ഷമായി പൂരത്തിന് മഠത്തിലേക്ക് തിരുവമ്പാടി ദേവിയുടെ തിടമ്പേറ്റുന്നുണ്ട്.
