പൂരപ്പെരുമയില്‍ മുത്തശ്ശിക്കൂട്ടം

Posted on: 19 Apr 2013

വി.എന്‍ രാഖി




പൂരവിശേഷങ്ങള്‍ ടി.വി.യിലങ്ങനെ തകര്‍ക്കുകയാണ്. നഗരത്തിലും ജനം ഒഴുകിത്തുടങ്ങിയിട്ടുണ്ട്. 'പൂരമടുത്താല്‍ ഇതെന്തൊരു തിരക്കാപ്പോ! പണ്ടൊക്കെ പൂരദിവസം പോലും ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികള്‍ എന്തു സുഖായിട്ടാ പൂരപ്പറമ്പിലൂടെ നടന്നത്! നടുവിലാല്‍ ഇറക്കത്തില്‍ അച്ചുമ്മാന്റെ കാപ്പിക്കട, വെളുത്ത സാമീടേം കറുത്ത സാമീടേം പലചരക്ക് കട, പിന്നെ അയ്യരുടെ തുണിക്കട... ബാക്കിയെല്ലാം വീടുകളായിരുന്നില്ലേ? ആളുകളും കുറവ്. എം.ജി.റോഡിലൂടെ കല്‍ക്കരിയിട്ട് തിരിച്ച് ഓടിച്ചിരുന്ന ഒരേ ഒരു ബസ്സല്ലേ അന്നു പോയിരുന്നുള്ളൂ. ബാക്കിയെല്ലാം കാളവണ്ടികള്‍... പക്ഷെ ഇന്നത്തെ പൂരത്തിനു തന്നെയാട്ടോ ചന്തം.' കൃഷ്ണാ ഗാര്‍ഡന്‍സിലെ ദേവിയില്‍ ഏറെ നാളുകള്‍ക്കു ശേഷമാണ് അയല്‍ക്കാരായ പഴയ സൗഹൃദക്കൂട്ടം ഒരുമിക്കുന്നത്. തൊണ്ണൂറുകാരി സി.പി. കല്യാണിടീച്ചറും അനിയത്തി സരസ്വതി ടീച്ചറും കെ. ഗൗരിടീച്ചറും പി. തങ്കവും.

'കഴിഞ്ഞ വര്‍ഷം ആനയോടിയപ്പോള്‍ ചേച്ചി ഒളിച്ചിരുന്നതെവിടെയാണെന്നറിയ്വോ? വടക്കുന്നാഥന്റെ കവാടഗോപുരത്തില്‍! എണ്‍പത്തൊമ്പതാം വയസ്സിലാണേ... ഒപ്പം രണ്ടു മാസം മുമ്പ് ഞങ്ങളെ വിട്ടുപോയ അനിയത്തി തങ്കവും. ടി.വി.യില്‍ ആനയിടഞ്ഞ വാര്‍ത്ത കണ്ട് അനിയന്‍ വിളിച്ച് ചേച്ചിയെ അന്വേഷിച്ചു. പൂരത്തിനിടയിലുണ്ടെന്നറിഞ്ഞ് ഒരു സംഘം ആളുകളാ ഇവിടന്ന് അന്വേഷിച്ചു ചെന്നത്. ഞങ്ങളെക്കണ്ടപ്പോ ചുമരില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന ചേച്ചി പറയ്വാ: ആന ഓട്ടം കാണാന്‍ എന്താ രസം, ആള്‍ക്കാരടെ ഓട്ടം കാണാന്‍ അതിലേറെ രസം. കൂട്ടവെടി മുഴങ്ങുന്നു, ഓടുകള്‍ കുലുങ്ങിവീഴുന്നു, ആകെബഹുരസം...' ചേച്ചിയുടെ ഏറ്റവും പുതിയ പൂരം വിശേഷം പറഞ്ഞത് സരസ്വതി ടീച്ചര്‍.

'തൃശ്ശൂര്‍ പൂരത്തില്‍ അതുവരെ ആനയിടഞ്ഞ ചരിത്രം ഉണ്ടായിട്ടേയില്ല.' കല്യാണി ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

എട്ടു വയസ്സു മുതല്‍ കല്യാണിടീച്ചര്‍ പൂരം കാണുന്നുണ്ട്. മറക്കാനാകാത്ത പൂരം 1978ലായിരുന്നു. ''റൗണ്ടിലൂടെ പൂരം കണ്ട് നടക്കുമ്പോഴാണ് കമ്പക്കാല്‍ ചരിഞ്ഞ് സി.എം.എസ്. സ്‌കൂളിനടുത്തേക്ക് വീണ് കുറച്ചുപേര്‍ മരിച്ചെന്നറിയുന്നത്. സ്‌കൂളിനു മുന്നിലെത്തിയപ്പോഴുണ്ട് റോഡില്‍ നിറയെ എല്ലുകളും ചോരയും ചിതറിക്കിടക്കുന്നു. ആകെ പേടിച്ചുപോയ പൂരമായിരുന്നു അത്.''

'ബ്രഹ്മസ്വം മഠത്തിനടുത്തായിരുന്നു അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. തേക്കിന്‍കാട്ടിലെ പശുക്കള്‍ എന്ന് കൂട്ടുകാര്‍ ഞങ്ങളെ കളിയാക്കുമായിരുന്നു. തേക്കിന്‍കാടായിരുന്നു ഞങ്ങള്‍ സ്ഥിരം അലഞ്ഞുനടന്നിരുന്ന സ്ഥലം.' നമ്പൂതിരി വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ഗൗരി ടീച്ചര്‍ ഓര്‍മച്ചെപ്പ് തുറന്നു.

ടീച്ചര്‍ തുടര്‍ന്നു: 'പൂര ദിവസം കുട്ടികളുടെ പ്രധാന പണി എന്തായിരുന്നൂന്നോ, വീടിന്റെ മുകള്‍നിലയില്‍ നിന്ന് ചില്ലുപാത്രങ്ങളും കുപ്പികളുമൊക്കെ താഴേക്ക് ഇറക്കുക. ഉച്ചയ്ക്ക് മൂന്നു മണിയാകുമ്പോഴേക്കും ഈ ജോലി ഞങ്ങള്‍ ഭംഗിയായി തീര്‍ക്കും. അപ്പോഴേക്കും വെടിമരുന്നു സാധനങ്ങള്‍ നിരത്തിത്തുടങ്ങിയിരിക്കും. പിന്നെ വീടിന്റെ മുറ്റത്ത് കസേരയിട്ട് എല്ലാം കണ്ടു രസിക്കും. കേസു കൊടുത്താണ് മുറ്റത്തുള്ള വെടിക്കെട്ട് ഞങ്ങള്‍ നിര്‍ത്തിച്ചത്.'

എഴുപത്തഞ്ചുകാരി തങ്കത്തിനും പറയാനുള്ളത് വെടിക്കെട്ടിനെക്കുറിച്ചു തന്നെ: 'പണ്ടത്തത്ര ശബ്ദമൊന്നുമില്ല ഇന്ന് വെടിക്കെട്ടിന്. നേരത്തേ തുടങ്ങി പുലര്‍ച്ചെ മൂന്നു-നാലു മണിയാകുമ്പോഴേക്കും തീരും. ഇന്നത്തെപ്പോലെ വെടിക്കെട്ടിനായി കാത്തിരിക്കേണ്ടി വന്നിട്ടില്ല. ഇന്നിപ്പൊ നേരം വെളുത്തിട്ടല്ലേ അമിട്ട് പൊട്ടുന്നത്? അതുപോലെയാണ് പൂരം സ്പിരിറ്റിന്റെയും കുടമാറ്റത്തിന്റെയും കാര്യവും. ആനകളുടെ പേരും എണ്ണവും ഒക്കെ രണ്ടു വിഭാഗക്കാരും പരമ രഹസ്യമാക്കി വയ്ക്കും. പൂരം കണ്ടതിനുശേഷം കുട്ടികള്‍ ഇരുവിഭാഗങ്ങളായിത്തിരിഞ്ഞ് ആരുടെ പൂരമാണ് നന്നായത് എന്ന് തര്‍ക്കിക്കും. പൂരം കഴിഞ്ഞാല്‍ വീട്ടിലൊരു തമ്മിലടി ഉറപ്പായിരുന്നു. കുടമാറ്റം എന്ന ചടങ്ങ് ഉണ്ടായിരുന്നേയില്ല. തെക്കോട്ടിറങ്ങിനില്‍ക്കല്‍ മാത്രം.'

'പൂരത്തിന്റെ പിറ്റേന്നാണല്ലോ തൃശ്ശൂര്‍ക്കാരുടെ പൂരം. അന്ന് രാവിലെ 9 മണിക്ക് വീട്ടില്‍ നിന്നിറങ്ങും. ശ്രീമൂലസ്ഥാനത്ത് ആലിന്റെ ചോട്ടില്‍ ഞാനും അനിയത്തിയും സ്ഥാനം പിടിക്കും. ഉപചാരം ചൊല്ലി രണ്ടാനകളും പിരിയുന്നത് അടുത്തു നിന്നു കാണണമെന്നതാണ് അന്നത്തെ വലിയ ആഗ്രഹം. ആനകളെ യാത്രയാക്കി വിഷമിച്ച് ഞങ്ങള്‍ നില്‍ക്കുമ്പോള്‍ ഒരിക്കല്‍ ഒരു പോലീസുകാരന്‍ ഞങ്ങളുടെ അടുത്ത് വന്നു ചോദിച്ചു, നിങ്ങളെന്താ പോണില്ലേന്ന്.' ചിരിയോടെ കല്യാണി ടീച്ചര്‍ ഓര്‍ത്തു.

'പൂരം ദിവസം അഞ്ച് തവണ ഞങ്ങള്‍ പുതിയ ഉടുപ്പിടുമായിരുന്നു. രാവിലെ ഒന്ന്, തിരുവമ്പാടി വരവ്, അയ്യന്തോള്‍ വരവ്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം അങ്ങനെ ഓരോ ചടങ്ങിനും ഓരോന്ന്.' ഗൗരിടീച്ചര്‍ ഒരു കൊച്ചുകുട്ടിയായ പോലെ.

'പൂരത്തില്‍ പരിഷ്‌കാരങ്ങളും ആര്‍ഭാടങ്ങളും ഒരുപാട് വന്നു. കണിമംഗലം ശാസ്താവിന്റെ പൂരത്തിനടക്കം എല്ലാ ചെറുപൂരങ്ങള്‍ക്കും ഇത്രയൊന്നും ആനകള്‍ ഉണ്ടായിരുന്നില്ല. ഒന്ന് മൂന്നായി, പിന്നത് അഞ്ചായി അങ്ങനെ എണ്ണം കൂടിവര്വല്ലേ? പരിഷ്‌കാരങ്ങള്‍ ലോകത്തെല്ലായിടത്തും വര്വല്ലേ? ആ പരിഷ്‌കാരം നമ്മടെ പൂരത്തിലുമുണ്ട്. കുടകളൊക്കെ കാണാന്‍ ഇപ്പൊ എന്താ ഭംഗി!' സരസ്വതിയുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.

'ആറാട്ടുപുഴ പൂരമാണ് പൂരങ്ങളുടെ പൂരം. ന്നാലും പേര് നമ്മുടെ പൂരത്തിനു തന്നെയാ...' ഗൗരിടീച്ചര്‍ക്ക് പൂരം സ്പിരിറ്റ് കേറിത്തുടങ്ങി. ചര്‍ച്ച പിന്നേം നീണ്ടും പോയി.



MathrubhumiMatrimonial