
ഗീതാദര്‍ശനം - 182
Posted on: 23 Mar 2009
ധ്യാനയോഗം
ശുചൗ ദേശേ പ്രതിഷ്ഠാപ്യ
സ്ഥിരമാസനമാത്മനഃ
നാത്യുച്ഛിതം നാതിനീചം
ചൈലാജിനകുശോത്തരം
ഏറെ ഉയര്‍ന്നതോ താഴ്ന്നതോ അല്ലാത്ത വൃത്തിയുള്ള ഒരിടത്ത് പുല്ലും തോലും തുണിയും മേല്‍ക്കുമേലെ വിരിച്ച ഇളക്കമില്ലാത്ത ഇരിപ്പിടത്തില്‍ സ്വയം പ്രതിഷ്ഠിച്ചിട്ട് -
യോഗസൂത്രകാരനായ പതഞ്ജലി ആസനത്തിന് നല്‍കുന്ന നിര്‍വചനം 'സ്ഥിരസുഖം ആസനം' എന്നാണ്. സുഖമായും ഉറച്ചുമുള്ള ഇരിപ്പ് എന്നര്‍ഥം.
പരിസരശുചിത്വവും മാനസികാവസ്ഥയും തമ്മില്‍ അടുത്ത ബന്ധമുള്ളതുകൊണ്ട് വൃത്തിയുള്ളിടത്തിരിക്കാന്‍ പറയുന്നു. മാത്രമല്ല, ഉറുമ്പും ഈച്ചയും കൊതുകും മറ്റും ശല്യം ചെയ്താല്‍ മതിയല്ലോ ഒരു തുടക്കക്കാരന്‍ അസ്വസ്ഥനാകാന്‍.ഏറെ ഉയര്‍ന്ന ഇടമായാല്‍ വീഴ്ചയെക്കുറിച്ചുള്ള ഭീതി അബോധമനസ്സിലുണ്ടായേക്കാം. ഒരു കുഴിയിലാണ് ഇരിപ്പെങ്കില്‍ ചുറ്റുപാടും കാണാനാവാത്തതിന്റെ ഫലമായി അരക്ഷിതബോധവും സ്വാഭാവികം.
പുല്ല് മാര്‍ദവത്തിനും ഈര്‍പ്പപ്രതിരോധത്തിനും തോല്‍ താപപ്രതിരോധത്തിനും ക്ഷുദ്രജീവികളെ അകറ്റിനിര്‍ത്താനും. ഇരിപ്പില്‍ അപരിചിതത്വം തോന്നാതിരിക്കാന്‍ തുണി. ഇത് മൂന്നും വിദ്യുത്ചാലകങ്ങളല്ല എന്ന വസ്തുതകൂടി സ്മരിക്കാം.നല്ല ചുറ്റുപാടില്‍ ഒരിടത്ത്, ഒഴിവാക്കാവുന്ന അസൗകര്യങ്ങളൊക്കെ ഒഴിവാക്കി, സ്വസ്ഥമായ ഇരിപ്പിടം കണ്ടെത്തുക എന്ന് ചുരുക്കം. അതേസമയം അത് ചെലവേറിയതോ അതീവസുഖപ്രദമോ ആവുകയുമരുത്.
(തുടരും)





