വീട്ടുമുറ്റത്തെ പൂരക്കാഴ്ച

Posted on: 18 Apr 2013

വി.എന്‍. രാഖി




വെടിക്കെട്ടിന്റെ നേരമായാല്‍ പേടിയുള്ള കുട്ടികളെല്ലാംകൂടെ അകത്തേക്കൊരോട്ടമാണ്. എല്ലാരേം ഏറ്റോം അറ്റത്തുള്ള ഒരു മുറിയിലാക്കി വാതിലടയ്ക്കും. പിന്നെ വെടിക്കെട്ട് തീര്‍ന്നേ ഇവരെ കാണാന്‍ കിട്ടൂ. വെടിക്കെട്ട് നമ്മുടെ തൊട്ടു മുന്നില്‍ത്തന്നെയായതു കൊണ്ട് പേടിയെന്താന്ന് ചെറുപ്പം മുതല്‍ അറിഞ്ഞൂടാ. എല്ലാം ഒരു ശീലം...' പറയുന്നത് തെക്കേ മണ്ണത്ത് തറവാട്ടിലെ ഇപ്പോഴത്തെ കാരണവത്തി പത്മജ ആര്‍. മേനോന്‍. തങ്കമ്മ എന്നു വിളിക്കുന്ന എണ്‍പത്തിനാലുകാരി പത്മജയുടെ ഓര്‍മകള്‍ക്ക് കുടമാറ്റത്തിന്റെ വര്‍ണ്ണപ്പകിട്ടിനോളം ചന്തം പോരാ. എങ്കിലും രസമുള്ള ഓര്‍മകള്‍ ഇനിയുമുണ്ട്.

'1947ലെ തൃശ്ശൂര്‍ പൂരം ദിവസം എങ്ങനെ മറക്കും? ഉച്ചയ്ക്ക് രണ്ടരയോടെ പൂരം എഴുന്നള്ളിപ്പ് മേളം മണ്ണത്ത് തറവാടിന്റെ മുന്നില്‍ തകര്‍ക്കുകയാണ്. വീട്ടിനകത്ത് അമ്മയ്ക്ക് പ്രസവവേദന. എഴുന്നള്ളിപ്പ് തെല്ലൊന്നു നീങ്ങിയില്ല, അതിനു മുമ്പേ ഞങ്ങള്‍ക്ക് ഒരു കുഞ്ഞനുജന്‍ ജനിച്ചിരിക്കുന്നു. എന്റെ ഏറ്റവും ഇളയ അനിയന്‍ ഗോപാലകൃഷ്ണന്‍. ഇപ്പോള്‍ ഈ തറവാട്ടില്‍ ഞാനും മകന്‍ നാരായണന്‍കുട്ടിയും ഭാര്യയും ഗോപാലകൃഷ്ണനും ഭാര്യയുമാണുള്ളത്.'

'മകം നാളുകാരനായ അച്ഛന്റെ പിറന്നാളും തൃശ്ശൂര്‍ പൂരം ദിവസത്തിലാണ്. അതുകൊണ്ട് പൂരാഘോഷം കുറച്ചുകൂടി പൊടിപൊടിക്കും. ഗംഭീര സദ്യയൊക്കെയായി മൂന്നാലു ദിവസം തറവാട്ടില്‍ തിരക്കോടു തിരക്ക് തന്നെയാവും. സാമ്പിള്‍ വെടിക്കെട്ടിനു മുമ്പേ പലയിടത്തുമുള്ള ബന്ധുക്കള്‍ തറവാട്ടില്‍ താമസിക്കാനെത്തും. പണിക്ക് ആളെ നിര്‍ത്തിയാണ് ഈ ദിവസങ്ങളില്‍ ഭക്ഷണമൊക്കെ ഒരുക്കിയിരുന്നത്'- തങ്കമ്മയുടെ ഓര്‍മകള്‍ തെളിഞ്ഞു.

പൂരം ദിവസം രാവിലെ മുതലുള്ള പറയെടുപ്പാണ് തങ്കമ്മയ്ക്ക് ഏറ്റവുമിഷ്ടം. തറവാടുവകയായി നെല്ലും മലരും പൂവും കൊണ്ട് മൂന്നു പറകളാണ് സ്ഥിരം വയ്ക്കാറ്. പതിമൂന്നു പറ വരെ വച്ച കാലവും ഉണ്ടായിരുന്നു. മൂന്നു വര്‍ഷമായി, കൂടിയാല്‍ അഞ്ചോ ആറോ പറയൊക്കെയേ വയ്ക്കാറുള്ളൂ. 'രാവിലെ എഴുന്നള്ളിപ്പു മുതല്‍ നായ്ക്കനാലിലെ കോലം കയറ്റലും വെടിക്കെട്ടുമൊക്കെ കണ്‍മുന്നില്‍ കാണുന്ന രസം- അതൊന്നു വേറെ തന്നെ. തെക്കോട്ടിറക്കം മാത്രമാണ് ദൂരെ നിന്നു കാണേണ്ടിവന്നിട്ടുള്ളത്.'

'ചമയം കാണാനും പൂരം കൊടിയേറ്റം മുതലുള്ള സകല ഒരുക്കങ്ങള്‍ കാണാനും ഞങ്ങള്‍ അലഞ്ഞുനടക്കും. അമ്മാവന്‍മാര്‍ കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകും. പക്ഷെ അച്ഛന്‍ മരിച്ചതോടെ ആഘോഷത്തിന്റെ ആവേശം കുറഞ്ഞു. ഇപ്പോഴെല്ലാം വീടിനുള്ളിലിരുന്നുള്ള കാഴ്ചകള്‍ മാത്രമായി. പണ്ടും ഇന്നും മാറ്റമില്ലാത്തത് ഒന്നുമാത്രം-വീടിന്റെ ടെറസ്സില്‍ നിന്ന് കണ്ടിരുന്ന വെടിക്കെട്ട്.'

നൂറ്റിയമ്പതു കൊല്ലം പഴക്കമുണ്ട് തെക്കേ മണ്ണത്തു തറവാടിന്. മുകളിലും താഴെയുമായി എട്ടു മുറികളുള്ള വലിയ തറവാട്. ഇപ്പോള്‍, റൗണ്ടിലേക്ക് തുറക്കുന്ന പടിപ്പുര വാതിലുള്ള ഏകവീടാണ് ഇത്. സ്വരാജ് റൗണ്ടില്‍ ഇതിനൊപ്പം ഉണ്ടായിരുന്ന മറ്റു വീടുകളൊന്നും ഇന്നില്ല.

എല്ലാം കടകളായി മാറി. ഇങ്ങേയറ്റത്തുള്ള പെട്രോള്‍ പമ്പു വരെ തറവാടിന്റെ സ്ഥലമാണ്. അതിനെല്ലാം ഇടയിലാണെങ്കിലും ഇപ്പോഴും മണ്ണത്തുകാര്‍ക്ക് പൂരത്തിന്റെ ആവേശം പഴയതില്‍ നിന്നും ഒട്ടും കുറവല്ല. തങ്കമ്മയുടെ അച്ഛന്‍ എം.എന്‍. മണാളര്‍ റൗണ്ടിലെ അന്നത്തെ ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപകനായിരുന്നു. അതാണ് ഇന്നത്തെ ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളായി മാറിയത്.

അമ്മ ചിന്നമ്മയും അഞ്ചു സഹോദരന്‍മാരുമൊത്തുള്ള അന്നത്തെ പൂരം എന്തുകൊണ്ടും കെങ്കേമമായിരുന്നു. ചിന്നമ്മയുടെ തറവാടാണ് തെക്കേ മണ്ണത്തു തറവാട്. വളര്‍ന്നപ്പോള്‍ നാലു സഹോദരന്‍മാരും ഓരോരോ സ്ഥലങ്ങളിലായി. കൊല്‍ക്കത്തയിലും ബാംഗ്ലൂരിലുമുള്ള ഇരട്ട സഹോദരന്‍മാര്‍ ഇന്ന് ജീവനോടെയില്ല. എറണാകുളത്തും പഴയന്നൂരിലുമാണ് ഇപ്പോഴുള്ള മറ്റു രണ്ടുപേര്‍.
കോട്ടയം ബസേലിയസ് കോളേജിലെ പ്രൊഫസറായിരുന്ന പി.രാജാറാം മേനോനാണ് തങ്കമ്മയുടെ ഭര്‍ത്താവ്. കല്യാണത്തിനു ശേഷം കോട്ടയത്തായിരുന്നു ഏറെനാള്‍. എങ്കിലും പൂരത്തിന് മുടക്കമില്ലാതെ എത്തുമായിരുന്നു. മണ്ണത്ത് തറവാട്ടില്‍ ഇപ്പോള്‍ മകനെക്കൂടാതെ രണ്ടു പെണ്‍മക്കള്‍ കൂടിയുണ്ട് തങ്കമ്മയ്ക്ക്. ഒരാള്‍ ചെമ്പൂക്കാവിലും മറ്റൊരാള്‍ തൃപ്പൂണിത്തുറയിലുമാണ് താമസം.

കാലത്തിനൊത്ത മാറ്റങ്ങള്‍ പൂരത്തിലും വന്നിട്ടുണ്ടെന്ന് സമ്മതിക്കുന്ന ഈ അമ്മ 'എത്ര കണ്ടാലും ഇതൊന്നും മടുക്കാത്തതെന്തേ' എന്ന് സംശയിച്ചിട്ടില്ല. പൂരത്തില്‍ മടുപ്പോ? എന്ന് ആവേശം കൊണ്ടിട്ടേയുള്ളൂ.



MathrubhumiMatrimonial