
ഗീതാദര്‍ശനം - 181
Posted on: 21 Mar 2009
സി. രാധാകൃഷ്ണന്‍
ധ്യാനയോഗം
യോഗീ യുഞ്ജീത സതതം
ആത്മാനം രഹസി സ്ഥിതഃ
ഏകാകീ യതചിത്താത്മാ
നിരാശീരപരിഗ്രഹഃ
യോഗാരൂഢന്‍ രഹസ്യത്തില്‍ഏകനായി സ്ഥിതി ചെയ്ത് ശരീരത്തെയും മനസ്സിനെയും പ്രവര്‍ത്തിപ്പിക്കുന്ന ബോധത്തെ നിയന്ത്രിച്ച്, (വേറെ) ആഗ്രഹങ്ങളില്ലാതെയും (സമ്പാദ്യങ്ങള്‍) ഒന്നും വാരിക്കൂട്ടാതെയും എപ്പോഴും (തന്റെ) ആത്മാവിനെ (പരമാത്മാവിനോട്) യോജിപ്പിച്ചുകൊണ്ടിരിക്കണം.
നിത്യജീവിതത്തില്‍ എപ്പോഴും ചെയ്യാവുന്ന അഭ്യാസമാണ് ഈ പറഞ്ഞത്. രഹസ്യത്തില്‍ ഏകനായി സ്ഥിതിചെയ്യുകയെന്നാല്‍ മുറിയടച്ച് തനിച്ചിരിക്കുക എന്നോ കാടുകയറി അജ്ഞാതവാസത്തിലാവുക എന്നോ മാത്രമല്ല സാരം. താന്‍ തനിച്ച് തന്റെ ഉള്ളിന്റെ ഉള്ളില്‍ വെച്ചുവേണം ഇതു ചെയ്യാന്‍. ആള്‍ക്കൂട്ടത്തിനിടയില്‍ ആയാലും ഗുഹയിലായാലും വനത്തിലായാലും ശ്രദ്ധ പരമാത്മാവില്‍ത്തന്നെ നില്‍ക്കണം. ഏകാകിതയും രഹസ്യവാസവും അന്തരംഗത്തിന്റെ ഏകാഗ്രതയെയാണ് സൂചിപ്പിക്കുന്നത്. വേറെ ആഗ്രഹങ്ങള്‍ ഇല്ലായ്മയും ഒന്നും വാരിക്കൂട്ടാതിരിക്കലും ഇതോടൊപ്പം പറയുന്നത് ശ്രദ്ധിക്കുക. എന്നുവെച്ചാല്‍ സാധാരണ ജീവിതത്തില്‍ ഏര്‍പ്പെടുമ്പോഴും ഈ പരിശ്രമം ആകാമെന്നുതന്നെ. കര്‍മയോഗവും ശ്രമവും ഒപ്പം ശീലിക്കാനാണ് നിര്‍ദേശം.
ഈ പദ്യം വ്യാഖ്യാനിക്കേ ഗുരു നിത്യചൈതന്യയതി ഇത്രകൂടി പറയുന്നു: ''നമ്മുടെ കാലത്ത് ആത്മീയമായ ആശയങ്ങളെ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വലിയ നഗരങ്ങളില്‍ ജനങ്ങളുടെ ശ്രദ്ധയെ പെട്ടെന്ന് പിടിച്ചുപറ്റുന്നതിനും അവരില്‍ നിന്നും ധനം ആര്‍ജിക്കുന്നതിനും വളരെ ഉത്സാഹം കാണിച്ചുവരുന്ന പ്രവണത വളര്‍ന്നുവന്നിട്ടുണ്ട്. അങ്ങനെയുള്ളവര്‍ ഈ ഗീതാവാക്യത്തെ ശ്രദ്ധയോടുകൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും. യാതൊരു തത്ത്വമാണോ ജീവിതത്തില്‍ സ്വീകരിക്കണമെന്ന് പഠിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നത്, അതിന്റെ എതിരുതന്നെ അവര്‍ ചെയ്യുവാന്‍ നിര്‍ബന്ധിതരായിത്തീരുന്നു.''
ആത്മസാക്ഷാത്കാരത്തിലേക്ക് കുറുക്കുവഴികളില്ല, മന്ത്രങ്ങളുമില്ല, അവനവന്‍ ഏകാഗ്രമായി പ്രയത്‌നനിക്കണം എന്ന സത്യപ്രസ്താവം ശ്രദ്ധേയമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ബുദ്ധിയുടെയും പിടിവലികളില്‍ നിന്ന് മാറി നിന്നേ തീരൂ. പുറത്തുനിന്ന് ആയിരം പേര്‍ സഹായിച്ചാലും ഒരടി മുന്നേറാന്‍ പറ്റാത്ത പാതയാണ്. തനിച്ച് വേണം യാത്ര. ഭൗതികമായി വല്ലതുമൊക്കെ നേടാനും (നേടിയതിനെ) സൂക്ഷിക്കാനും രക്ഷിക്കാനുമുള്ള വെപ്രാളങ്ങള്‍ ഉപേക്ഷിച്ചേ ഏകാഗ്രത കൈവരൂ.
(തുടരും)





