
ഗീതാദര്‍ശനം - 180
Posted on: 20 Mar 2009
സി. രാധാകൃഷ്ണന്‍
ധ്യാനയോഗം
സുഹൃന്മിത്രാര്യുദാസീന-
മധ്യസ്ഥദ്വേഷ്യബന്ധുഷു
സാധുഷ്വപി ച പാപേഷു
സമബുദ്ധിര്‍വിസിഷ്യതേ
('വിമുച്യതേ' എന്നു പാഠഭേദം)
സുഹൃത്ത്, മിത്രം, ശത്രു, ഉദാസീനന്‍, മധ്യസ്ഥന്‍, ബന്ധു ദ്വേഷത്തിന് കാരണമായവന്‍ എന്നിവരിലും നല്ലവരിലും കെട്ടവരിലും സമമായ (രാഗദ്വേഷങ്ങളറ്റ) ബുദ്ധിയോടു കൂടിയവന്‍ വിശിഷ്ടനാണ് (മോക്ഷത്തെ പ്രാപിക്കുന്നു).
മനുഷ്യ ബന്ധങ്ങളുടെ എല്ലാ വകഭേദങ്ങളെയും എണ്ണിപ്പറഞ്ഞിരിക്കുന്നു. ആദ്യം വ്യക്തിബന്ധങ്ങള്‍. പിന്നെ, സമൂഹത്തില്‍ നല്ലവരെന്നും കെട്ടവരെന്നും പൊതുവെ അറിയപ്പെടുന്നവരോടുള്ള ബന്ധങ്ങള്‍. ഇവരോടെല്ലാം ഏതേതു രീതിയില്‍ പെരുമാറേണ്ടിവരുമ്പോഴും ഇവരിലെല്ലാം കുടികൊള്ളുന്നത് ഒരേ ആത്മതത്ത്വമാണ് എന്ന സത്യം മനസ്സില്‍ ഉറച്ചുനില്‍ക്കണം. അത് ശീലമാക്കിയാല്‍ ശീതോഷ്ണങ്ങളും സുഖദുഃഖങ്ങളും മാനാപമാനങ്ങളും അശാന്തിയെ ഉളവാക്കാതെ കഴിയും. ദ്വന്ദ്വങ്ങളുടെ നിലനില്പുതന്നെ അസമത്വത്തിലാണല്ലൊ.
ജാതിയോ, കുലമോ, സമുദായമോ, ദേശമോ ലിംഗപ്രായഭേദങ്ങളോ ഒന്നും സമദര്‍ശനം എന്ന കാഴ്ചപ്പാടിന് മങ്ങലേല്പിക്കരുതെന്ന നിഷ്‌കര്‍ഷ ശ്രദ്ധേയമാണ്. വിശ്വപൗരത്വമാണ് ഗീത നിര്‍ദേശിക്കുന്നത്.
ആത്മസ്വരൂപത്തെ തിരിച്ചറിഞ്ഞ ആള്‍ക്ക് ഈ പ്രപഞ്ചം മുഴുക്കെ തന്റെ ശരീരമാണ്. പ്രപഞ്ചജീവന്‍ തന്റെ ജീവനുമാണ്. ഇയാളെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തിലെ ഏത് ഉരുവത്തിനുമുണ്ടാകുന്ന ഏത് പരിണതിയും തന്നിലാണ് സംഭവിക്കുന്നത്. എല്ലാം താന്‍തന്നെയാണ്. പിന്നെ ഏതുമെന്തും തമ്മില്‍ എന്ത് അസമത്വം!
അറിവിനെ അനുഭവമാക്കി മാറ്റിയാലേ സത്യാന്വേഷണത്തില്‍ തൃപ്തിയടയാനാവൂ എന്ന് നേരത്തെ സൂചിപ്പിച്ചു. കര്‍മയോഗം അതിന് എങ്ങനെ സഹായകമാകുമെന്ന് വിസ്തരിച്ചു. ഇതേ വഴിയില്‍ ചരിക്കുന്നതിന് തുണയാകുന്ന ധ്യാനം എവ്വിധം ചെയ്യണമെന്ന് ഇനി പറയുന്നു.
(തുടരും)





