
ഗീതാദര്‍ശനം - 179
Posted on: 20 Mar 2009
സി. രാധാകൃഷ്ണന്‍
ധ്യാനയോഗം
ജ്ഞാനവിജ്ഞാന തൃപ്താത്മാ
കൂടസ്ഥോ വിജിതേന്ദ്രിയഃ
യുക്ത ഇത്യുച്യതേ യോഗീ
സമലോഷ്ടാശ്മകാഞ്ചനഃ
പഠിച്ചറിവുകൊണ്ടും അനുഭവജ്ഞാനംകൊണ്ടും (സത്യാന്വേഷണത്തില്‍) തൃപ്തി കൈവന്നവനും ഇളകാത്ത ചിത്തത്തോടുകൂടിയവനും ഇന്ദ്രിയങ്ങളെ നല്ലവണ്ണം ജയിച്ചവനും മണ്ണ്, കല്ല്, കനകം എന്നിവയെ ഒരുപോലെ കാണുന്നവനുമായ യോഗിയെ യോഗയുക്തന്‍ എന്നു പറയുന്നു.
വായിച്ചോ, ഗുരുപദേശംകൊണ്ടോ ഉണ്ടായ അറിവിനെ അനുഭവമാക്കി മാറ്റി തൃപ്തനായ ആള്‍ക്ക് തന്നെപ്പറ്റിയോ ലോകത്തെപ്പറ്റിയോ സത്യശങ്ക ഉണ്ടാവില്ല. അതിനാല്‍ മാനാപമാനങ്ങളില്‍ അയാളുടെ ബുദ്ധി പതറില്ല. മാനവും അപമാനവും രണ്ടും വെറും തോന്നലുകളാണെന്ന തിരിച്ചറിവ് ആ ബുദ്ധിക്ക് കൈവന്നിരിക്കും. ഇളകാത്ത മനസ്സുള്ളവരെ സുഖദുഃഖങ്ങള്‍ അശാന്തരാക്കില്ല. നിത്യാനിത്യവിവേകം നേടിയ ബുദ്ധി അശാന്തിയെ, അത് അഥവാ മുളപൊട്ടിയാലും വളരാന്‍ അനുവദിക്കയുമില്ല. അതുപോലെ ഇന്ദ്രിയങ്ങളെ ജയിച്ചവന് ഇന്ദ്രിയാനുഭൂതികളാല്‍ അശാന്തിയുണ്ടാവില്ല. ഉണ്ടായാലത് മനസ്സു വകവെച്ചുകൊടുക്കില്ല. വകവെച്ചുകൊടുക്കാന്‍ അഥവാ മനസ്സ് മുതിര്‍ന്നാലും ബുദ്ധി അത് അനുവദിക്കില്ല. അവിദ്യ (അറിവില്ലായ്മ) ഇന്ദ്രിയമനോബുദ്ധികളിലൂടെയാണ് ആത്മാവിനെ മൂടുന്നത്. ഈ മൂന്നുംതന്നെയാണ് ആ ആവരണത്തെ നീക്കാനുള്ള ഉപാധികളും. അതിനാലാണ് അവ ബന്ധുക്കളാണെന്ന് പറഞ്ഞത്. അവിദ്യാവിധേയങ്ങളാല്‍ അവ ശത്രുക്കളാവുന്നു.
അറിവാണ് എല്ലാറ്റിലും മുഖ്യമെന്ന് ഗീതയില്‍ പലേടത്തായി ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്തറിഞ്ഞാല്‍ പിന്നെ അറിയാനായി ഒന്നും അവശേഷിക്കുന്നില്ലയോ ആ അറിവ് ഈശ്വരന്‍ തന്നെയാണ്. അത്ര പവിത്രമായി വേറൊന്നും പ്രപഞ്ചത്തില്‍ ഇല്ല. എല്ലാ ദുരിതക്കടലുകളും കടക്കാനുള്ള തോണിയാണത്.
പലതായി പിരിഞ്ഞുനിന്ന അറിവിന്റെ ഒന്നിച്ചുചേരലിനെയാണ് നേരത്തേ സമാഹിതം എന്നു പറഞ്ഞത്. അതോടെ, ജീവാത്മാ പരമാത്മാ എന്ന ഭേദമില്ലാതാവുന്നു. ആ നിലയില്‍ ഇരിക്കെ മണ്ണും കല്ലും സ്വര്‍ണവും സമമാണ്. വ്യാവഹാരികമൂല്യങ്ങളെ യോഗി നിഷേധിക്കണമെന്നല്ല, അവയ്ക്ക് യഥാര്‍ഥത്തില്‍ പ്രസക്തി ഇല്ല എന്ന് അനുഭവരൂപത്തില്‍ അറിയണം എന്നേ താത്പര്യമുള്ളൂ. അന്നത്തിന് പകരം മണ്ണ് തിന്നാന്‍ ഒരു പരമയോഗിക്കും കഴിയില്ലല്ലോ.
അറിവിന്റെ മുഖമുദ്രയും അറിവിലേക്കുള്ള വഴിയും സര്‍വത്ര സമദര്‍ശനമാണ് എന്നിരിക്കെ, വിശ്വത്തില്‍ കല്ലും മണ്ണും സ്വര്‍ണവുമൊക്കെ ഉള്ളപോലെ മനുഷ്യരുമുണ്ടല്ലോ, അവരില്‍ വിവിധതരക്കാരെന്നറിയപ്പെടുന്നവരെ എങ്ങനെ കാണണം?
(തുടരും)





