githadharsanam

ഗീതാദര്‍ശനം - 178

Posted on: 17 Mar 2009

സി. രാധാകൃഷ്ണന്‍



ധ്യാനയോഗം


ജിതാമ്‌നഃ പ്രശാന്തസ്യ
പരമാത്മാ സമാഹിതഃ
ശീതോഷ്ണസുഖദുഃഖേഷു
തഥാ മാനാപമാനയോഃ

ചൂടും തണുപ്പും സുഖവും ദുഃഖവും അതുപോലെ മാനവും അപമാനവും അനുഭവിക്കുമ്പോഴും ആത്മനിയന്ത്രണത്തോടെ പ്രശാന്തനായി സ്ഥിതിചെയ്യുന്നവനില്‍ പരമാത്മാ സാക്ഷാല്‍ ആത്മ ഭാവത്തോടുകൂടി ഇരിക്കുന്നു.
ജീവിതത്തിലെ ശാന്തതയാണ് നമുക്കുമേല്‍ നാംതന്നെ നേടിയ ജയത്തിന് തെളിവ്. ശാന്തത അനുഭവപ്പെടുന്നുണ്ടോ എന്നു നോക്കിയാല്‍ ഈ പരീക്ഷയില്‍ എത്ര മാര്‍ക്ക് കിട്ടി എന്നറിയാം. അശാന്തി അഥവാ ഇരിക്കപ്പൊറുതിയില്ലായ്മ പാസ്മാര്‍ക്കില്ലാത്തതിനു തെളിവാണ്. ഭരണാധികാരികള്‍ എന്നല്ല പുറമെ ആര്‍ വിചാരിച്ചാലും ഈ കടമ്പ കടത്തിവിടാനാവുകയുമില്ല.
കടമ്പ കടന്നുകിട്ടിയാലോ, പരമാത്മാവിന്റെ സാന്നിധ്യം ആത്മാവില്‍ തെളിയും. പരമാത്മാവ് ആനന്ദസ്വരൂപമാണ്. സങ്കല്പങ്ങളുടെയും വികാരങ്ങളുടെയും ചിന്തകളുടെയും ചണ്ടി വകഞ്ഞുമാറ്റി നോക്കിയാല്‍ സ്വസ്വരൂപം കാണാം. ആ കാഴ്ചയാണ് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. മഹായോഗികള്‍ക്കോ മഹാത്മാക്കള്‍ക്കോ മാത്രമല്ല, സാധാരണക്കാരായ നിങ്ങള്‍ക്കും എനിക്കുമൊക്കെ ഇതു സാധിക്കുമെന്ന് ഗീത ഉറപ്പു തരുന്നു. പരമാത്മസ്വരൂപത്തെ ആവരണം ചെയ്തിരിക്കുന്ന ചണ്ടിക്ക് മൂന്നു വിതാനങ്ങളുണ്ട്. ആദ്യത്തേത് പ്രകൃതിയിലെ മാറ്റങ്ങള്‍ ദേഹത്തിലുളവാക്കുന്ന 'അസ്‌ക്യതക'ളുടെ തലം. ഇവിടെ ചൂടും തണുപ്പുമെന്നു പറയുന്നത് ഇത്തരം എല്ലാ ഭൗതികദ്വന്ദങ്ങളെയും പ്രതിനിധീകരിച്ചാണ്. ഇവ വരുന്നത് മനസ്സിന്റെ പ്രവര്‍ത്തനത്തിന് പ്രതികരണങ്ങളായല്ല. പക്ഷേ, മനസ്സില്‍ ഇവ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു. ഇതു ശാരീരികമായ ആവരണം. രണ്ടാമത്തേത് സുഖദുഃഖങ്ങളുടെ തലം. മനസ്സിന്റെതന്നെ മുന്‍വിധികളനുസരിച്ചാണ് ഇവയുടെ ഉല്പത്തി. സങ്കല്പങ്ങളിലാണല്ലോ ഇവയുടെ വേരുകള്‍. അതിനാല്‍, കൂടുതല്‍ കട്ടിയുള്ളതാണ് വികാരനിര്‍മിതമായ ഈ ആവരണം. മൂന്നാമത്തേത്, മാനാപമാനങ്ങളുടെ തലം. ഇവിടെ അശാന്തിക്ക് കാരണമാകുന്നത് ബുദ്ധിയുടെ വിലയിരുത്തലാണ്. നമുക്ക് നമ്മെപ്പറ്റിയുള്ള വിചാരമാണല്ലോ മാനപമാനങ്ങളുടെ മാനദണ്ഡം. ഈ മൂന്ന് ആവരണങ്ങളില്‍ ഏതെങ്കിലും ഒന്നിലോ എല്ലാറ്റിലുംകൂടിയോ ആണ് ഏതു പ്രാപഞ്ചികാനുഭവവും അടിഞ്ഞുകൂടുക. അകത്തുള്ള പ്രശാന്തിയെ കണ്ടെത്തണമെങ്കില്‍ ഇന്ദ്രിയമനോബുദ്ധികളുടെ വകയായ ഈ മൂന്നു ചണ്ടിപ്പാടകളെയും വകഞ്ഞുനീക്കണം. അതിനുള്ള വഴി കേള്‍ക്കുക:

(തുടരും)



MathrubhumiMatrimonial