githadharsanam

ഗീതാദര്‍ശനം - 177

Posted on: 17 Mar 2009

സി. രാധാകൃഷ്ണന്‍



ധ്യാനയോഗം


ബന്ധുരാത്മാത്മനസ്തസ്യ
യേനാത്‌മൈവാത്മനാ ജിതഃ
അനാത്മനസ്തു ശത്രുത്വേ
വര്‍ത്തേതാത്‌മൈവ ശത്രുവത്

ഏതൊരുവന്‍ ഇത്തരത്തില്‍ തന്റെ ആത്മാവിനെ ആത്മാവിനാല്‍ത്തന്നെ ജയിച്ചിരിക്കുന്നുവോ അവന് തന്റെ ആത്മാവ് ബന്ധുവാണ്. എന്നാല്‍, കീഴടങ്ങാത്ത ആത്മാവോടുകൂടിയവന് തന്റെ ആത്മാവ് ശത്രുവെപ്പോലെ അപകടകാരിയായി വര്‍ത്തിക്കുന്നു.

അതിസരളമാണ് കാര്യം: ആത്മനിയന്ത്രണമുള്ളവന്റെ ഉള്ളം അവന്റെ ബന്ധുവാണ്. സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തവന്റെ ഉള്ളമോ അവന്റെ വൈരിയും. സാധാരണജീവിതത്തില്‍ നമുക്ക് അനുഭവമുള്ളതാണിത്. ഏത് ഇടപാടിലും നമ്മെ സ്വയം നിയന്ത്രിക്കാന്‍ നമുക്കു കഴിഞ്ഞാല്‍, ആ ഇടപാടിന്റെ ഫലമെന്തായിരുന്നാലും നമുക്ക് സമാധാനവും തൃപ്തിയും സന്തോഷവും ഉണ്ടാവും. ആര്‍ത്തി, ദേഷ്യം, വിവേകക്കുറവ് എന്നിവയാല്‍ നാം പൊട്ടിത്തെറിച്ചാലോ? നാശവും ദുഃഖവും കഷ്ടനഷ്ടങ്ങളും ഫലം! ശ്രമിച്ചാല്‍ ആര്‍ക്കും പടിപടിയായി ആത്മനിയന്ത്രണം നേടാം. ആത്മനിയന്ത്രണത്തിന്റെ ഔന്നത്യങ്ങളെ സ്വജീവിതംകൊണ്ട് ഉദാഹരിച്ചവരാണല്ലോ ഗാന്ധിജിയെയും മദര്‍ തെരേസയെയുംപോലുള്ള മഹാത്മാക്കള്‍. പ്രവാചകരാകട്ടെ, ആത്മനിയന്ത്രണം ജന്മനാ കൈവന്നവരും.

നമ്മുടെ മനസ്സിനെ നിയന്ത്രിക്കാനെന്നല്ല നേരെച്ചൊവ്വെ അറിയാന്‍പോലും നമുക്കു കഴിയാറില്ല. ഉപബോധമനസ്സിലെ (sub-conscious mind) മുറിവുകളും തെറ്റായ ബോധ്യങ്ങളും ആഗ്രഹങ്ങളും ജീവിതത്തെ എങ്ങനെയെല്ലാം കോലം കെടുത്തുന്നുവെന്ന് ആധുനിക മനഃശാസ്ത്രം ഏറെക്കുറെ അന്വേഷിച്ചറിഞ്ഞിട്ടുണ്ടല്ലോ. ഒരുവന്റെ ആത്മാവ് അവന് അപകടകാരിയാവുന്നതിന്റെ അന്തിമഫലം എന്തെന്ന് ലോകത്തെങ്ങുമുള്ള മനോരോഗചികിത്സാലയങ്ങളിലും ജയിലുകളിലും കഴിയുന്നവരില്‍ ഭൂരിപക്ഷവും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

അത്തരക്കാരില്‍ കാണുന്നത് പക്ഷേ, തന്നെ താന്‍ ജയിക്കാഞ്ഞാലുണ്ടാകുന്ന അരാജകത്വത്തിന്റെ പരമകാഷ്ഠയാണ്. കമ്പിവേലിക്കു പുറത്താണെങ്കിലും നമ്മില്‍ മിക്കവരും ഏറിയോ കുറഞ്ഞോ 'അസുഖം' ഉള്ളവര്‍തന്നെ. നമ്മെ വലയ്ക്കുന്ന ക്ഷോഭങ്ങളും സങ്കടങ്ങളും അശാന്തിയും തന്നെയാണ് അതിന്റെ ലക്ഷണങ്ങള്‍. നമ്മുടെ ആത്മാവ് നമ്മുടെ നിയന്ത്രണത്തിലാണെങ്കില്‍, അഥവാ നമ്മുടെ ആത്മാവിന് നമ്മോട് ഒട്ടുംതന്നെ ശത്രുതയില്ലെങ്കില്‍, നാം ഒരു കാരണവശാലും അല്പംപോലും സന്തപിക്കേണ്ടിവരില്ല. നമ്മുടെ ആത്മാവിനെ നമ്മുടെ ഉറ്റബന്ധുവാക്കാന്‍, മരുന്നിന്റെയോ ചികിത്സകന്റെയോ മന്ത്രവാദിയുടെയോ ഒരു സഹായവും കൂടാതെതന്നെ, നമുക്കു സ്വയം സാധിക്കുമെന്നാണ് ഗീത പറയുന്നത്. അറിവും പ്രവൃത്തിയും ധ്യാനവും ശരിയായാല്‍ സംഗതി ഒത്തുകിട്ടും. അത് ഒത്തുകിട്ടിയാല്‍ നമ്മുടെ സ്ഥിതി എങ്ങനെയിരിക്കുമെന്ന്, പരിശ്രമികളെ പ്രോത്സാഹിപ്പിക്കാനായി വിസ്തരിക്കുന്നു:

(തുടരും)



MathrubhumiMatrimonial