githadharsanam

ഗീതാദര്‍ശനം - 176

Posted on: 16 Mar 2009

സി. രാധാകൃഷ്ണന്‍



ധ്യാനയോഗം


ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്
ആത്‌മൈവഹ്യാത്മനോ ബന്ധു
ആത്‌മൈവ രിപുരാത്മനഃ

ആത്മാവിനെക്കൊണ്ട് ആത്മാവിനെ ഉദ്ധരിക്കണം. ആത്മാവിനെ തളര്‍ത്തരുത്. എന്തുകൊണ്ടെന്നാല്‍ ആത്മാവിന് ബന്ധു ആത്മാവു മാത്രമാണ്. ആത്മാവിന്റെ ശത്രുവും ആത്മാവുതന്നെയാണ്.

മുഴുവന്‍ അധ്യാത്മവിദ്യയുടെയും രത്‌നനച്ചുരുക്കം ഈ ഒരു പദ്യത്തിലുണ്ട്. അതേസമയം, ഇത് ബാലപാഠവുമാണ്. അക്ഷരാര്‍ഥത്തില്‍ 'ഹരിശ്രീ' എന്ന് തുടങ്ങുന്നു. മനുഷ്യരെയെല്ലാം മൊത്തമായാണ് ഗീത അഭിസംബോധന ചെയ്യുന്നത്. മനുഷ്യനില്‍ രണ്ട് 'ഞാനുകള്‍' ഉണ്ട്. ഒന്ന് ഇന്ദ്രിയമനോബുദ്ധികളുടെ ഉത്പന്നമായ ഞാന്‍. മറ്റേത് പരമാത്മ സ്വരൂപമായ ഞാന്‍. പരമാത്മ സ്വരൂപം തളരുകയോ തളര്‍ന്ന വല്ലതിനെയും ഉദ്ധരിക്കാന്‍ ഉപകരണമാവുകയോ ഇല്ല. കാരണം, അത് നിര്‍ഗുണവും നിത്യവും അവ്യയവുമാണ്. ഇതിനു രണ്ടിനും കൊള്ളാവുന്നത് പ്രാപഞ്ചികമായ 'ഞാന്‍' ആണ്. (ഗീതയിലും ഉപനിഷത്തിലും ആത്മശബ്ദം ഇത്തരം അര്‍ഥഭേദത്തോടെ ഉപയോഗിക്കുന്നുണ്ട്.)

നമ്മുടെ തന്നെ സ്വത്വത്തെക്കുറിച്ച് മാതൃകാപരമായ ഒരു സങ്കല്പം നമ്മിലെല്ലാവരിലും ഉണ്ടല്ലോ. അതായിത്തീരാന്‍ മിക്കപ്പോഴും നമുക്ക് സാധിക്കാറില്ല. അതിനോട് വല്ലവിധവും അല്പം അടുക്കുമ്പോള്‍ വലിയ സന്തോഷവും അതില്‍നിന്നകലുമ്പോള്‍ വിഷമവും നമുക്കുണ്ടാവുന്നു. ആദര്‍ശത്തിലെ 'ഞാ'നും യഥാര്‍ഥ 'ഞാ'നും തമ്മിലുള്ള അന്തരമാണ് പൂര്‍ണതയില്‍നിന്നുള്ള നമ്മുടെ വീഴ്ചയുടെ ആഴം. നമ്മിലെ മഹത്വത്തിന്റെ ഉയരങ്ങളിലേക്കു പോകാന്‍, അതായത് സംസ്‌കാരസമ്പന്നരാകാന്‍, ഈ വിടവ് നികന്നുകിട്ടണം.

സ്വയം ഉദ്ധരിക്കാന്‍ ആര്‍ക്കും കഴിയുമെന്നു മാത്രമല്ല അതിന് അവനവന് മാത്രമേ കഴിയൂ എന്നുകൂടി ഗീത ശഠിക്കുന്നു. ആചാരങ്ങളോ പുരോഹിതനോ ഉതകില്ല. ബാഹ്യശക്തിയായി ഒരു ദൈവം അതിന് സഹായിക്കാനില്ല. കണ്ണു കീറാനേ ഗുരുവിനുപോലും കഴിയൂ. ശിഷ്യന്‍ സ്വയം കാണണം. നിലവിലിരുന്ന വിശ്വാസങ്ങളെ തീര്‍ത്തും നിഷേധിച്ചുകൊണ്ട് മനുഷ്യന് ആത്‌മോദ്ധാരണത്തിന്റെ കാര്യത്തില്‍ പരിപൂര്‍ണമായ വ്യക്തിസ്വാതന്ത്ര്യവും അനിഷേധ്യമായ അവകാശവും സ്ഥാപിക്കുകയാണ് ഈ പാഠത്തിലൂടെ ഗീത.
തനിക്ക് താന്‍ തന്നെ ബന്ധുവും ശത്രുവുമാകുന്നത് എപ്രകാരമെന്നതിന്റെ രീതിശാസ്ത്രമാണ് അടുത്ത പടി.

(തുടരും)



MathrubhumiMatrimonial