githadharsanam

ഗീതാദര്‍ശനം - 175

Posted on: 15 Mar 2009


ധ്യാനയോഗം


യദാ ഹി നേന്ദ്രിയാര്‍ഥേഷു
ന കര്‍മസ്വനുഷജ്ജതേ
സര്‍വസങ്കല്പസന്ന്യാസീ
യോഗാരൂഢസ്തദോച്യതേ

എല്ലാ സങ്കല്പങ്ങളെയും ഉപേക്ഷിച്ച ഒരുവന്‍ എപ്പോള്‍ ഇന്ദ്രിയവിഷയങ്ങളോടും കര്‍മങ്ങളോടും ഒട്ടിനില്ക്കുന്നില്ലയോ അപ്പോള്‍ അവനെ യോഗാരൂഢന്‍ എന്നു വിളി
ക്കുന്നു.
യോഗം ശീലിക്കുന്നവര്‍ക്കുണ്ടാകാവുന്ന അഞ്ച് തടസ്സങ്ങളെപ്പറ്റി പാതഞ്ജലയോഗസൂത്രത്തില്‍ പറയുന്നു. അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം എന്നിവയാണ് അവ. (ഇതില്‍ അവസാനത്തെ നാലും സങ്കല്പത്തില്‍ നിന്നുണ്ടാകുന്നതാണ്. എന്നു വെച്ചാല്‍, മനസ്സിലുണ്ടാകാവുന്ന ഏറ്റവും വലിയ കൊടുങ്കാറ്റുകള്‍ പുറത്തുനിന്നു വരുന്നതല്ല. സ്വന്തം സങ്കല്പത്തിന്റെ സൃഷ്ടികളാണ്. അതിനാലാണ് 'ഒട്ടിനില്ക്കുന്നില്ല' എന്നതിനോട് 'അനു' ചേര്‍ത്ത് 'അണുവിടപോലും' എന്നു പറഞ്ഞത്.) തന്റെയും പ്രപഞ്ചത്തിന്റെയും ഉണ്മയെക്കുറിച്ചുള്ള തെറ്റായ ധാരണയാണ് അവിദ്യ. ഇതു നീങ്ങാന്‍ പരമാര്‍ഥജ്ഞാനം വേണം. സാങ്കല്പികമായ ലൗകികസുഖത്തിനായി മനസ്സ് വെമ്പല്‍ കൊള്ളുന്നത് അസ്മിത. അതില്‍ നിരുത്സാഹപ്പെടുത്തി മനസ്സിനെ പിന്തിരിപ്പിക്കുന്നത് ശമം. മുന്നനുഭവത്തിന്റെ സുഖസ്മരണയിലേക്ക് മനസ്സിനെ വലിച്ചിഴയ്ക്കുന്നതാണ് രാഗം. (സുഖാനുശായീ രാഗഃ-പതഞ്ജലി) അതിനു നിവൃത്തി വരുത്തുന്നതും ശമം തന്നെ. അപകാരിയെ ദുഃഖിപ്പിക്കാനുള്ള ആവേശം ദ്വേഷം. ഇതില്‍നിന്ന് കാരുണ്യചിന്തയിലൂടെ മനസ്സിന്റെ സൗമ്യത വീണ്ടെടുക്കുന്നതും ശമം. ഐഹികസുഖാനുഭവത്തിനുള്ള ഭ്രാന്തമായ ആര്‍ത്തിയാണ് അഭിനിവേശം. ആത്മാവിന്റെ സഹജമായ ആനന്ദത്തെ ഓര്‍മിച്ച് ഇതിന് പരിഹാരം കാണുന്നതും ശമത്തിലൂടെയാണ്. യോഗസൂത്രത്തില്‍ 'സ്വരൂപാവസ്ഥയെ പ്രാപിക്കുക' എന്നു പറയുന്ന കാര്യം തന്നെയാണ് ഗീതയിലെ 'യോഗാരൂഢ'ത്വം.
എല്ലാ സങ്കല്പങ്ങളും നീങ്ങിയാല്‍ 'ഞാന്‍ ആത്മാവാകുന്നു' എന്ന നിശ്ചയത്തില്‍ ഉറപ്പുകിട്ടും. അതുതന്നെയാണ് യോഗയുക്തമായ സ്ഥിതി. അതില്‍ നല്ലപോലെ ഉറച്ചാല്‍ പിന്നെ ഒരു സങ്കടവും ബാധിക്കില്ല. ആ മനഃസ്ഥിതിയോടെ കര്‍മങ്ങള്‍ ചെയ്ത് ആ മനഃസ്ഥിതിയെ കൂടുതല്‍ ഉറപ്പിക്കണം. കര്‍മപ്രപഞ്ചത്തെ ഉപേക്ഷിച്ചാല്‍ അത് സാധിക്കില്ല.

(തുടരും)



MathrubhumiMatrimonial