
ഗീതാദര്‍ശനം - 174
Posted on: 13 Mar 2009
സി. രാധാകൃഷ്ണന്‍
ധ്യാനയോഗം
ആരുരുക്ഷോര്‍ മുനേര്‍യോഗം
കര്‍മകാരണമുച്യതേ
യോഗാരൂഢസ്യ തസൈ്യവ
ശമഃ കാരണമുച്യതേ
യോഗത്തെ (പരമാത്മസ്വരൂപവുമായുള്ള ചേര്‍ച്ചയെ) പ്രാപിക്കാന്‍ പ്രയത്‌നനിക്കുന്ന മുനിക്ക് (ഫലേച്ഛയില്ലാത്ത) കര്‍മം (ചിത്തശുദ്ധികരമാകയാല്‍) (ലക്ഷ്യപ്രാപ്തിക്ക്) കാരണമായി പറയപ്പെടുന്നു. യോഗത്തില്‍ അടിയുറപ്പു കിട്ടിക്കഴിയുമ്പോഴോ, എല്ലാ കര്‍മങ്ങളില്‍ നിന്നും മനസ്സുകൊണ്ടുള്ള നിവൃത്തി (ലക്ഷ്യപ്രാപ്തിക്ക്) കാരണമെന്നും പറയപ്പെടുന്നു. (ശരിയായറിഞ്ഞ മനസ്സുകൊണ്ട് വ്യാവഹാരിക യാഥാര്‍ഥ്യങ്ങളെ അതിവര്‍ത്തിക്കുന്നത് ശമം. അല്ലാതെ, 'ശമ'ത്തെ കര്‍മങ്ങളുടെ ത്യാഗമെന്നു വ്യാഖ്യാനിക്കുന്നത് ഗീതയുടെ താത്പര്യത്തിന് ചേരില്ല.)
കുതിരയെ മെരുക്കി അതിന്മേല്‍ സവാരി സുഖകരമാക്കുന്നതിനോടാണ് ഉപമ. മനസ്സാണ് കുതിര. അതിനെ നിയന്ത്രിക്കാന്‍ ആദ്യം പഠിക്കണം. പുറത്തു കയറി ഇരിക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രവും ആയില്ല. കടിഞ്ഞാണ്‍ വലിച്ചും അയച്ചും വഴിവിട്ടു പോകാതെ കൊണ്ടുപോകാനും ശീലിക്കണം. ഉരുണ്ടു വീഴാം, ചവിട്ടേല്‍ക്കാം. പക്ഷേ, വിട്ടു നിന്നാല്‍ സവാരി പഠിയില്ല. കടിഞ്ഞാണ്‍ കൈവിട്ടാല്‍ കുതിര അതിന്റെ പാട്ടിന് പോവുകയും ചെയ്യും.
നിത്യജീവിതത്തില്‍ നമുക്ക് ചിലപ്പോള്‍ നിമിഷംപ്രതി എന്നോണം കര്‍മഗതിയെ വിവേകപൂര്‍വം തിരുത്തേണ്ടിവരും. അതായത്, കര്‍മം പാഠമായിത്തീരുന്നു. അങ്ങനെയാണ് കര്‍മം ജ്ഞാനാര്‍ഥിയുടെ ലക്ഷ്യപ്രാപ്തിക്ക് കാരണമാകുന്നത്. യോഗാരൂഢനായിത്തീര്‍ന്നാലും ലൗകികജീവിതത്തിലെ കര്‍മങ്ങള്‍ 'സമ'ബുദ്ധിയോടെ ചെയ്യുന്നത് യോഗപ്പുറത്തെ ഇരിപ്പ് കൂടുതല്‍ ദൃഢമാക്കുന്നു. യേശുക്രിസ്തു യരുശലേമിലെ ദേവാലയത്തില്‍ നിന്ന് പലിശക്കാരെ ചാട്ടവാറടിച്ച് പുറത്താക്കി. പരമപദത്തിലെ ഇരിപ്പ് എത്ര ഉറച്ചതായാലും ചിലപ്പോള്‍ ഇങ്ങനെ ഘോരകര്‍മങ്ങള്‍ വേണ്ടിവരും. അവയുമായുള്ള സംഗരഹിതമായ വേഴ്ച യോഗാരൂഢത്വം കൂടുതല്‍ ഉറയ്ക്കുന്നതിന് ഉപകരിക്കുന്നു.
ഏതൊരാള്‍ക്കും യോഗത്തിന്റെ വഴി സ്വീകരിക്കാം. ക്ഷോഭത്തിന് ഇരയാകാതിരിക്കുന്നവര്‍ക്കോ ക്ഷോഭത്തിന് ഇരയാകുന്നവര്‍ക്കോ ആര്‍ക്കാണ് ജീവിതവിജയവും സമാധാനവുമുണ്ടാകുന്നതെന്ന് ആലോചിച്ചുനോക്കൂ. ദുരാഗ്രഹികള്‍ക്ക് സന്തുഷ്ടരാകാന്‍ കഴിയുമോ എന്നും ചിന്തിക്കൂ. ഈ ചിന്തയോടെ നാം ആരുരുക്ഷുക്കളായിക്കഴിഞ്ഞു. പക്ഷേ, അങ്ങെത്താന്‍ ഇത്രയും പോരാ. പിന്നെ, എന്ത് എത്ര വേണം? നോക്കാം
(തുടരും)





