githadharsanam

ഗീതാദര്‍ശനം - 171

Posted on: 11 Mar 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനകര്‍മ സംന്യാസയോഗം


ഗീതയിലെ പതിനെട്ട് അധ്യായങ്ങളെ ആറാറു വീതമുള്ള മൂന്നു ഭാഗങ്ങളായി കാണുന്ന പതിവുണ്ട്. ഈ മൂന്നില്‍ ഓരോ ഭാഗവും 'തത്ത്വമസി' എന്ന മഹാവാക്യത്തിലെ ഓരോ പദത്തെ പ്രതിപാദിക്കുന്നു എന്നതാണ് ആ സങ്കല്പത്തിന്റെ കാതല്‍. ഉദാഹരണത്തിന് ആദ്യത്തെ ആറധ്യായങ്ങള്‍ ത്വം (നീ) എന്നതിനെ പരാമര്‍ശിക്കുന്നു. അതായത്, വിദ്യാര്‍ഥിയുടെ അറിവും മനോഭാവവും പാകപ്പെടുത്തുന്നു. തുടര്‍ന്നുള്ള ആറധ്യായങ്ങള്‍ തത് (അത്) എന്നതിനെയും (പരമാത്മസ്വരൂപത്തെ) ശേഷം ഭാഗം അസി (ആകുന്നു) എന്ന അനുഭവത്തെയും വിഷയമാക്കുന്നു.
സത്യാന്വേഷണത്തിലേക്ക് നയിക്കുന്ന വിഷാദത്തില്‍ ഒന്നാം ഭാഗം തുടങ്ങുന്നു. രണ്ടാമധ്യായം ഉപനിഷത്തുകളിലെ അറിവത്രയും ആറ്റിക്കുറുക്കി നല്‍കി അന്വേഷകന്റെ താത്പര്യത്തെ ഉണര്‍ത്തുന്നു. ജനനം മുതല്‍ മരണംവരെ ജീവിതം കര്‍മബദ്ധമാണെന്നിരിക്കെ, കര്‍മത്തോടുള്ള സമീപനം ശരിയാവാതെ ഗതി കിട്ടില്ലെന്നതിനാല്‍ കര്‍മയോഗം എന്ന മൂന്നാമധ്യായം യജ്ഞസങ്കല്പത്തെ അവതരിപ്പിക്കുന്നു. നാലാമധ്യായം ഈ സങ്കല്പത്തെ ആത്യന്തികമായ അറിവിന്റെ വെളിച്ചത്തില്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തുന്നു. ഇങ്ങനെ നമ്മുടെ മനസ്സിനെ ഉഴുതുമറിച്ച് കള പറിക്കാന്‍ ശീലിപ്പിച്ചതില്‍പ്പിന്നെ അഞ്ചാമധ്യായത്തില്‍, കര്‍ത്താവെന്ന ബോധത്തെയും ഫലാകാംക്ഷയെയും അതിജീവിച്ച് വാസനകളെ ജയിക്കാന്‍ പഠിപ്പിക്കുന്നു. എന്നിട്ട്, ആറാമധ്യായത്തില്‍, ധ്യാനത്തിലൂടെ ആത്മസ്വരൂപത്തെ അറിഞ്ഞ് അതുമായി താദാത്മ്യം പ്രാപിക്കാനുള്ള വഴി വിശദീകരിക്കുന്നു.
സമുദ്രംപോലെ വിസ്തൃതമായ പൗരസ്ത്യആത്മീയ സാഹിത്യത്തില്‍ മറ്റൊരേടത്തും ധ്യാനത്തെ ഇത്ര സരളമായും സമഗ്രമായും കൈകാര്യം ചെയ്തുകാണുന്നില്ല. ലക്ഷ്യമെങ്ങനെ, വഴി എങ്ങനെ, വഴി അഥവാ തടസ്സപ്പെട്ടാലൊ പിഴച്ചാലൊ എങ്ങനെ എന്നെല്ലാം സംശയരഹിതമായും യുക്തിയുക്തമായും പറയുന്നു. ഒരു ഭേദവും കൂടാതെ എല്ലാ മനുഷ്യര്‍ക്കും ഇവിടെയും എവിടെയും ഇപ്പോഴും എപ്പോഴും ജീവിതവിജയത്തിനായി ശീലിക്കാവുന്ന ഒന്നാണ് ധ്യാനമെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു.
ഭൗതികജീവിതത്തെ അര്‍ഥവത്തും ഫലപ്രദവുമാക്കാനുള്ളതാണ്, ഉപേക്ഷിക്കാനുള്ളതല്ല, ഈ പദ്ധതിയെന്ന് വ്യക്തമാണ്. ഇത് ശീലിച്ചാല്‍ സ്വത്വത്തിന് സ്ഫുടശുദ്ധി കിട്ടും. ആര്‍ജവം കൈവരും. ശങ്കകള്‍ നീങ്ങും. ഓജസ്സും ഉന്മേഷവും വര്‍ധിക്കും. ചുരുക്കത്തില്‍ ഉള്‍പ്പൂവിന് മുഴുരൂപത്തില്‍ വിടര്‍ന്നു വിലസാനുള്ള അവസരം കൈവരും. ജീവിതസാഫല്യവുമുണ്ടാകും.
ചിത്തവൃത്തിയുടെ നിരോധം എന്നാണല്ലൊ പതഞ്ജലി 'യോഗ'ത്തിന് നല്‍കുന്ന നിര്‍വചനം (സാഖ്യം, യോഗം എന്നീ പദങ്ങള്‍ ഇവയുടെ പേരില്‍ അറിയപ്പെടുന്ന സിദ്ധാന്തങ്ങള്‍ ആവിര്‍ഭവിക്കുന്നതിന് മുന്‍പേ നിലനിന്ന അര്‍ഥത്തിലാണ് ഗീതയില്‍ വരുന്നത്) പ്രാപഞ്ചികത എന്ന കുതിരയെ മെരുക്കി സുഖമായും സന്തോഷമായും സവാരി ചെയ്ത് ലക്ഷ്യത്തിലെത്താന്‍ യത്‌നനിക്കുന്നവര്‍ (യോഗാരൂഢന്മാര്‍) ക്കായാണ്, മോക്ഷം നേടിയവര്‍ക്കായല്ല, ഗീതോപദേശം.
ഗീതയുടെ ദൃഷ്ടിയില്‍ ഭൗതികമെന്നും ആധ്യാത്മികമെന്നും ലോകങ്ങള്‍ രണ്ടില്ല. ഒരു ലോകമേ ആകെയുള്ളൂ. അതിലെ യോഗക്ഷേമത്തിന്റെ താക്കോലാണ് ''ഞാന്‍ അതാകുന്നു'' എന്ന ഉറച്ച ധാരണ. അങ്ങെത്തിയവരെ ഇടയ്ക്കിടെ ചിത്രീകരിക്കുന്നത് വഴിയിലെ പരിശ്രമികളെയും കാഴ്ചക്കാരെയും ഉത്സാഹിപ്പിക്കാനാണ്. കഴിഞ്ഞ അധ്യായം അവസാനിക്കുന്നതും അത്തരമൊരു ചിത്രത്തിലാണല്ലോ.
സ്വസ്വരൂപത്തെ കണ്ടെത്താനുള്ള ധ്യാനത്തിനുവേണ്ട യോഗ്യതയില്‍ നിന്ന് തുടങ്ങുന്നു-
(തുടരും)



MathrubhumiMatrimonial