
ഗീതാദര്‍ശനം - 170
Posted on: 10 Mar 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
ഭോക്താരം യജ്ഞതപസാം
സര്‍വലോകമഹേശ്വരം
സുഹൃദം സര്‍വഭൂതാനാം
ജ്ഞാത്വാ മാം ശാന്തിമൃച്ഛതി
യജ്ഞങ്ങളുടെയും തപസ്സുകളുടെയും ഭോക്താവും (രക്ഷിതാവെന്നും അര്‍ഥം പറയാം) സര്‍വലോകങ്ങളുടെയും മഹേശ്വരനും സകല ചരാചരങ്ങളുടെയും സുഹൃത്തുമായി (പ്രത്യുപകാര പ്രതീക്ഷയില്ലാതെ എല്ലാറ്റിനെയും സഹായിക്കുന്നവന്‍) എന്നെ അറിഞ്ഞിട്ട് യോഗി ശാന്തിയെ പ്രാപിക്കുന്നു.
ഭോക്താവ്, യജ്ഞം, തപസ്സ്, മഹേശ്വരപദവി, സര്‍വഭൂതസൗഹൃദം എന്നീ പദങ്ങളുടെ അര്‍ഥം ശരിയായി അറിയേണ്ടതുണ്ട്. ഭോക്താവ് എന്നതിന് രക്ഷകന്‍ എന്നുകൂടി താത്പര്യമുണ്ട്. പരമാത്മവുമായി സായുജ്യം സാധിക്കാന്‍ വേണ്ടി സമര്‍പ്പിതമായ കര്‍മമാണ് യജ്ഞം (യാഗാദികളല്ല.) തപസ്സ് എന്നാല്‍ ആത്മനിയന്ത്രണത്തിലൂടെ നിസ്സംഗത വളര്‍ത്തിയെടുക്കാനുള്ള ഏകാഗ്രനിഷ്ഠ എന്നാണ് സാരം. (മനസ്സ്, വാക്ക്, ശരീരം എന്നിവയാല്‍ എങ്ങനെയൊക്കെ തപസ്സ് ചെയ്യാമെന്ന് പിന്നീട് വിസ്തരിക്കുന്നുണ്ട്.) നമ്മുടെ എല്ലാവിധ അനുഭൂതികളുടെയും ആവിഷ്‌കാരങ്ങളുടെയും മൊത്തം നിയന്താവാണ് മഹേശ്വരന്‍. ഓരോ അനുഭൂതിക്കും അതിനെ പ്രകാശിപ്പിക്കുന്ന പ്രതിഭാസം എന്ന അര്‍ഥത്തില്‍ ഓരോ 'ദേവ'നെ സങ്കല്പിച്ചിരിക്കുന്നു. ഉദാഹരണത്തിന്, കാഴ്ചയുടെ ദേവത കണ്ണുകളുടെ ക്ഷേത്രത്തെ പ്രകാശിപ്പിച്ച് രൂപങ്ങളും വര്‍ണങ്ങളും ദൂരങ്ങളും അറിയാനിടയാക്കുന്നു. അന്തരാത്മാവ് ഇത്തരം എല്ലാ ദേവതകളുടെയും അധിപനാണ്, അതിനാല്‍ മഹേശ്വരന്‍. സാധാരണജീവിതത്തില്‍ ഒരു മഹാചക്രവര്‍ത്തിയെ സമീപിക്കാനോ കാണാന്‍പോലുമോ വളരെ പ്രായസമാണെങ്കില്‍, ഈ മഹേശ്വരന്‍ എല്ലാ ചരാചരങ്ങളുടെയും സുഹൃത്താണ്, സുലഭനാണ്.
ചുരുക്കത്തില്‍, തപസ്സുകൊണ്ട് സത്ത്വശുദ്ധിയും യജ്ഞംകൊണ്ട് സ്വരൂപശുദ്ധിയും നേടാന്‍ ഒരാള്‍ ശ്രമിക്കുമ്പോള്‍ പ്രഭു എന്നും വിഭു എന്നും മഹേശ്വരനെന്നും ഒക്കെ പറയുന്നത് ഒരു അന്യദേവത അല്ല, സ്വാത്മാവിന്റെ തന്നെ നിര്‍മലമായ ഉണ്മയാണ്. അതായത്, തന്റെ യജ്ഞവും തപസ്സുമൊക്കെ തന്റെതന്നെ സത്‌സ്വരൂപത്തില്‍ വിലയംചെയ്യുന്നു. ഉലയില്‍ ഉരുകുന്തോറും ഉളവാകുന്ന മാറ്റ് സ്വര്‍ണം തന്നെ സ്വീകരിക്കുന്നു എന്നു പറയുമ്പോലെയേ ഉള്ളൂ ഇതും. നമ്മില്‍ത്തന്നെ കുടിയിരിക്കുന്ന പരമാത്മാവ്, നമ്മിലുള്ള ആത്മചൈതന്യത്തെ തന്നില്‍ ലയിപ്പിക്കാന്‍ സൗഹൃദപൂര്‍വംസദാ സന്നദ്ധമാണെന്ന് സാരം.അല്ലാതെ, ധാന്യാദികള്‍ തീയിലെരിയിക്കുന്നതാണ് യജ്ഞമെന്നും സീരിയലുകളിലും മറ്റും കൊമ്പുവെച്ച അസുരന്മാരുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ഒറ്റക്കാലില്‍ നിന്നു ചെയ്യുന്ന പണിയാണ് തപസ്സെന്നുമൊക്കെ വിചാരിച്ചാല്‍ കുഴങ്ങിയതുതന്നെ!
കര്‍മങ്ങളെ ഉപേക്ഷിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായ വഴി കര്‍മാനുഷ്ഠാനത്തിലൂടെയാണ് എന്ന് യുക്തിയുക്തം സ്ഥാപിച്ചു. കര്‍മാനുഷ്ഠാനത്തില്‍ ചിത്തവൃത്തികളുടെ നിയന്ത്രണം സാധിക്കാനുള്ള പരിശീലനത്തെപ്പറ്റിയാണ് ഇനി പറയുന്നത്. മനസ്സുകൊണ്ട് ശരീരത്തെ എന്നപോലെ ശരീരംകൊണ്ട് മനസ്സിനെയും നിയന്ത്രിക്കാമെന്ന് ഋഷീശ്വരന്മാര്‍ പണ്ടേ അറിഞ്ഞു. ആ അറിവിനെ ആത്മസാക്ഷാത്കാരത്തിന് എങ്ങനെ സഹായകമാക്കാമെന്ന് അടുത്ത അധ്യായത്തില്‍ പറയുന്നു.
വിവിധങ്ങളായ ദര്‍ശനങ്ങളുടെയും ആരാധനാ ക്രമങ്ങളുടെയും ഉപാസനാ സമ്പ്രദായങ്ങളുടെയും സമഞ്ജസമായ സമീകരണമാണ് ഗീത. മനുഷ്യപരിണാമത്തിന്റെ ആത്യന്തികലക്ഷ്യമായ ആത്മസാക്ഷാത്കാരത്തിനു കടകവിരുദ്ധങ്ങളായ അനാചാരങ്ങളെ മാത്രമാണ് ഗീത തള്ളിപ്പറയുന്നത്.
ഇതി കര്‍മസന്ന്യാസയോഗോ നാമ പഞ്ചമോശധ്യായഃ
കര്‍മസന്ന്യാസയോഗമെന്ന അഞ്ചാമധ്യായം സമാപിച്ചു. (തുടരും)





