
ഗീതാദര്‍ശനം - 169
Posted on: 09 Mar 2009
ജ്ഞാനകര്‍മ സംന്യാസയോഗം
സ്പര്‍ശാന്‍ കൃത്വാ ബഹിര്‍ബാഹ്യാം-
ശ്ചക്ഷുശ്ചൈവാന്തരേ ഭ്രുവോഃ
പ്രാണാപാനൗ സമൗ കൃത്വാ
നാസാഭ്യന്തരചാരിണൗ
യതേന്ദ്രിയ മനോബുദ്ധിഃ
മുനിര്‍മോക്ഷപരായണഃ
വിഗതേച്ഛാഭയക്രോധോ
യഃ സദാ മുക്ത ഏവ സഃ
ബാഹ്യമായ വിഷയങ്ങളെ പുറമേ തന്നെ ഒതുക്കിയിട്ട്, ദൃഷ്ടിയെ പുരികങ്ങളുടെ മധ്യത്തില്‍ത്തന്നെ നിര്‍ത്തി, ശ്വാസോച്ഛ്വാസത്തെ മൂക്കിനകത്ത് അടങ്ങുന്ന തരത്തില്‍ സമമാക്കി, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇവയെ അടക്കി, ആര്‍ത്തി, ഭയം, ക്രോധം എന്നിവയെ ഉപേക്ഷിച്ച്, മോക്ഷത്തെ പരമലക്ഷ്യമായി വിചാരിച്ച് ഇരിക്കുന്ന മുനി (മനനശീലന്‍) ആരോ അയാള്‍ ഇപ്പോഴും എപ്പോഴും മുക്തന്‍തന്നെ.
ധ്യാനത്തിന്റെ ഏകദേശരൂപം വിവരിക്കുന്നു. ആദ്യം ചെയ്യേണ്ടത് പുറത്തുനിന്നുള്ള ചോദനകളെ പുറത്തുതന്നെ നിര്‍ത്തി മനസ്സിന് സ്വച്ഛത കൈവരുത്തുകയാണ്. മൂക്കിലും വായിലും ചെവിയിലുമൊക്കെ പഞ്ഞി തിരുകിയും മറ്റുമല്ല, ചിന്താപരമായാണ് ഈ 'പുറത്താക്കല്‍' സാധിക്കേണ്ടത്. നോട്ടം പുരികമധ്യത്തിലേക്കുയര്‍ത്തേണ്ടത് ബലപ്രയോഗത്തിലൂടെ അല്ല, ആയാസരഹിതമായാണ്. ദൃഷ്ടി അവിടേക്കു പൊങ്ങുമ്പോള്‍ അത്, ഭൂനിരപ്പില്‍നിന്ന് ഏതാണ്ട് നാല്പത്തിയഞ്ച് ഡിഗ്രിയോളം ഉയര്‍ന്നാണിരിക്കുക. ദൃഷ്ടിയുടെ ആ മേല്‍ഗതിയും ഒരു ബിന്ദുവിലേക്കുള്ള കേന്ദ്രീകരണവും മനോവിതാനം ഉയരാനും ശ്രദ്ധ ഉറയ്ക്കാനും ഉതകുന്നു.
ശ്വാസതാളവും മനോനിലയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നത് ശാസ്ത്രസമ്മതമാണ്. (വികാരവിക്ഷോഭം സംഭവിക്കുമ്പോള്‍ ശ്വാസഗതി എങ്ങനെ ഇരിക്കുമെന്ന് അനുഭവിച്ചറിയാത്തവര്‍ ആരുമുണ്ടാവില്ലല്ലോ.) ശ്വാസത്തെ ചെറിയ അളവിലേക്കും നിയന്ത്രിതമായ താളത്തിലേക്കും ഒതുക്കിയാല്‍ മനസ്സ് അത്രയ്ക്കത്രയ്ക്ക് ശാന്തമാവും.
ഇന്ദ്രിയമനോബുദ്ധികളെ വരുതിയില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം. ആര്‍ത്തി, പേടി, ദേഷ്യം എന്നിവയെ മനസ്സില്‍നിന്ന് വേര്‍പെടുത്തണം. (തമ്മില്‍ കെട്ടുപിണഞ്ഞുകിടക്കുന്നവയാണ് ഈ വികാരങ്ങളെന്ന് മനഃശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് നന്നായറിയാം. വ്യക്തിത്വവികസനത്തിലെ കാതലായ വെല്ലുവിളി ഇവയില്‍നിന്ന് സ്വത്വത്തെ രക്ഷപ്പെടുത്തുക എന്നതാണല്ലോ.) മോക്ഷത്തില്‍ മാത്രമായിരിക്കണം ശ്രദ്ധ. ഈ വിധമുള്ള പരിശ്രമം തുടങ്ങുന്ന ആള്‍ നിത്യമോചനത്തിന്റെ പാതയിലാണ്.
ധ്യാനവിഷയം എന്തായിരിക്കണം എന്നുകൂടി പറയുന്നു:
(തുടരും)





