githadharsanam

ഗീതാദര്‍ശനം - 168

Posted on: 07 Mar 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനകര്‍മ സംന്യാസയോഗം



കാമക്രോധവിയുക്താനാം
യതീനാം യതചേതസാം
അഭിതോ ബ്രഹ്മനിര്‍വാണം
വര്‍ത്തതേ വിദിതാത്മനാം
(വിമുക്താനാം എന്നു പാഠഭേദം)

കാമക്രോധങ്ങളോട് വേര്‍പെട്ടവരും (അവയില്‍നിന്ന് മോചനം നേടിയവരും) ചിത്തത്തെ അടക്കിയവരും ആത്മതത്ത്വത്തെ അറിഞ്ഞവരുമായ ബ്രഹ്മനിഷ്ഠര്‍ക്ക് മോക്ഷം രണ്ടവസ്ഥയിലും (ഇഹത്തിലും പരത്തിലും) നിറഞ്ഞു നില്ക്കുന്നു.
ഉള്ളില്‍ പരമമായ അറിവിന്റെ നിലനില്പിന് രണ്ടു ഭീഷണികളാണുള്ളതെന്ന് നേരത്തേ സൂചിപ്പിച്ചു. രൂപനിര്‍മാണക്ഷേത്രമായ ജീവനില്‍ ജന്മാന്തരങ്ങളായി ഊറിക്കൂടിയ വാസനകള്‍ സ്ഥൂലശരീരത്തില്‍ അരങ്ങേറ്റുന്ന വൈകാരികങ്ങളായ ഉരുള്‍പൊട്ടലുകള്‍ ഒരുവക. ബാഹ്യലോകത്തുനിന്ന് വരുന്ന പ്രലോഭനങ്ങള്‍ ഉളവാക്കുന്ന വൈകാരികപ്രതികരണങ്ങള്‍ വേറൊരുവക. രണ്ടിനെയും ജയിച്ചാല്‍ എന്നേക്കുമായി മോചനമായി. ജീവിതാന്ത്യംവരെയും അതിനപ്പുറവും പിന്നെ ബന്ധനമില്ല. ഉത്തമപുരുഷനായ പരമാത്മാവുമായി സാരൂപ്യം സിദ്ധിച്ചതിനാല്‍ ജീവന്‍ എന്ന രൂപനിര്‍മാണക്ഷേത്രം, ശരീരം വീഴുന്നതോടെ, പരമാത്മാവില്‍ വിലയിക്കുന്നു.
നിര്‍ദിഷ്ടമായ ജീവിതചര്യ എന്നതിനു പുറമേ ഈ വലിയ കാര്യം സാധിക്കാന്‍ സഹായകമായ വല്ല പരിശീലനവുമുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് അടുത്ത അധ്യായം. ആ അധ്യായത്തിന്റെ രത്‌നനച്ചുരുക്കമാണ് ഇനിയുള്ള രണ്ടു ശ്ലോകങ്ങളില്‍. (തുടര്‍ന്നുള്ളതിലേക്കൊരു കൈ ചൂണ്ടി നേരത്തേ നാട്ടുന്നത് ബ്രഹ്മവിദ്യാപാഠപുസ്തകങ്ങളില്‍ പതിവാണ്.)
(തുടരും)



MathrubhumiMatrimonial