githadharsanam

ഗീതാദര്‍ശനം - 167

Posted on: 06 Mar 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനകര്‍മ സംന്യാസയോഗം


ലഭന്തേ ബ്രഹ്മനിര്‍വാണം
ഋഷയഃ ക്ഷീണകല്മഷാഃ
ഛിന്നദൈ്വധാ യതാത്മാനഃ
സര്‍വഭൂതഹിതേ രതാഃ

പാപം ക്ഷയിച്ചവരും ദ്വന്ദ്വബോധത്തെ അറുത്തുമാറ്റിയവരും ആത്മാവിനെമാത്രം ധ്യാനിച്ചുകൊണ്ടിരിക്കുന്നവരും സകല ചരാചരങ്ങള്‍ക്കും ഹിതം ചെയ്യുന്നതില്‍ സന്തോഷിക്കുന്നവരുമായ ഋഷികള്‍ക്ക് ബ്രഹ്മസാരൂപ്യം കൈവരുന്നു.
ശ്ലോകത്തിന്റെ അവസാനപാദം ശ്രദ്ധിക്കുക. ഈ ഋഷിമാര്‍ കര്‍മനിരതരാണ്. അവരുടെ കര്‍മം സകല ചരാചരങ്ങള്‍ക്കും ഹിതം വരുത്തലാണ്. എല്ലാതുമായുള്ള ആത്മൈക്യം അവരില്‍ സര്‍വാശ്ലേഷിയായ സ്നേഹമായി നൂറുമേനി വിളയുന്നു. അവശതയും ദൈന്യതയും എവിടെ ഉണ്ടോ അവിടെ അവരെ കാണാം. അല്ലാതെ, ഏതെങ്കിലും ഗുഹയിലല്ല അവരുടെ ഇരിപ്പ്. ജീവിതം അവര്‍ക്ക് സ്നേഹയജ്ഞമാണ്. ആ വഴിയില്‍ വരുന്ന എല്ലാ യാതനകളും താന്‍ ഒരു ത്യാഗം ചെയ്യുകയാണെന്ന ഭാവത്തിന്റെ ലേശംപോലും ഇല്ലാതെ, അവര്‍ സസന്തോഷം സ്വീകരിക്കുന്നു. അവരില്‍ കളങ്കമില്ല. ലോകരില്‍, തങ്ങളെ തിരികെ സ്നേഹിക്കുന്നവരെന്നും സ്നേഹിക്കാത്തവരെന്നുമുള്ള തരംതിരിവ് അവര്‍ നടത്തുകയില്ല. രണ്ടെന്ന ബോധമേ അവരെ അലട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം 'താന്‍' ഇല്ലല്ലോ. അവര്‍ എല്ലാതും എല്ലാരുമാണ്. എല്ലാരും എല്ലാതും അവര്‍തന്നെയാണ്.
(തുടരും)



MathrubhumiMatrimonial