githadharsanam

ഗീതാദര്‍ശനം - 166

Posted on: 06 Mar 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനകര്‍മ സംന്യാസയോഗം



യോശന്തഃ സുഖോശന്തരാരാമഃ
തഥാന്തര്‍ജ്യോതിരേവ യഃ
സ യോഗീ ബ്രഹ്മനിര്‍വാണം
ബ്രഹ്മഭൂതോശധിഗച്ഛതി

(ഉള്ളിന്റെ ഉള്ളിലുള്ള) സ്വാത്മാവില്‍ത്തന്നെ സുഖം കാണുന്നവനും ആ ആത്മാവില്‍ത്തന്നെ രമിക്കുന്നവനും ആരോ, അപ്രകാരംതന്നെ ആരുടെ ഹൃദയത്തില്‍ ആത്മജ്ഞാനം പ്രകാശിക്കുന്നുവോ ആ യോഗി ബ്രഹ്മസ്വരൂപനായി ബ്രഹ്മാനന്ദത്തെ പൂര്‍ണമായി പ്രാപിക്കുന്നു.
(ജ്യോതിശ്ശബ്ദത്തിന് മനസ്സ് എന്നുകൂടി അര്‍ഥമുണ്ട്. 'ആരുടെ മനസ്സ് ആത്മാവില്‍ത്തന്നെ ഉറച്ചു നില്ക്കുന്നുവോ' എന്നും ആവാം.)

വെളിയിലുള്ള എന്തിനെയെങ്കിലും ആശ്രയിച്ചാണല്ലോ ലോകര്‍ക്ക് പൊതുവെ സുഖം. എന്നാല്‍ 'അന്തഃസുഖി' തനിക്കകത്തുള്ളതില്‍ത്തന്നെ അഭിരമിക്കുന്നു. അഹംബുദ്ധികൊണ്ടല്ല, അതിനും അപ്പുറത്തുള്ള അവബോധത്തില്‍ ലയിച്ചിട്ട്. സച്ചിദാനന്ദമാണ് തന്റെ സ്വരാജ്യം എന്നറിഞ്ഞ് അതില്‍ യഥേഷ്ടം വ്യവഹരിക്കുന്നവന്‍ അന്തരാരാമന്‍. എല്ലാറ്റിനെയും ആത്മജ്ഞാനത്തിന്റെ പ്രകാശത്തില്‍ ശരിയായി കാണുന്നവന്‍ അന്തര്‍ജ്യോതി. നിര്‍വാണം എന്നാല്‍ ഒരുമ, യോജിപ്പ്, (അഗ്‌നനിയുടെ) കെട്ടടങ്ങല്‍ എന്നെല്ലാമാണ് അര്‍ഥം. ജീവന്‍, അതിലെ വാസനകളാകുന്ന അഗ്‌നനികളെല്ലാം ശാന്തമായതില്‍പ്പിന്നെ മായയുടെ പിടിയില്‍നിന്ന് വേര്‍പെട്ട് പരമാത്മാവുമായി ഒരുമയും യോജിപ്പും കൈവരിച്ചാല്‍ നിര്‍വാണമായി. പിന്നെ ജന്മമില്ല.

ഈ വൈശിഷ്ട്യമെന്ന കൈമുതലോടെ ജന്മമെടുക്കുന്നവരുണ്ടാകാം. അവരാണ് അവതാരങ്ങളും പ്രവാചകരും പരിവ്രാജകരും അവധൂതരും സൂഫികളും ഋഷിമാരും. മറ്റു ചിലര്‍ക്ക് ഒരു ജന്മത്തിലെ സാധനകൊണ്ടേ ഈ സ്ഥിതിയിലെത്താന്‍ കഴിയൂവെന്നും വരാം. പക്ഷേ, ജന്മജന്മാന്തരങ്ങളിലൂടെ നീളുന്ന പരിശ്രമംകൊണ്ട് ഈ നിലയിലെത്താന്‍ ഏവര്‍ക്കും സാധിക്കും. (അതെങ്ങനെ എന്ന് തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വിശദമാക്കുന്നുണ്ട്.)ആകട്ടെ, അങ്ങെത്തിയവരുടെ വാഴ്‌വ് എവ്വിധമാണ്? വെറുമൊരു ഉണക്കക്കമ്പിന്‍േറതുപോലെ അലസവും വിരസവും ആണോ?

(തുടരും)



MathrubhumiMatrimonial