
ഗീതാദര്‍ശനം - 165
Posted on: 05 Mar 2009
ജ്ഞാനകര്‍മ സംന്യാസയോഗം
ശക്‌നോതീഹൈവ യഃ സോഢും
പ്രാക്ശരീരവിമോക്ഷണാത്
കാമക്രോധോദ്ഭവം വേഗം
സ യുക്തഃ സ സുഖീ നരഃ
മനസ്സില്‍ ആര്‍ത്തി, ക്രോധം എന്നിവയില്‍നിന്നുണ്ടാകുന്ന ക്ഷോഭത്തെ ദേഹം ഉപേക്ഷിക്കുന്നതിനുമുമ്പ് അപ്പപ്പോള്‍ (കാമക്രോധങ്ങളുടെ ഉത്ഭവസമയത്തുതന്നെ) സഹിക്കാന്‍ (പ്രതിരോധിക്കാന്‍) മനുഷ്യരില്‍ ആര്‍ ശക്തനാകുന്നോ അവനാണ് യോഗയുക്തന്‍ (സമാഹിതന്‍). അവനാണ് സുഖി.
എന്തിനായി ഈ ശരീരം ഉണ്ടായി? ജീവനു ബ്രഹ്മസാരൂപ്യം ലഭിക്കാനുള്ള ഉപാധികളാണ് ശരീരമനോബുദ്ധികള്‍. അതിനാല്‍, ഇവയ്ക്ക് നാശം വരും മുമ്പേ ആ കാര്യം സാധിക്കണം. ഇതിനു തടസ്സങ്ങളാകുന്നത് ആര്‍ത്തി, വിദ്വേഷം എന്നിവയാണ്. ഇവയെ അറിവിന്റെ വാളുകൊണ്ട് വെട്ടിവീഴ്ത്തണം. അതു ചെയ്യാന്‍ കഴിയുന്ന ആളാണ് ജന്മസാക്ഷാത്കാരം നേടിയ സുഖി.ഈ ലൗകിക ജീവിതത്തില്‍, ഈ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നമുക്ക് ആ പരമാനന്ദം സാധിക്കുമെന്ന ഉറപ്പാണ് ഈ ശ്ലോകത്തില്‍നിന്ന് കിട്ടുന്നത്. (ഫ്രൂയിറ്റിന്റെയും മറ്റും സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍, ഇത് അധികപ്രതീക്ഷയായേ തോന്നൂ. പക്ഷേ, യുങ്ങിന്റെ സമാഹിതാവബോധം എന്ന നിദര്‍ശനം ഏതാണ്ട് ഇതേ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്).ആത്മാവിനെ സംശുദ്ധമാക്കുന്നതിനും അതിലെ അനര്‍ഘമൂല്യങ്ങള്‍ ഫലിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് മനുഷ്യജീവിതമെന്ന് ജര്‍മന്‍ ദാര്‍ശനികനായ കാന്‍റ് സിദ്ധാന്തിക്കുന്നു.
(തുടരും)





