
ഗീതാദര്‍ശനം - 164
Posted on: 04 Mar 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
യേ ഹി സംസ്പര്ശജാ ഭോഗാ
ദുഃഖയോനയ ഏവ തേ
ആദ്യന്തവന്തഃ കൗന്തേയ
ന തേഷു രമതേ ബുധഃ
അല്ലയോ കുന്തീപുത്രാ, വിഷയസുഖങ്ങള്‍ ഏതെല്ലാമുണ്ടോ അവയെല്ലാം ദുഃഖങ്ങളുടെ ഉറവിടങ്ങള്‍തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ അവ ആദ്യവും അന്തവും ഉള്ളവ (ഉണ്ടായും നശിച്ചും ഇരിക്കുന്നവ) ആകുന്നു. അതിനാല്‍ വിവേകികള്‍ അവയില്‍ രമിക്കുന്നില്ല.
ലൗകികസുഖങ്ങള്‍ക്ക് പരിമിതികളുണ്ട്. കിട്ടാഞ്ഞാല്‍ ദുഃഖം, ഇനിയും കിട്ടിയില്ലെങ്കിലോ എന്ന ആശങ്ക, കിട്ടിയത് നഷ്ടപ്പെടുമോ എന്ന പേടി, കിട്ടിയതു തീരുമ്പോള്‍ ദുഃഖം, ദുര്‍ലഭമായാല്‍ ദാരിദ്ര്യദുഃഖം, കിട്ടുന്തോറും പെരുകുന്ന ആസക്തി, അന്യനു കിട്ടുമ്പോള്‍ ദുഃഖം. സ്വന്തം സുഖത്തിന്റെ ലഭ്യതയ്ക്ക് തടസ്സം വരുമ്പോള്‍ ദേഷ്യം. അതിന്റെ ഭവിഷ്യത്തുകള്‍! വിവേകികള്‍ ഈ കെണിയില്‍ വീഴില്ല. കഴുതയ്ക്കു മുന്നില്‍ നീട്ടിത്തൂക്കിയ കാരറ്റിന്റെ കഥതന്നെ. നുണയാന്‍ കിട്ടിയ സുഖത്തിന്റെ രുചി സങ്കല്പത്തില്‍ ഉളവാക്കിയ മോഹത്തിനു പിറകെ തിരിക്കുന്ന യാത്ര മരീചികയിലേക്കുള്ള കുതിപ്പേ ആകുന്നുള്ളൂ. അഥവാ സുഖം വല്ലതും തരപ്പെട്ടാലോ, കുറഞ്ഞുവരുന്ന പ്രയോജനത്തിന്റെ നിയമം (law of diminishing utility) ഉടനെ പ്രാബല്ല്യത്തില്‍ വരും. (വിശക്കുന്നവന് കിട്ടുന്ന ആദ്യലഡുവിന്റെ രുചിയും അതേ ഇരിപ്പില്‍ അവനു കിട്ടുന്ന അഞ്ചാമത്തെ ലഡുവിന്റെ രുചിയും തമ്മിലുള്ള അന്തരം ഉദാഹരണം.) ജീവിതവിജയം ഇങ്ങനെയല്ല എന്ന് വിവേകികള്‍ തീര്‍ച്ചയായും തിരിച്ചറിയുന്നു.
ജീവിതസൗകര്യങ്ങളെയെല്ലാം ഉപേക്ഷിക്കണമെന്ന് ഇതിന്നര്‍ഥമില്ല. ഇന്ദ്രിയാനുഭൂതികളല്ല അവയോടുള്ള സമീപനത്തിന്റെ കാര്യമാണ് പ്രസക്തമെന്ന് വീണ്ടും എടുത്തുപറയുന്നു. മുന്‍പേ ആര്‍ജിച്ച വാസനകളില്‍നിന്ന് ആഗ്രഹങ്ങള്‍ മുളപൊട്ടിക്കൊണ്ടേയിരിക്കും. ആശാഭംഗം വരുമ്പോള്‍ കോപവും ജനിക്കും. തനിക്കും ലോകത്തിനും അഹിതകരങ്ങളായ വാസനകളുടെ മുളകളെല്ലാം അവ ഉണ്ടാകുന്ന മുറയ്ക്കു നുള്ളിക്കളയണം. അങ്ങനെ ഉടല്‍ വീഴും മുന്‍പ് വാസനകള്‍ അവസാനിക്കണം.
(തുടരും)





