githadharsanam

ഗീതാദര്‍ശനം - 163

Posted on: 03 Mar 2009

സി. രാധാകൃഷ്ണന്‍



കര്‍മ സംന്യാസയോഗം


ബാഹ്യസ്​പര്‍ശേഷ്വസക്താത്മാ
വിന്ദത്യാത്മനി യത്‌സുഖം
സ ബ്രഹ്മയോഗയുക്താത്മാ
സുഖമക്ഷയമശ്‌നുതേ

ഇന്ദ്രിയവിഷയങ്ങളില്‍ ആസക്തിയില്ലാതാകുന്ന ഒരുവന് യാതൊരു സുഖമാണോ തന്റെ അന്തഃകരണത്തില്‍ (അന്നേരത്തേക്കു മാത്രം) ലഭിക്കുന്നത് ആ സുഖം ബ്രഹ്മസാരൂപ്യം കൈവരിച്ചവന്‍ അക്ഷയമായി (ഇടര്‍ച്ചയില്ലാതെ) അനുഭവിക്കുന്നു.
യോഗി യഥാര്‍ഥവും നിത്യവുമായ സുഖത്തെ അറിഞ്ഞതിനാല്‍ ചെറുകിട- തരികിട സുഖങ്ങളില്‍ തത്പരനല്ല. പരമാനന്ദപ്രാപ്തിയാണ് ബ്രഹ്മവിദ്യയുടെ ലക്ഷ്യം. അത് തുടക്കത്തിലേ കുറേശ്ശെ കിട്ടിത്തുടങ്ങും. പിന്നെപ്പിന്നെ അതിന്റെ അളവും നേരവും കൂടും. അവസാനം ആ പ്രളയത്തില്‍ ആണ്ടുപോകും. അപ്പോള്‍ ലഭിക്കുന്ന ആത്മീയസുഖം (ഉപരതി) ഇടമുറിയാത്തതും നാശമില്ലാത്തതുമാണ്.
ആദ്യപടി കയറിയ ആള്‍ക്ക് അല്പമായി ലഭിക്കുന്ന സുഖമാണ് അങ്ങെത്തിയ ആള്‍ക്ക് നിതാന്തമായി കിട്ടുന്നത്. സമാധി ശീലിക്കുന്ന തുടക്കക്കാരന് സമാധികാലത്തുമാത്രമേ ആനന്ദാനുഭവമുണ്ടാകൂ. എന്നാല്‍ ബ്രഹ്മസാരൂപ്യം സിദ്ധിച്ചവന് എപ്പോഴും എവിടെയും ആനന്ദമാണ് അനുഭവം.
(തുടരും)



MathrubhumiMatrimonial