
ഗീതാദര്‍ശനം - 162
Posted on: 02 Mar 2009
സി. രാധാകൃഷ്ണന്‍
കര്‍മ സംന്യാസയോഗം
ന പ്രഹൃഷ്യേത് പ്രിയം പ്രാപ്യ
നോദ്വിജേത് പ്രാപ്യ ചാപ്രിയം
സ്ഥിരബുദ്ധിരസംമൂഢോ
ബ്രഹ്മവിദ് ബ്രഹ്മണി സ്ഥിതഃ
(ബ്രഹ്മത്തില്‍) സ്ഥിരബുദ്ധിയോടെയും തെറ്റായ ധാരണകള്‍ തീര്‍ത്തും നീങ്ങിയവനായും ബ്രഹ്മത്തില്‍ സ്വയം പ്രതിഷ്ഠിച്ചും ഇരിക്കുന്ന ബ്രഹ്മജ്ഞാനി ഇഷ്ടപ്രാപ്തിയില്‍ മതിമറന്ന് സന്തോഷിക്കുന്നില്ല. അനിഷ്ടം വന്നാല്‍ സങ്കടപ്പെടുന്നുമില്ല.
സമദര്‍ശിയുടെ ലക്ഷണം എന്താണ്? അയാള്‍ക്ക് പ്രിയവും അപ്രിയവും ഒരുപോലെയാണ് എന്നതുതന്നെ. അയാളെ പ്രീണിപ്പിക്കാനോ പേടിപ്പിക്കാനോ ദുഃഖിപ്പിക്കാനോ ആര്‍ക്കുമൊന്നിനും സാധ്യമല്ല. കാരണം, പ്രാപഞ്ചികമായ അറിവില്ലായ്മയില്‍നിന്ന് അയാള്‍ മോചിതനാണ്. അയാളുടെ ബുദ്ധി സ്ഥിരമായി നില്‍ക്കുന്നു. അഹന്ത നശിച്ച ആ അവസ്ഥയില്‍ അയാള്‍ ബ്രഹ്മത്തെ അറിയുന്നു. അറിഞ്ഞുകിട്ടിയ ബ്രഹ്മത്തില്‍ അയാള്‍ നിലയുറപ്പിക്കുന്നു. അതുതന്നെ ആയിത്തീരുന്നു.
ഇത്തരമൊരാളുടെ ജീവിതം എവ്വിധമാണ്? അയാള്‍ ജീര്‍ണിച്ച ഉടുപ്പും നാറുന്ന ദേഹവും അനിഷ്ടാഹാരവുമായി അലയുന്ന, ഭിക്ഷാംദേഹിയായ വെറുമൊരു മരപ്പാവയായിരിക്കുമോ?
(തുടരും)





