
ഗീതാദര്‍ശനം - 160
Posted on: 28 Feb 2009
സി. രാധാകൃഷ്ണന്‍
കര്‍മ സംന്യാസയോഗം
വിദ്യാവിനയ സമ്പന്നേ
ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച
പണ്ഡിതാം സമദര്‍ശിനഃ
വിദ്യയും വിനയവുമുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും നായയിലും നായയെ തിന്നുന്നവനിലും പരമാത്മജ്ഞാനികള്‍ സമത്വം ദര്‍ശിക്കുന്നു.
ജീവിവര്‍ഗങ്ങളിലും മനുഷ്യരിലും സാമൂഹികമായ ഒരു സേവ്യസേവകക്രമം ഉരുത്തിരിയുക പതിവാണ്. ആനക്കൂട്ടത്തിലോ ചെന്നായക്കൂട്ടത്തിലോ ഒക്കെ സ്വാഭാവികമായി ഉരുത്തിരിയുന്ന മട്ടിലാണെങ്കില്‍ ഇത് കൂട്ടത്തിന്റെ രക്ഷയ്ക്കും ക്ഷേമത്തിനും സഹായകമാണ്. പരമ്പരാഗതമായി പരിണമിച്ച് ദുഷിക്കുമ്പോഴാകട്ടെ, ഇത് വിപരീതഫലം ചെയ്യുന്നു. ജീവജാലങ്ങളില്‍ മനുഷ്യസമൂഹത്തില്‍ മാത്രമാണ് ഈ വിപര്യയം സംഭവിക്കുന്നത്. ഉദാഹരണത്തിന് ഇന്ത്യയില്‍ (ജന്മ) ബ്രാഹ്മണന്‍ പൂജനീയനെന്നും (ജന്മ) ചണ്ഡാലന്‍ അധമനെന്നും ഭരണശക്തിയുള്ളവര്‍ നൂറ്റാണ്ടുകളായി ശഠിച്ചു. ആനയെ വിലയുള്ളതായും പശുവിനെ ആരാധ്യമായും കാണെത്തന്നെ നായയെ വര്‍ജിച്ചു. മാംസഭുക്കുകള്‍ പുറമ്പോക്കില്‍ കഴിയണമെന്ന് ശഠിച്ചു. പട്ടാളത്തിലുള്ളപോലെ സീനിയോറിറ്റിയും റാങ്കുമൊക്കെ സന്ന്യാസിമാര്‍ക്കിടയില്‍പ്പോലും നിലവില്‍വന്നു. 'മേലാള'നെ ചോദ്യമില്ലാതെ അനുസരിക്കുകയെന്ന കീഴ്‌വഴക്കവും ഉണ്ടായി. അങ്ങനെ അന്ധകാരയുഗം പിറന്നു.
യഥാര്‍ഥമായ അറിവുള്ളവര്‍ ഇതിനൊക്കെ അതീതരും സര്‍വത്ര സമത്വം കാണുന്നവരുമായിരിക്കണം എന്നതിനപ്പുറം മറ്റെന്തുണ്ട്, ഒരു മാതൃകാസമൂഹത്തിന്റെ സൃഷ്ടിക്കായി നല്‍കാനുള്ള ആഹ്വാനം! പണ്ഡിതന്മാര്‍ എല്ലാവരിലും ഒരേ ആത്മതത്ത്വം കാണുന്നു.
(തുടരും)





