githadharsanam

ഗീതാദര്‍ശനം - 159

Posted on: 27 Feb 2009

സി. രാധാകൃഷ്ണന്‍



കര്‍മസംന്യാസയോഗം


തദ്ബുദ്ധയസ്തദാത്മാന-
സ്തന്നിഷ്ഠാസ്തത് പരായണാഃ
ഗച്ഛന്ത്യപുനരാവൃത്തിം
ജ്ഞാനിര്‍ദ്ധൂതകല്മഷാഃ

('തല്‍' എന്നത് 'തത്ത്വമസി' എന്ന മഹാവാക്യത്തിലേതുപോലെ ബ്രഹ്മത്തെ കുറിക്കുന്നു).

പരമാത്മജ്ഞാനത്തില്‍ ഉറച്ച ബുദ്ധിയോടുകൂടിയും അര്‍പ്പിത മനസ്സോടെയും ചെയ്തികളില്‍ പരമാത്മജ്ഞാനത്തിന്റെ താത്പര്യത്തെത്തന്നെ പിന്തുടര്‍ന്നുകൊണ്ടും (സകല കാര്യങ്ങളിലും) ആ ജ്ഞാനത്തെ ആശ്രയിച്ചും പരമാര്‍ഥജ്ഞാനംകൊണ്ട് സര്‍വമാലിന്യങ്ങളെയും ജീവിതത്തില്‍നിന്ന് തുടച്ചുനീക്കിയും കഴിയുന്നവര്‍ തിരികെ സംസാരത്തിലേക്ക് വരാത്ത അവസ്ഥയെ പ്രാപിക്കുന്നു.

ജീവിതത്തിന്റെ പരമലക്ഷ്യമായി ബ്രഹ്മവിദ്യ കണക്കാക്കുന്നത്, തിരികെ പ്രാപഞ്ചികതയിലേക്ക് വരാതിരിക്കലാണ്. പരംപൊരുളില്‍നിന്ന് മുളച്ച് അക്ഷരത്തില്‍ വളര്‍ന്ന് ക്ഷരത്തില്‍ രൂപപ്പെടുന്ന ശരീരക്ഷേത്രത്തിലെ നാഥനായ ജീവന്റെ സ്വാഭാവികമായ പര്യവസാനം പരംപൊരുളുമായി താദാത്മ്യമാണ്. അതാണ് നിത്യാനന്ദാവസ്ഥ. ജീവപരിണാമത്തിന്റെ ആത്യന്തികലക്ഷ്യം അതുതന്നെ എന്നാണ് ഗീതാസാരം. പ്രകൃതിയുടെ തിരഞ്ഞെടുപ്പ് എന്നും കൂടുതല്‍ അര്‍ഹതയുള്ളതിന്റെ അതിജീവനം എന്നുമൊക്കെ പറയുന്നതിനെ, ജീവന്‍-പ്രകൃതി സംയുക്തത്തില്‍ അന്തര്‍ലീനമായ നിയോഗത്തിന്റെ പ്രകടനമായി കാണാം. തപ്പിത്തടഞ്ഞും ഉരുണ്ടുവീണുമാണ് 'പുരോഗതി' എങ്കിലും പരിണാമമെന്ന 'കണ്ണുകാണായാത്ര'യില്‍ ഉടനീളം ഈ നിഗൂഢലക്ഷ്യം പ്രവര്‍ത്തിക്കുന്നുവെന്നു കരുതാം. ആ ലക്ഷ്യത്തിലെത്താന്‍ മനുഷ്യന് ഒരു പടികൂടിയേ ഇനി കയറാനുള്ളൂ. അതിനുള്ള വഴി അറിവായിട്ടുമുണ്ട്. ബോധപൂര്‍വം പുറപ്പെടണമെന്നുമാത്രം.

ബുദ്ധിയെ പരമാത്മജ്ഞാനത്തില്‍ ലയിപ്പിക്കുക, ആ ജ്ഞാനത്തെത്തന്നെ സ്വാത്മാവായി കരുതുക, ആ ജ്ഞാനത്തില്‍ പൂര്‍ണമായ നിഷ്ഠയുണ്ടായിരിക്കുക, അതില്‍ തീര്‍ത്തും മുഴുകുക.

ശരിയായ അറിവുകൊണ്ട് സകല മനോമാലിന്യവും നീങ്ങിയ ഒരാള്‍ ലോകത്തെ എങ്ങനെ കാണുന്നു?

(തുടരും)



MathrubhumiMatrimonial