
ഗീതാദര്‍ശനം - 157
Posted on: 25 Feb 2009
സി. രാധാകൃഷ്ണന്‍
കര്‍മസംന്യാസയോഗം
നാദത്തേ കസ്യചിത് പാപം
ന ചൈവ സുകൃതം വിഭൂഃ
ജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ജന്തവഃ
വിഭു (സര്‍വവ്യാപിയും പരിപൂര്‍ണനുമായ പരമാത്മാവ്) ആരുടെയും പാപത്തെയും പുണ്യത്തെയും ഗ്രഹിക്കുന്നില്ല (ഏറ്റെടുക്കുന്നില്ല). അറിവില്ലായ്മയാല്‍ അറിവ് മൂടപ്പെട്ടിരിക്കുന്നു. അതിനാല്‍ ജീവികള്‍ (പരമാത്മസ്വരൂപത്തെ) തെറ്റായി മനസ്സിലാക്കുന്നു.
കാര്യകാരണങ്ങളും അടിക്ക് തിരിച്ചടിയും മാത്രമല്ല നന്മയും തിന്മയും വൈരൂപ്യവും സൗന്ദര്യവുമെല്ലാം പ്രകൃതിയാണ് ആവിഷ്‌കരിക്കുന്നത്. 'പ്രകൃതിയുടെ സൃഷ്ടിയായ മനസ്സ് പ്രകൃതിയില്‍ ആരോപിക്കുന്ന നിലപാടുകളും ചെയ്തികളും' എന്നും ഇവയെപ്പറ്റി പറയാം. ഇതെല്ലാം പരമാത്മാവിന്റെ വകയാണെന്ന വിചാരം പരമാത്മാവിനെ ശരിയായി അറിയാന്‍ തടസ്സമായി ത്തീരുന്നു.
പരമാത്മാവിന് പാപപുണ്യങ്ങളില്ല. 'എങ്കില്‍ ഞാനും അതല്ലേ, എനിക്ക് തോന്നിയപോലെ ജീവിച്ചുകൂടേ?' എന്ന് തോന്നാം. മനുഷ്യന്‍ അവതരിക്കുന്നത് സാമൂഹികജീവിയായിട്ടാണ് എന്നതത്രേ അതിനുള്ള മറുപടി. കര്‍മയോഗം ശീലിച്ച് ഈശ്വരനില്‍ എത്തണമെങ്കില്‍ നന്മതിന്മകളെ ആസ്പദമാക്കുകതന്നെ വേണം. അറിവ് തികയാത്തവര്‍ക്ക് വിശേഷിച്ചും ഒരുവിധം സന്തോഷകരമായി ജീവിക്കണമെങ്കില്‍ ഇവയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിച്ചേ തീരൂ. അതുകൊണ്ട് മനുഷ്യജീവിതത്തില്‍ ഈശ്വരന്‍ സമൂഹനന്മയെ എന്നും അനുകൂലിക്കുന്നു എന്ന് സ്പഷ്ടമാണ്. അധര്‍മവും അക്രമവും ഭീകരതയും ഒന്നും ഒരിക്കലും അവസാനവാക്കല്ല എന്നര്‍ഥം. അതിനെല്ലാം തിരുത്തലും ആവശ്യമാണ്. അതും, അറിവുള്ളവരിലൂടെത്തന്നെ ആകാറുമുണ്ട്. (ഒരു സിംഹത്തിന്റെയോ പുലിയുടെയോ കാര്യത്തില്‍ പക്ഷേ, ഈശ്വരന്റെ നീതിന്യായങ്ങളും ക്രൂരതയുടെ നിര്‍വചനങ്ങളും വേറെയാണ്).
(തുടരും)





