
മരണത്തെ തോല്‌പിച്ച് ഹീത്ത് ലെഡ്ജര്‍
Posted on: 24 Feb 2009
ലോസ് ആഞ്ജലിസ്: ഏറെ കൊതിച്ച ഓസ്‌കര്‍ പുരസ്‌കാരം തേടിയെത്തിയപ്പോള്‍ ഏറ്റുവാങ്ങാന്‍ ഹീത്ത് ലെഡ്ജറെന്ന ഓസ്‌ട്രേലിയന്‍ നടന്‍ വേദിയിലെത്തിയില്ല. തന്റെ ചിരകാലസ്വപ്നം പൂവണിഞ്ഞുകാണുംമുമ്പേ, രംഗബോധമില്ലാത്ത കോമാളി ലഡ്ജറെ അരങ്ങില്‍നിന്ന് പുറത്താക്കിയിരുന്നു.ദ ഡാര്‍ക്ക് നൈറ്റ് എന്ന സിനിമയില്‍ ജോക്കര്‍ എന്ന വില്ലനായി വേഷമിട്ട ഹീത്ത് ലെഡ്ജര്‍ക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ അത് ഓസ്‌കര്‍ ചരിത്രത്തിലെ തന്നെ അപൂര്‍വസംഭവമായി. മരണാനന്തരം ഓസ്‌കര്‍ നേടുന്ന രണ്ടാമത്തെ നടനാവുകയാണ് ഇതോടെ ഹീത്ത്. 1976-ല്‍ നെറ്റ്‌വര്‍ക്ക് എന്ന സിനിമയിലെ പ്രകടനത്തിന് പീറ്റര്‍ ഫിഞ്ചിനാണ് മരണശേഷം ഓസ്‌കര്‍ ലഭിച്ചത്.
ദ ഡാര്‍ക് നൈറ്റ് റിലീസാവുന്നതിന് അഞ്ച് മാസം മുമ്പാണ് ന്യൂയോര്‍ക്കിലെ താമസസ്ഥലത്ത് ഹീത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അധിക അളവില്‍ മരുന്നുകഴിച്ചതാണ് 28-കാരനായ ഹീത്തിന്റെ ജീവനെടുത്തത്.
ഹീത്തിന്റെ അച്ഛനും സഹോദരിമാരുമാണ് ഓസ്‌കര്‍ വേദിയിലെത്തി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഹീത്തിന്റെ മൂന്നുവയസ്സുകാരിയായ മകള്‍ മാറ്റില്‍ഡക്ക് 18 വയസ്സ് പൂര്‍ത്തിയാവുന്നതോടെ പുരസ്‌കാരം അവര്‍ക്ക് കൈമാറും.
'ദ ഡാര്‍ക്ക് നൈറ്റി'ലെ പ്രകടനത്തിന് ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്റ്റ, ആക്ടേഴ്‌സ് ഗില്‍ഡ് പുരസ്‌കാരങ്ങളും ഹീത്തിനു ലഭിച്ചിട്ടുണ്ട്.




