
ഗീതാദര്‍ശനം - 155
Posted on: 23 Feb 2009
സി. രാധാകൃഷ്ണന്‍
കര്‍മസംന്യാസയോഗം
സര്‍വകര്‍മാണി മനസാ
സന്ന്യസ്യാസേ്ത സുഖം വശീ
നവദ്വാരേ പുരേ ദേഹീ
നൈവ കുര്‍വന്‍ ന കാരയന്‍
സര്‍വ കര്‍മങ്ങളെയും മനസ്സുകൊണ്ട് സന്ന്യസിച്ചിട്ട് (അവയുമായുള്ള സംഗം ഒഴിവാക്കിയിട്ട്) ഇന്ദ്രിയങ്ങളെ വശത്താക്കിയവന്‍ സുഖിമാനായി ഇരിക്കുന്നു. (അപ്പോള്‍) അവന്‍ ഒമ്പതു ദ്വാരങ്ങളോടുകൂടിയ പട്ടണത്തില്‍ (ശരീരത്തില്‍) ഒന്നുമേ ചെയ്യാതെയും ചെയ്യിക്കാതെയും കുടികൊള്ളുന്ന പരമാത്മാവുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു.
ഒമ്പതു കവാടങ്ങളുള്ള പട്ടണംപോലെയാണ് സ്ഥൂലശരീരം. ശരിയായ വിവേചനം ഇല്ലാതിരുന്നാല്‍ ഈ വാതിലുകളിലൂടെയുള്ള പോക്കുവരവുകള്‍ തിക്കിത്തിരക്കും സംഘര്‍ഷവും അശാന്തിയും ഉളവാക്കുന്നു. പക്ഷേ, ആത്മനിയന്ത്രണം കൈവന്നവന്‍, ഈ വാതിലുകളിലൂടെ സുഖാനുഭവങ്ങളെ പ്രവേശിപ്പിക്കാന്‍ ബദ്ധപ്പെടുകയോ ദുഃഖാനുഭൂതികളെ പുറന്തള്ളാന്‍ ആഞ്ഞുപിടിക്കുകയോ ചെയ്യുന്നില്ല. പിന്നെയോ, ഈ വക എല്ലാ പോക്കുവരവുകളോടും ഇടപാടുകളോടും നിസ്സംഗനായി സുഖമായി ഇരിക്കുന്നു. അപ്പോള്‍ (ഈ പട്ടണത്തില്‍) അവന്‍ (പരമാത്മസമാനം) യഥാര്‍ഥത്തില്‍ ഒന്നും ചെയ്യുന്നില്ല, ചെയ്യിക്കുന്നുമില്ല.
ഇവിടെ രണ്ട് സംശയങ്ങള്‍ ഉദിക്കാം. ജീവന്‍തന്നെയാണ് ബ്രഹ്മമെങ്കില്‍ ഓരോ ശരീരത്തിലും ഓരോ ദേഹി ഇരിക്കുന്നുവെന്ന് എങ്ങനെ പറയും? പറയാം. കാരണം, ജീവന്‍ എന്നത് അക്ഷരാതീതത്തിന്റെ (പ്രപഞ്ചജീവന്റെ) അനുരണനമായി അക്ഷരബ്രഹ്മത്തില്‍ നിലനില്‍ക്കുന്ന രൂപനിര്‍മാണക്ഷേത്രമാണ്. ഓരോ ശരീരക്ഷേത്രത്തിലും അത് വേറെവേറെ എന്നപോലെ ഇരിക്കുന്നു. യോഗയുക്തനിലും ഉടല്‍ വീഴുവോളം ഇത് ശരിയാണ്.
ജിതേന്ദ്രിയന്‍ തീര്‍ത്തും അനാസക്തനായതിനാല്‍ ശരീരപുരത്തിനകത്ത് അരാജകത്വം പുലരില്ലേ എന്നതാണ് രണ്ടാമത്തെ സംശയം. ഇല്ല, കാരണം, ഇങ്ങനെയാകുമ്പോള്‍ ആ ശരീരം ഈശ്വരന്റെ ഉപകരണം മാത്രമായിത്തീരുന്നു. എന്തുകൊണ്ടെന്നാല്‍ യജ്ഞഭാവേന കര്‍മം പരിശീലിച്ച ഇന്ദ്രിയമനോബുദ്ധികള്‍ അപ്പോഴേക്കും പരമാത്മാവിന്റെ ഹിതമൊന്നിനുമാത്രം അനുസരിച്ച് നീങ്ങുന്നവയാകുന്നു. ഫലേച്ഛയുടെ ഇടപെടല്‍ വരുമ്പോഴാണ്, അത് ഇല്ലാതാകുമ്പോഴല്ല, വാസ്തവത്തില്‍ അരാജകത്വം മുള പൊട്ടുന്നത്.
ഇത്രയും പറയുമ്പോള്‍ കാതലായ മറ്റൊരു സംശയം വരുന്നു-എങ്കില്‍, ഈശ്വരേച്ഛ എന്നു പറയുന്നത് എന്താണ്? അങ്ങനെ ഒന്നുണ്ടോ?
(തുടരും)





