githadharsanam

ഗീതാദര്‍ശനം - 154

Posted on: 22 Feb 2009


യുക്തഃ കര്‍മഫലം ത്യക്ത്വാ
ശാന്തിമാപ്‌നോതി നൈഷ്ഠികീം
അയുക്തഃ കാമകാരേണ
ഫലേ സക്തോ നിബദ്ധ്യതേ

യോഗയുക്തന്‍ (പരമാത്മസാരൂപ്യം കൈവരിച്ചവന്‍) നിഷ്ഠയോടെ കര്‍മഫലം കൈവെടിഞ്ഞ് പരമശാന്തിയെ പ്രാപിക്കുന്നു. (എന്നാല്‍) യോഗനിഷ്ഠയില്ലാത്തവന്‍ കാമം ഹേതുവായി ഫലത്തില്‍ ആസക്തിയോടെ (കര്‍മം ചെയ്ത്) ബന്ധനത്തില്‍ അകപ്പെടുന്നു.
ശാന്തിയിലേക്കുള്ള മാര്‍ഗമാണ് ഈ ശ്ലോകത്തിലൂടെ വെളിപ്പെടുന്നത്. വിലയ്ക്കുവാങ്ങിയോ തട്ടിപ്പറിച്ചോ നേടാവുന്നതല്ല അത്. അതിനെ പ്രത്യയശാസ്ത്രങ്ങളിലൂടെയോ സാമ്പത്തികസംവിധാനങ്ങളിലൂടെയോ കെട്ടിപ്പടുക്കാനുമാവില്ല. കര്‍ത്തൃത്വാഹങ്കാരവും തന്മൂലം ഫലത്തിലുണ്ടാവുന്ന ഉത്കണ്ഠയും ഉപേക്ഷിച്ച് യജ്ഞഭാവനയോടെ പ്രവര്‍ത്തിച്ചാല്‍ വ്യക്തിക്കും സമൂഹത്തിനും ശാന്തി കിട്ടും. (യജ്ഞഭാവനയ്ക്ക് കടകവിരുദ്ധമാണ് മറ്റുള്ളവരേക്കാള്‍ ലാഭം എന്ന ആശയം. ഈശാവാസ്യത്തിലെ 'ഈ ധനം ആരുടെയാണ്' എന്ന ചോദ്യം ഓര്‍ക്കുക) സുസ്ഥിതി കൈവരണമെങ്കില്‍ ആധുനിക ലോകത്തിന്റെ കാഴ്ചപ്പാടിലെ ഊടും പാവും ആകെ മാറേണ്ടിയിരിക്കുന്നു എന്നുതന്നെയാണ് സാരം.
മറുവശംകൂടി പറഞ്ഞ് ചിത്രം പൂര്‍ത്തിയാക്കുന്നു. യജ്ഞഭാവന ഇല്ലാതിരുന്നാല്‍ ആഗ്രഹങ്ങള്‍ക്കടിപ്പെട്ട് ഫലേച്ഛയാല്‍ ബന്ധിതരായി ആജീവനാന്ത നരകത്തില്‍ കുടുങ്ങുന്നു. കാമ്യകര്‍മഫലങ്ങളായ ഇഷ്ടാനുഭവങ്ങളുടെയും കഷ്ടാനുഭവങ്ങളുടെയും നീക്കി ബാക്കികളായി രൂപ നിര്‍മാണക്ഷേത്രത്തില്‍ പുതിയ വാസനകള്‍ കുടിയേറുന്നു. ചുറ്റും നോക്കുക. നമ്മുടെ ഈ ലോകം അശാന്തിയുടെ വിളഭൂമി ആയിപ്പോയില്ലേ? ഒന്നുമില്ലാത്തവരുടെ ദാരിദ്ര്യത്തിന് ആഴവും പരപ്പും വര്‍ധിപ്പിച്ചുകൊണ്ട് അനുദിനം വളരുകയാണല്ലോ. ഉള്ളവരുടെ (മാനസിക) ദാരിദ്ര്യം ആര്‍ക്കുണ്ട്. അല്പമെങ്കിലും സമാധാനവും ശാന്തിയും? എല്ലാവര്‍ക്കും എല്ലാം ഉണ്ടാവുകയാണ് എനിക്കുമുണ്ടാകാനുള്ള സുരക്ഷിതമായ തീര്‍ച്ചവഴി എന്ന നേരുപോലും വേണ്ടത്ര തിരിച്ചറിയപ്പെടുന്നില്ല!
(തുടരും)



MathrubhumiMatrimonial