githadharsanam

ഗീതാദര്‍ശനം - 153

Posted on: 21 Feb 2009

സി. രാധാകൃഷ്ണന്‍



കര്‍മ സംന്യാസയോഗം


കായേന മനസാ ബുദ്ധ്യാ
കേവലൈരിന്ദ്രിയൈരഭി
യോഗിന കര്‍മ കുര്‍വന്തി
സംഗം ത്യക്ത്വാ fത്മശുദ്ധയേ
കര്‍മയോഗികള്‍ ഫലേച്ഛ ഉപേക്ഷിച്ച് ആത്മശുദ്ധിക്കായി കേവലമായ (കര്‍മാഭിനിവേശമില്ലാത്ത) ദേഹംകൊണ്ടും മനസ്സുകൊണ്ടും ഇന്ദ്രിയങ്ങളെക്കൊണ്ടും കര്‍മം ചെയ്യുന്നു.
(ഇവിടെ ആത്മശുദ്ധി എന്നതിന് അന്തഃകരണശുദ്ധി എന്ന അര്‍ഥമേ കല്പിക്കാവൂവെന്ന് ആചാര്യസ്വാമികള്‍ നിഷ്‌കര്‍ഷിക്കുന്നു)
ബാഹ്യലക്ഷണങ്ങള്‍കൊണ്ട് കര്‍മയോഗിയെ തിരിച്ചറിയാനാവില്ല. അയാള്‍ ശരീരം, മനസ്സ്, ബുദ്ധി എന്നിവകൊണ്ടും ഇന്ദ്രിയങ്ങളെക്കൊണ്ടും (ലോകസാധാരണമായ രീതിയില്‍) ജോലികള്‍ ചെയ്തുകൊണ്ടിരിക്കും. ആ ചെയ്തിയില്‍ അഹംബുദ്ധി ഇല്ലയെന്ന വ്യത്യാസം പുറമേനിന്ന് നോക്കിയാല്‍ അറിയാനാവില്ലല്ലോ. തന്റെ ചെയ്തികളോട് അയാള്‍ക്കുള്ള മനോഭാവം സാക്ഷിത്വം മാത്രമാണ്. അകത്തെ 'നിരീക്ഷകനെ പ്രകാശിപ്പിക്കുന്ന അവബോധമാണ് ആത്മാവ്' എന്നാണ് ഉപനിഷത്ത് പറയുന്നത്. അതിനാല്‍, ഇത്തരം ഓരോ ചെയ്തിയും (നിരീക്ഷകനില്‍ കൂടുതല്‍ പ്രകാശത്തിന് വകയാകുന്നതിനാല്‍) ആത്മശുദ്ധിക്ക് മാറ്റുകൂട്ടുന്നു.
ഈ സ്ഥിതിയില്‍ എത്താനുള്ള വഴിയും ഇതുതന്നെയാണ്. അതുകൊണ്ടാണ് കര്‍മസന്ന്യാസത്തെക്കാള്‍ കര്‍മയോഗമാണ് എളുപ്പമെന്ന് ആറാം ശ്ലോകത്തില്‍ പറയുന്നത്.
(തുടരും)



MathrubhumiMatrimonial