
ഗീതാദര്‍ശനം - 152
Posted on: 20 Feb 2009
സി. രാധാകൃഷ്ണന്‍
കര്‍മസംന്യാസയോഗം
ബ്രഹ്മണ്യാധായ കര്‍മാണി
സംഗം ത്യക്ത്വാ കരോതി യഃ
ലിപ്യതേ ന സ പാപേന
പത്മപത്രമിവാംഭസാ
കര്‍മങ്ങളെ യാതൊരുവന്‍ പരമാത്മാവില്‍ സമര്‍പ്പിച്ച് ഫലേച്ഛ ഉപേക്ഷിച്ച് ചെയ്യുന്നുവോ അവനില്‍, താമരയില്‍ (അതിനെ നനയ്ക്കാത്ത) വെള്ളം എന്നപോലെ (കര്‍മഫലമായ) പാപം ഒട്ടുന്നില്ല.
യാതൊന്നിനോടും സംഗമില്ലാതെ മനസ്സിനെ നിര്‍ത്താന്‍ വലിയ പരിശ്രമം ആവശ്യമായേക്കാം. അസത്തുമായുള്ള വേഴ്ചയില്‍നിന്നു മോചനം കിട്ടാന്‍ സത്തുമായി സംഗം സ്ഥാപിക്കുകയാണ് കൂടുതല്‍ എളുപ്പം. മനസ്സിനെ പരമാത്മാവില്‍ സമര്‍പ്പിക്കുക. ഏതൊരാള്‍ക്കും പരിശീലിക്കാവുന്ന മുറയാണ് ഇത്. അര്‍പ്പിതമായ മനസ്സ് എന്ന കണ്ണാടിയില്‍നിന്ന് അഹംബുദ്ധിയുടെ അഴുക്കു താനേ നീങ്ങും. അപ്പോള്‍ സ്വത്വത്തിന്റെ തനിരൂപം കാണാം. പിന്നെ വെള്ളത്തില്‍ താമരയില 'നനയാതെ' നില്‍ക്കുന്നതുപോലെ ഈ ലോകത്തില്‍ പരമസുഖമായി കഴിയാം. വെള്ളത്തിലാണ് താമരയില വിടരുന്നത്, വെള്ളത്തിലാണ് കഴിയുന്നത്, വെള്ളത്തില്‍നിന്നാണ് പോഷകം നേടുന്നത്. വെള്ളത്തിലാണ് വിലയിക്കുന്നത്- പക്ഷേ, ജലനിരപ്പ് എത്ര ഉയര്‍ന്നാലും താണാലും മുകള്‍പ്പരപ്പില്‍ത്തന്നെ ഇരിക്കുമെന്നു മാത്രമല്ല, ഒരിക്കലും അത് വെള്ളത്താല്‍ നനയുന്നുമില്ല.
പാപം എന്നതിന്റെ വിശാലമായ അര്‍ഥംകൂടി ഈ പദ്യം നല്‍കുന്നുണ്ട്. ദ്വന്ദ്വബോധത്തോടെ ('ഞാന്‍', 'എനിക്ക്' എന്നിങ്ങനെയുള്ള ബുദ്ധിയോടെ) ചെയ്യുന്ന കര്‍മം പാപമാകുന്നു. എന്തുകൊണ്ടെന്നാല്‍ ജീവന്‍ എന്ന രൂപനിര്‍മാണക്ഷേത്രത്തില്‍ അതിനു പൂവും തളിരും ശാഖകളും ഉണ്ടാകുന്നു. (വേരുകള്‍ പുറത്തേക്കും ശാഖകള്‍ ഉള്ളിലേക്കുമായി സ്ഥിതി ചെയ്യുന്ന സംസാരവൃക്ഷത്തെ പിന്നീട് ചര്‍ച്ചാവിഷയമാക്കുന്നുണ്ട്). ജീവന് അക്ഷരബ്രഹ്മമെന്ന മാധ്യമവുമായുള്ള കെട്ടുപാടിന് ഇത് ആക്കം കൂട്ടുന്നു. പരമാത്മാവില്‍ ലയിക്കുന്നതിന് അത്രയും തടസ്സക്കൂടുതല്‍ ഉണ്ടാവുന്നു. അങ്ങനെ വരാനിടയാക്കുന്ന എന്തും ബ്രഹ്മവിദ്യയുടെ വെളിച്ചത്തില്‍ 'പാപ'മാണ്.
(തുടരും)





