
കാലാവസ്ഥാ വ്യതിയാനം: ക്യോട്ടോ ഉടമ്പടിയുടെ ആയുസ്സ് നീട്ടി
Posted on: 09 Dec 2012
ദോഹ: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതുസംബന്ധിച്ച ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2020 വരെ നീട്ടാന്‍ ധാരണയായി. ഖത്തറിലെ ദോഹയില്‍ നടന്ന രാജ്യാന്തരചര്‍ച്ചയിലാണ് തീരുമാനമായത്. ക്യോട്ടോ ഉടമ്പടിയുടെ കാലാവധി ഈ വര്‍ഷാവസാനത്തോടെ തീരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.കാലാവസ്ഥാവ്യതിയാനത്തിനിടയാക്കുന്ന കാര്‍ബണ്‍ ഡയോകൈ്‌സഡ് ഉള്‍പ്പെടെയുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് കുറയ്ക്കാന്‍ സമ്പന്നരാഷ്ട്രങ്ങളെ നിയമപരമായി ബാധ്യസ്ഥമാക്കുന്ന ഉടമ്പടി 1997-ല്‍ ജപ്പാനിലെ ക്യോട്ടോയിലാണ് ഒപ്പുവെച്ചത്.
ഹരിതഗൃഹവാതകബഹിര്‍ഗമനം കുറയ്ക്കാന്‍ എല്ലാ രാഷ്ട്രങ്ങളെയും നിയമപരമായി ബാധ്യസ്ഥമാക്കുംവിധത്തില്‍ പുതിയ അന്താരാഷ്ട്രകരാര്‍ 2020-ഓടെ നടപ്പിലാക്കാന്‍ കഴിഞ്ഞവര്‍ഷം ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന കാലാവസ്ഥാസമ്മേളനത്തില്‍ തീരുമാനമായിരുന്നു. പുതിയ കരാര്‍ യാഥാര്‍ഥ്യമാവുന്നതുവരേക്ക് ക്യോട്ടോ ഉടമ്പടിയുടെ കാലാവധി നീട്ടാന്‍ അന്ന് ധാരണയായിരുന്നെങ്കിലും അക്കാര്യത്തിലുള്ള അന്തിമതീരുമാനം നീട്ടിവെക്കുകയാണുണ്ടായത്.
ഹരിതഗൃഹവാതകബഹിര്‍ഗമനം കുറയ്ക്കാന്‍ തങ്ങളെ മാത്രം ബാധ്യസ്ഥമാക്കുന്ന ഏര്‍പ്പാട് ഇനി ഏറെനാള്‍ തുടരാനാവില്ലെന്ന വികസിതരാജ്യങ്ങളുടെ നിലപാട് അംഗീകരിച്ചുകൊണ്ടാണ് 2020-ഓടെ പുതിയ കാലാവസ്ഥാ കരാറുണ്ടാക്കാന്‍ ഡര്‍ബന്‍സമ്മേളനം തീരുമാനമെടുത്തത്.
ന്യൂസ് സ്‌പെഷ്യല്‍ -




